ആദ്യ വാഴ്ത്തപ്പെട്ട ദമ്പതികളുടെ കഥ

ആദ്യ വാഴ്ത്തപ്പെട്ട ദമ്പതികളുടെ കഥ

Luigi_Beltrame_Quattrocchi_and_Maria_Corsinസ്വന്തം ദൈവവിളി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അവര്‍ക്കത്. പരസ്പരം കണ്ടുമുട്ടും നിമിഷം വരേയ്ക്കും തങ്ങളുടെ ദൈവവിളി എന്താണെന്ന് അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. പക്ഷേ ആ കണ്ടുമുട്ടല്‍ അവര്‍ക്ക് ഒരു ബോധ്യം നല്കി.. കണ്ടുമുട്ടിയത് തന്നെ ഒരുമിച്ച് ജീവിക്കാനാണ്.. ഇനി കൈകള്‍ കോര്‍ത്ത്് ഒരുമിച്ച് മുന്നോട്ട് നടന്നുപോകാം..

ലൂജി ബെല്‍ട്രെയിം കത്തറോച്ചിയുടെയും മരിയ കോര്‍സിനിയുടെയും നാല്പത്തിയാറ് വര്‍ഷം നീണ്ടുനിന്ന ദാമ്പത്യബന്ധത്തിന്റെ കഥ അവിടെ തുടങ്ങുകയായിരുന്നു. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ആദ്യമായി വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഒരുമിച്ച് ഉയര്‍ത്തപ്പെട്ട ദമ്പതികളാണ് ലൂജിയും മരിയയും.

1880 ജനുവരി 12 ന് ആയിരുന്നു ലൂജിയുടെ ജനനം. ലൂയിയുടെ അങ്കിളിന് കുഞ്ഞുങ്ങളില്ലായിരുന്നു. അതിനാല്‍ ലൂയിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെ അവരുടെ മകനെപോലെയാണ് അവന്‍ വളര്‍ന്നുവന്നത്. നിയമത്തില്‍ ബിരുദം നേടിയ അദ്ദേഹം റവന്യു ഡിപ്പാര്‍ട്ട്‌മെന്റില്‍ ലീഗല്‍ അഡൈ്വസറായി ജോലിയില്‍ പ്രവേശിച്ചു. ഇറ്റലിയിലെ ഹോണററി ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ആയിട്ടാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാസിസ്റ്റ് ശക്തികളുടെ തേര്‍വാഴ്ചക്കാലത്ത് ഇറ്റലിയുടെ രണ്ടാം ജന്മത്തിന് കാരണക്കാരായ പല രാഷ്ട്രീയപ്രവര്‍ത്തകരുടെയും സുഹൃത്തായിരുന്നു ലൂയി.

1884 ജൂണ്‍ 24 ന് ആയിരുന്നു മരിയായുടെ ജനനം. രണ്ടാം ലോകമഹായുദ്ധകാലത്ത് നിരവധിപേര്‍ക്ക് അഭയം കൊടുത്തിരുന്ന കുടുംബമായിരുന്നു മരിയയുടേത്. സംഗീതത്തെ സ്‌നേഹിച്ചിരുന്ന മരിയ ഫ്‌ളോറന്‍സിലെ സാംസ്‌കാരികജീവിതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. വുമന്‍സ് കാത്തലിക് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മരിയ പ്രഫസറും എഴുത്തുകാരിയുമായിരുന്നു.

1905 നവംബര്‍ 25 ന് റോമിലെ സെന്റ് മേരിസ് മേജര്‍ ബസിലിക്കയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് മുമ്പ് വേറിട്ട് നിന്ന് കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അവര്‍ വിവാഹത്തിന് ശേഷം ഒത്തൊരുമിച്ച് സമൂഹത്തിന്റെയും സഭയുടെയും ഉന്നമനത്തിന് വേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമനസ്സോടെ മുഴുകി. റോമിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപനത്തിലും സ്‌കൗട്ട് ഗ്രൂപ്പിന്റെ രൂപീകരണത്തിലും കാത്തലിക് അഡല്‍റ്റ് എഡ്യൂക്കേഷന്‍, വിവാഹ ഒരുക്കം, ധ്യാനം എന്നിങ്ങനെയുള്ള വിവിധ മേഖലകളിലും അവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു.

നാല് മക്കളാണ് ആ ദമ്പതികള്‍ക്ക് പിറന്നത്. അതില്‍ ഫിലിപ്പോയും സീസറും വൈദികരായി. സ്‌റ്റെഫാനിയ കന്യാസ്ത്രീയായി. നാലാമത്തെ സന്താനമായ എന്‍ റിച്ചേറ്റ 2012 ജൂണ്‍ 16 നാണ് മരണമടഞ്ഞത്.

വളരെ സങ്കീര്‍ണ്ണമായ ഗര്‍ഭധാരണമായിരുന്നു നാലാമത്തേത്. അമ്മയുടെ ജീവന്‍ രക്ഷിക്കാനായി കുഞ്ഞിനെ അബോര്‍ട്ട് ചെയ്തുകളയാനാണ് വിദഗ്ധരായ ഗൈനക്കോളജിസ്റ്റുകള്‍ പോലും മരിയയോട് ആവശ്യപ്പെട്ടത്. പക്ഷേ മാനുഷികമായ വിധിതീര്‍പ്പുകള്‍ക്ക് കീഴടങ്ങാന്‍ ആ ദമ്പതികള്‍ തയ്യാറായില്ല. മനുഷ്യന്റെ എല്ലാ ചിന്തകളെയും ആലോചനകളെും മറികടന്നുകൊണ്ട് അവര്‍ ദൈവത്തില്‍ പൂര്‍ണ്ണമായും ആശ്രയിച്ചു.

