ആന്റണിമാസ്റ്ററെ അറിയുമോ നിങ്ങള്‍?

ആന്റണിമാസ്റ്ററെ അറിയുമോ നിങ്ങള്‍?

ആബേലച്ചന്‍ എഴുതിയ പാട്ടുകളെ മനസ്സാ പ്രതിഷ്ഠിച്ച മലയാള ക്രൈസ്തവലോകം അതിന്റെ പിന്നിലെ ഈണങ്ങളുടെ കര്‍ത്താവിനെ അറിഞ്ഞോ അറിയാതെയോ വിസ്മരിച്ചുകളഞ്ഞു. അല്ലെങ്കില്‍ ഈ പാട്ടുകള്‍ കേട്ടു നോക്കൂ,  പരിശുദ്ധാത്മാവേ നീയെഴുന്നെള്ളീ, ഈശ്വരനെ തേടി ഞാന്‍ അലഞ്ഞു, നട്ടുച്ചനേരത്ത് കിണറിന്റെ തീരത്ത്, ദൈവകുമാരന്‍ കാല്‍വരിക്കുന്നില്‍

എത്ര ഹൃദ്യമെന്നും എത്രയോ ആത്മസ്പര്‍ശിയെന്നും നാം പുകഴത്തുന്ന ഈ പാട്ടുകളുടെ സ്രഷ്ടാവാണ്‌ കെ.കെ ആന്റണി യെന്ന ആന്റണി മാസ്റ്റര്‍. സീറോ മലബാര്‍ ക്രൈസ്തവരുടെ ആരാധനക്രമങ്ങള്‍ സുറിയാനിയില്‍ നിന്നും മലയാളത്തിലേക്ക് മാറ്റിയ വേളയിലാണ് കെകെ ആന്റണി മാസ്റ്ററില്‍ നിന്ന് സീറോ മലബാര്‍ ക്രൈസ്തവര്‍ക്ക് ആത്മാവിന്റെ നിറവുള്ള നൂറുകണക്കിന് ഗാനങ്ങള്‍ ലഭിച്ചത്. ഇന്നും അതിന് പകരം വയ്ക്കാന്‍ പറ്റുന്ന ഈണങ്ങളുള്ള ഭക്തിഗാനങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടില്ല എന്നതും സത്യം.

അല്ലെങ്കില്‍

മനുഷ്യാ നീ മണ്ണാകുന്നു,മണ്ണിലേക്ക് മടങ്ങും നൂനം
അനുതാപ കണ്ണുനീര്‍ വീഴ്ത്തി
പാപപരിഹാരം ചെയ്തുകൊള്‍ക നീ

എന്ന ഗാനം ഗാനം മാത്രം മതി ഈ സംഗീതരാജാവിന്റെ സര്‍ഗ്ഗശക്തിയെ തിരിച്ചറിയാന്‍.

ജീവിതത്തിന്റെ എരിവും പുളിയും ചവര്‍പ്പും ആവോളം അനുഭവിച്ചറിഞ്ഞ ബാല്യമായിരുന്നു തൃശൂര്‍ ജില്ലയിലെ വെളയനാട് നാനംകൂടം കുഞ്ഞുവരീതിന്റെയും മറിയത്തിന്റെയും ആറാമത്തെ മകനായി 1924 ഏപ്രില്‍ 24 ന് ജനിച്ച ആന്റണിയുടേത്. പത്തൊന്‍പതാം വയസില്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാനുള്ള അനിവാര്യതയില്‍ സംഗീതത്തെ ഉള്ളില്‍ കുഴിച്ചുമൂടാതെ സിലോണിലേക്ക് യാത്രയായി. അവിടെ ഹോട്ടലില്‍ പണിയെടുക്കുമ്പോഴും സംഗീതം തിരയിളക്കി വന്നുകൊണ്ടേയിരുന്നു.

