ആദ്യം വിവാഹം, പിന്നെ തിരുപ്പട്ടം…

ആദ്യം വിവാഹം, പിന്നെ തിരുപ്പട്ടം…

തിരുവനന്തപുരം: നാളെ രാവിലെ 9.30 ന് വട്ടിയൂര്‍ക്കാവ് സെന്റ് ഫ്രാന്‍സിസ് ഡി സാലസ് പള്ളിയില്‍ അതിവിശിഷ്ടമായ ഒരു കര്‍മ്മം നടക്കും. കേരളകത്തോലിക്കാ സഭയുടെ ചരിത്രത്തിന്റെ പടിവാതിലിലേക്കാണ് കുട്ടനാട്ടുകാരന്‍ ജോസ് നാളെ നടന്നുകയറുന്നത്. കുടുംബജീവിതത്തില്‍ നിന്നും പൗരോഹിത്യത്തിലേക്ക് ജോസ് തോട്ടുകടവില്‍ എന്ന എഴുപത്തിയൊന്നുകാരന്‍ നാളെ പ്രവേശിക്കും.

കുഞ്ഞുനാള്‍ മുതലേ കുട്ടനാട്ടിലെ പാടവരമ്പിലൂടെ നടക്കുമ്പോള്‍ ജോസിനുള്ള ആഗ്രഹമായിരുന്നു ഒരു വൈദികനാകണമെന്നത്. എന്നാല്‍ ആദ്യം ദൈവം കരുതി വെച്ചിരുന്നത് മറ്റൊന്നായിരുന്നു. അങ്ങനെ നല്ലൊരു കുടുംബനാഥനായി. 18 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭാര്യ ലില്ലി മരിക്കുന്നത്. ലില്ലിയുടെ മരണശേഷം ജോസ് വീണ്ടും ദൈവവിളിയെക്കുറിച്ചു ചിന്തിച്ചു തുടങ്ങി. എന്നാല്‍ സമയം അനുകൂലമായിരുന്നില്ല. മക്കള്‍ രണ്ടു പേരും വിദ്യാര്‍ത്ഥികള്‍… അവരുടെ ജീവിതം കരക്കടുപ്പിക്കുന്നതു വരെ തന്റെ ആഗ്രഹത്തെ ജോസ് മനസ്സിലിട്ടു താലോലിച്ചു. ജപമാലയും പ്രാര്‍ത്ഥനയുമൊക്കെയായി ജീവിതം മുന്നോട്ടു കൊണ്ടു പോയി.

ഇതിനിടെ മക്കള്‍ രണ്ടു പേരും പഠിച്ച് ഉയര്‍ന്ന ജോലി കരസ്ഥമാക്കി. മൂത്ത മകന്‍ ലൈജോ കനേഡിയന്‍ പൗരത്വം നേടുകയും ഇളയ മകന്‍ ജോബി അയര്‍ലന്റില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. അതോടെ ജോസ് വീട്ടില്‍ തനിച്ചായി. എത്രയും വേഗം സന്യാസത്തിന്റെ വഴിയേ തിരിരിയാന്‍ സമയമായെന്നു തിരിച്ചറിഞ്ഞ ജോസ് മക്കളുടെ മുന്നില്‍ മനസ്സു തുറന്നു. ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും അപ്പന്റെ ആഗ്രഹത്തിന് അവര്‍ക്ക് സമ്മതം മൂളേണ്ടി വന്നു. അങ്ങനെ 74-ാം വയസ്സില്‍ ജോസ് എംഎസ്എഫ്എസ് സന്യാസസഭയില്‍ ചേര്‍ന്ന് സെമിനാരി പഠനം തുടങ്ങി. ദൈവശാസ്ത്രവും തത്വശാസ്ത്രവുമൊക്കെ ഏറെ ഉത്സാഹത്തോടെ തന്നെ പഠിച്ചു.

ജോസിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനു സാക്ഷികളാകാന്‍ മക്കളും കൊച്ചുമക്കളുമൊക്കെ വിദേശത്തു നിന്നും എത്തിക്കഴിഞ്ഞു. കുട്ടനാട്ടിലെ കാവലത്തു നിന്നും വട്ടിയൂര്‍ക്കാവിലേക്ക് നാട്ടുകാരുമെത്തും. കന്യാസ്ത്രിയായ സഹോദരി സില്‍വി മേരിയും ഈ അപൂര്‍വ്വ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനെത്തും.

ജോസ് തോട്ടുകടവിലിന്റെ മുന്‍ഗാമിയും ഒരു കുട്ടനാട്ടുകാരനാണ്. കുട്ടനാട്ടിലെ ചേന്നങ്കരിയില്‍ നിന്നും കുടുംബജിവിതമുപേക്ഷിച്ച് എഴുപതാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ച ഫാ.ചാക്കോ കാഞ്ഞുപറമ്പിലാണ്  മാര്‍പാപ്പയുടെ പ്രത്യേക അനുമതിയോടെ കേരള കത്തോലിക്കാ സഭയില്‍ ഇത്തരത്തില്‍ ആദ്യമായി വൈദികനായത്.

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login