അതിന്‍ഫലമായി കുഞ്ഞ് ജീവനോടെ പുറത്തുവന്നു. അമ്മയുടെ ജീവനും നഷ്ടമായില്ല. ക്രിസ്തീയമൂല്യങ്ങള്‍ക്കും ജീവനും വേണ്ടി എങ്ങനെ ദമ്പതികള്‍ക്ക് ഒരുമിച്ചുനില്ക്കാം എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ സംഭവം.

പ്രാര്‍ത്ഥന മാത്രമല്ല വിനോദങ്ങളും ആ കുടുംബത്തിന്റെ ഭാഗമായിരുന്നു. മക്കളുമൊത്തുള്ള സവാരികള്‍,വിനോദയാത്രകള്‍ എല്ലാം അവരുടെ ജീവിതത്തിലുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കായി തുറന്നിട്ട വാതിലുകളായിരുന്നു ആ കുടുംബത്തിന്റേത്. ആദ്യവെള്ളിയാഴ്ച അവര്‍ വിശുദ്ധമായി ആചരിച്ചു. സന്ധ്യാനേരങ്ങളില്‍ മക്കളുമൊരുമിച്ച് മുട്ടുകുത്തി കൊന്ത ചൊല്ലി.; പ്രഭാതത്തിലും. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയില്‍ സമൃദ്ധമായിരുന്നു അവരുടെ കുടുംബം.ജാഗരണപ്രാര്‍ത്ഥനകള്‍ അവര്‍ മുടക്കിയിരുന്നുമില്ല.

വ്യക്തിപരമായസന്തോഷങ്ങളിലും മരിയ മുഴുകിയിരുന്നു. കുുടംബത്തിനു വേണ്ടി ജീവിക്കുമ്പോഴും എഴുതാനുള്ള സമയം അവള്‍ കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് എത്യോപ്യയില്‍ റെഡ്‌ക്രോസിന്റെ വോളന്റിയര്‍ നേഴ്‌സായും മരിയ സേവനം ചെയ്തു.

മാതാപിതാക്കളുടെ വിശുദ്ധമായ ജീവിതവും ദൈവഹിതമനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമാണ് മക്കളുടെ ദൈവവിളിയെ നിര്‍ണ്ണായകമാക്കിയത്. വിവാഹം കഴിഞ്ഞതിന്റെ ഇരുപതാം വര്‍ഷത്തില്‍ ആത്മീയപിതാവിന്റെ ഉപദേശമനുസരിച്ച് ഏറ്റവും ബുദ്ധിമുട്ട് പിടിച്ചതും എന്നാല്‍ പരിപൂര്‍ണ്ണവുമായ ഒരു വ്രതം ആ ദമ്പതികള്‍ സ്വീകരിച്ചു. ദമ്പതികളായിരിക്കെ തന്നെ ശാരീരികബന്ധം ഇല്ലാതെ ജീവിക്കുക എന്നതായിരുന്നു അത്. അപ്പോള്‍ ലൂയിക്ക് നാല്പത്തിയാറും മരിയയ്ക്ക് നാല്പത്തിയൊന്നുമായിരുന്നു പ്രായം 1951 ല്‍

ഹൃദ്രോഗബാധയെതുടര്‍ന്നായിരുന്നു ലൂയിയുടെ മരണം. പതിനാല് വര്‍ഷം വിധവയായി ജീവിച്ചതിന് ശേഷം 1965 ഓഗസ്റ്റ് 26 ന് മകളുടെ കൈകളില്‍ കിടന്ന് മരിയ കണ്ണടച്ചു.
കുടുംബജീവിതത്തില്‍ പരസ്പരം എങ്ങനെ സ്‌നേഹിക്കണമെന്നും ആദരിക്കണമെന്നും വ്യക്തമായ സന്ദേശം ലോകത്തിന് നല്കി കൊണ്ടാണ് ആ ദമ്പതികള്‍ നമ്മെ കടന്നുപോയിരിക്കുന്നത്.

1994 നവംബര്‍ 25 ന് മരിയയുടെയും ലൂയിയുടെയും നാമകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. 2001 ഒക്ടോബര്‍ 21 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അവരെ അള്‍ത്താരയിലേക്ക് ഉയര്‍ത്തി. അസാധാരണ വഴികളിലൂടെ സാധാരണജീവിതം നയിച്ച ദമ്പതികളായിരുന്നു ലൂയിയും മരിയയും എന്നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇവരെ വാഴ്ത്തപ്പെട്ടവരാക്കുന്ന ചടങ്ങില്‍ അഭിപ്രായപ്പെട്ടത്. വളരെ സങ്കീര്‍ണ്ണമായ ഒരു കാലത്തില്‍ ജീവിക്കുമ്പോഴും വിശ്വാസജീവിതത്തെ വിശുദ്ധമായി കാത്തുസൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

You must be logged in to post a comment Login