കര്‍ണ്ണാടകസംഗീതത്തിന്റെ ബാലപാഠങ്ങള്‍ ചെറുപ്പത്തിലേ ഹൃദിസ്ഥമാക്കിയിരുന്ന ആന്റണി സിലോണില്‍ ഒരു ഗുരുവിനെ കണ്ടെത്തി. മലയാളിയായ എ ആര്‍ കൃഷ്ണഭാഗവതര്‍. അങ്ങനെ പകല്‍ ജോലിയും രാത്രി സംഗീതപഠനവുമായി ജീവിതം മുന്നോട്ടുപോയി. അതിനിടയില്‍ സംഗീതാധ്യാപകനായി ജോലി. തുടര്‍ന്ന് തമിഴ് നാടകഗ്രൂപ്പിന്റെ മ്യൂസിക് ഡയറക്ടര്‍ സ്ഥാനം. 20 വര്‍ഷക്കാലം ആന്റണിമാസ്റ്ററുടടെ സംഗീതകച്ചേരികള്‍ ശ്രീലങ്ക റേഡിയോ സംപ്രേഷണം ചെയ്തു എന്നത് മറ്റൊരു കാര്യം. കര്‍ണ്ണാട്ടിക് സംഗീതാസ്വാദകരുടെ ഹൃദയങ്ങള്‍ ആന്റണി മാസ്റ്റര്‍ കീഴടക്കുകയായിരുന്നു.

1969 ലാണ് ആന്റണി മാസ്റ്റര്‍ കേരളത്തിലേക്ക് തിരിച്ചെത്തിയത്. ആ മടങ്ങിവരവ് ചരിത്രം രചിക്കാനായിരുന്നുവെന്നത് മറ്റൊരു പില്ക്കാലചരിത്രം. കര്‍മ്മലീത്ത സന്യാസസമൂഹത്തിന്റെ എറണാകുളത്തുള്ള പ്രിയോര്‍ ജനറാല്‍ ഹൗസില്‍വച്ചുളള ആന്റണി മാസ്റ്ററും ഫാ. ആബേല്‍ സിഎംഐയും തമ്മിലുള്ള കണ്ടുമുട്ടലാണ് ചരിത്രമായത്. അതിന് അവസരമൊരുക്കിയതാകട്ടെ ഫാ. കനീഷ്യസ് സിഎംഐയും. ആ രണ്ടുപേര്‍ക്കിടയിലേക്ക് കടന്നുവന്ന മൂന്നാമന്‍ കെ. ജെ യേശുദാസ് എന്ന ഗായകനായിരുന്നു. ക്രിസ്ത്യന്‍ ആര്‍ടസ് ക്ലബിന് രൂപം കൊടുക്കുക എന്ന സ്വപ്‌നം ആ കൂട്ടായ്മയില്‍ ഉടലെടുത്തു. എറണാകുളം അതിരൂപത മെത്രാപ്പോലീത്തയായിരുന്ന കര്‍ദിനാള്‍ ജോസഫ്പാറേക്കാട്ടിലിന്റെ ആശീര്‍വാദവും ആ ക്ലബിനുണ്ടായി.അങ്ങനെയാണ് ഇന്നത്തെ പ്രശസ്തമായ കലാഭവന്‍ ജന്മമെടുത്തത്.

ഈ മൂവര്‍സംഘത്തില്‍ നിന്ന് പിറവിയെടുത്ത ശോശന്നപ്പൂക്കള്‍ എന്ന കാസറ്റ് എക്കാലത്തെയും സൂപ്പര്‍ഹിറ്റായിരുന്നു. പരിശുദ്ധാത്മാവേ നീയെഴുന്നെള്ളി, ഭാരതംകതിരുകണ്ടു, രാജാവെഴുന്നെള്ളുന്നു തുടങ്ങിയ അനശ്വരഗാനങ്ങള്‍ ഈ കാസറ്റിലേതായിരുന്നു. ഇതുപോലെ തന്നെ പ്രശസ്തമാണ് ആഴത്തില്‍ നിന്ന് ഞാന്‍ കേഴുന്നു, ദൈവമേ എന്നില്‍ കനിയണമേ കര്‍ത്താവാം മിശിഹാതന്‍ കാരുണ്യവും, കരുണാനിധിയാം കര്‍ത്താവേ, സര്‍വ്വാധിപനാം കര്‍ത്താവേ, ആദിയിലഖിലേശന്‍ നരനെ സൃഷ്ടിച്ചു, പുതിയ കുടുംബത്തിന്‍ കതിരുകള്‍ ഉയരുന്നു , സുവിശേഷവെളിച്ചത്താല്‍, വിണ്ണില്‍ നിന്നും സമാഗതമായൊരു  എന്നിങ്ങനെ മരിച്ചവരുടെ കുര്‍ബാന, കാനോനനമസ്‌കാരം, വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ ഇന്നും ആലപിക്കുന്ന ഒട്ടുമിക്ക ഗാനങ്ങളുടെ ഈണം ആന്റണി മാസ്റ്ററുടേതാണ്.

കൂടാതെ ജോണ്‍ പോള്‍രണ്ടാമന്‍ മാര്‍പാപ്പയുടെ കേരളസന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇറക്കിയ സ്വാഗതം കാസറ്റിലെ മുഴുവന്‍ പാട്ടുകളുടെയും സംഗീതം മാസ്റ്ററുടേതായിരുന്നു. കത്തോലിക്കാസഭയുടെ മതപഠനത്തിനായി നിര്‍മ്മിച്ച 60 ഗാനങ്ങള്‍, മലയാളത്തിലെ ആദ്യ കുര്‍ബാനക്രമത്തിലെ ഗാനങ്ങള്‍ എന്നിവയും ആന്റണി മാസ്റ്ററുടെ സംഭാവനയാണ്. ഏതാനും ചലച്ചിത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ഈണം നല്കിയിട്ടുണ്ട്.

ഗാനങ്ങളിലെ ശുദ്ധതയും വെണ്മയും വ്യക്തിജീവിതത്തിലും അദ്ദേഹം പ്രസരിപ്പിച്ചിരുന്നു. ആറടി ഉയരവും ആജ്ഞാശക്തിയുള്ള സാന്നിധ്യവുമായിരുന്നു അദ്ദേഹത്തിന്റെ ഒരു പ്രത്യേകത. എല്ലായ്‌പ്പോഴും വെള്ള വസ്ത്രമാണ് അണിഞ്ഞിരുന്നത്. കോട്ടണ്‍ മുണ്ടും ജുബയുമായിരുന്നു സ്ഥിരം വേഷം. 1987 മാര്‍ച്ച് 16ന് ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് പെട്ടെന്നായിരുന്നു മരണം. ഭാര്യലില്ലി. മൂന്ന് മക്കളാണ് ഇദ്ദേഹത്തിനുള്ളത്.

പ്രതിഭാശാലിയായ ആന്റണി മാസ്റ്ററെ സഭയോ സമൂഹമോ അര്‍ഹിക്കുന്ന വിധത്തില്‍ ആദരിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല. എന്തിനും ഏതിനും അവാര്‍ഡുകള്‍ നല്കുന്ന ഇന്നത്തെ കാലത്ത് അദ്ദേഹത്തിന് ആകെയൊരു അവാര്‍ഡേ ലഭിച്ചിട്ടുള്ളൂ. 1982 ല്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ നല്കിയ അവാര്‍ഡ്. എന്നാല്‍  അവാര്‍ഡുകളുടെ  തിളക്കത്തിനും അപ്പുറമാണ് ക്രൈസ്തവലോകത്തിന് ആന്റണി മാസ്റ്റര്‍ നല്കിയ സംഭാവന. എത്രയോ കാലങ്ങള്‍ക്കിപ്പുറവും ആ ഗാനങ്ങള്‍ ഇന്നും നമ്മുടെ മനസ്സുകളില്‍ അടയാളങ്ങള്‍ പതിപ്പിച്ചുകൊണ്ട് വീണുകിടപ്പുണ്ട്. അതുതന്നെയാണ് ആന്റണിമാസ്റ്റര്‍ക്കുള്ള അംഗീകാരവും.

You must be logged in to post a comment Login