ആബേലിന്റെ ബലിയും.. എന്റെ ബലിയും

ആബേലിന്റെ ബലിയും.. എന്റെ ബലിയും

abelഅനുദിനവും, കുറഞ്ഞത് ഞായറാഴ്ചകളില്‍ എങ്കിലും ബലി അര്‍പ്പിച്ചവരും, അര്‍പ്പിക്കുന്നവരുമാണ് നമ്മള്‍. നമ്മള്‍ അര്‍പ്പിച്ച ബലികളൊക്കെ ദൈവ സന്നിധിയില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടോ? ഒരിക്കലെങ്കിലും അതിനെപ്പറ്റി നാം ചിന്തിച്ചിട്ടുണ്ടോ? എന്റെ ബലി പിതാവാം ദൈവത്തിന് എത്രത്തോളം പ്രീതികരമായിരുന്നു. ഞാന്‍ അര്‍പ്പിച്ച ബലികളിലും ബലി വസ്തുവിലും അവിടുന്ന് പ്രസാദിച്ചുവോ? എങ്ങിനെ അറിയാന്‍ സാധിക്കും?

ഏറ്റവും ആദ്യത്തെ ബലി അര്‍പ്പണത്തെപ്പറ്റി ഉല്‍പ്പത്തി പുസ്തകത്തില്‍ പറയുന്നു. കായേന്‍ തന്റെ വിളവിന്റെ ഒരു ഭാഗം സമര്‍പ്പിച്ചു. ആബേല്‍ തന്റെ ആട്ടിന്‍ കൂട്ടത്തില്‍ കടിഞ്ഞൂലുകളെ എടുത്ത്, അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ സമര്‍പ്പിച്ചു. ആബേലിലും അവന്റെ കാഴ്ച വസ്തുക്കളിലും അവിടുന്ന് പ്രസാദിച്ചു. എന്നാല്‍ കായേനിലും അവന്റെ കാഴ്ചവസ്തുക്കളിലും അവിടുന്ന് പ്രസാദിച്ചില്ല. ഇവിടെ എടുത്തു പറയേണ്ട ഭാഗം ‘ആബേലിലും’ അവന്റെ ബലിവസ്തുവിലും കായേനിലും അവന്റെ ബലിവസ്തുവിലും. ബലി അര്‍പ്പണത്തില്‍ അര്‍പ്പിക്കുന്ന വസ്തുവില്‍ മാത്രമല്ല നമ്മിലും ആണ് ദൈവം സംപ്രീതനാകേണ്ടത്. ബലി സ്വീകരിക്കപ്പെടണമെങ്കില്‍ നമ്മുടെ മനോഭാവം എങ്ങിനെ ആയിരിക്കണമെന്ന് വി. മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നീ ബലിപീഠത്തില്‍ കാഴ്ച അര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെ വച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുന്‍പില്‍ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക. പിന്നെ വന്നു കാഴ്ച അര്‍പ്പിക്കുക. (മത്തായി 5:23-24) ദൈവം ബലി അര്‍പ്പിക്കുന്ന വസ്തുവിന്റെ ശ്രേഷ്ഠതയല്ല ബലി അര്‍പ്പിക്കുന്ന ആളിന്റെ മനോഭാവമാണ് കണക്കിടുന്നത്.

കായേന്റെ ബലിയില്‍ ദൈവം പ്രസാദിക്കാതിരുന്നത് അവനെ അത്യധികം കോപിപ്പിച്ചു. അവന്റെ മുഖം കറുത്തു. ഇവിടെ ദൈവം തന്റെ സ്‌നേഹം പ്രകടമാക്കുകയാണ്. ആബേലില്‍ സംപ്രീതനായ ദൈവം ആബേലിനെ അഭിനന്ദിക്കാനല്ല കായേന്റെ സങ്കടത്തില്‍ ആശ്വസിപ്പിക്കുവാനാണ് എത്തുന്നത്. അവന്‍ കോപവും വെറുപ്പും സങ്കടവും എല്ലാം കൊണ്ട് നിറഞ്ഞിരിക്കുന്നവനാണ് എന്നറിഞ്ഞുകൊണ്ട് ആശ്വസിപ്പിക്കുവാന്‍ എത്തുന്ന ദൈവം. കാരണം പാരം ചെയ്ത് കായേന്‍ നഷ്ടപ്പെട്ടുപോകുവാന്‍ സ്‌നേഹ പിതാവായ ദൈവം ആഗ്രഹിക്കുന്നില്ല. നേടാനാണ് വന്നത്. അവിടുന്ന് ഒരു മുന്നറിയിപ്പു കൊടുത്തു. പാപം വാതില്‍ക്കല്‍ പതിയിരിപ്പുണ്ട് അത് നിന്നില്‍ താല്പര്യം വച്ചിരിക്കുന്നു. നീ അതിനെ കീഴ്‌പ്പെടുത്തണം (ഉല്‍പ്പത്തി 4:7)
വെറുപ്പും വിദ്വേഷവും കൊണ്ടു നിറഞ്ഞ കായേന് ദൈവത്തിന്റെ സ്‌നേഹം മനസ്സിലാക്കാനോ പാപത്തെ കീഴടക്കാനോ കഴിഞ്ഞില്ല. വിദ്വേഷത്തിന്റെ വേരു വളര്‍ന്ന് ഉപദ്രവം ചെയ്യാതിരിക്കുവാന്‍ സൂക്ഷിക്കുവിന്‍. വിദ്വേഷം മൂലം പലരും അശുദ്ധരായിത്തീര്‍ന്നു (ഹെബ്രായര്‍ 12:15) കായേന്റെ വിദ്വേഷം വളര്‍ന്ന് അവനെ സഹോദരന്റെ കൊലപാതകിയാക്കി. വീണ്ടും ദൈവം കായേനെ സമീപിച്ച് ചോദിക്കുന്നു. എവിടെ നിന്റെ സഹോദരന്‍. കായേന്റെ മറുപടി എനിക്കറിഞ്ഞുകൂടാ. ഞാനാണോ എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ (ഉല്‍പ്പത്തി 4:9)
ദൈവം നമ്മോട് ചോദിക്കുന്നതും ഇതുതന്നെ. എവിടെ നിന്റെ സഹോദരന്‍. സഹോദരന്റെ കാവല്‍ക്കാരനും സംരക്ഷകനും ആയ നമ്മള്‍ നമ്മുടെ മനോഭാവവും, നോട്ടവും പ്രവര്‍ത്തിയും വഴി എത്രയോ തവണ ആ സംരക്ഷണം നമ്മള്‍ നശിപ്പിച്ചു. വി. ബലി അര്‍പ്പിക്കുമ്പോള്‍ എവിടെയൊക്കെയാണ് നമ്മുടെ മനസ്സ് ഉടക്കി കിടക്കുന്നത്. വി. കുര്‍ബാനയ്ക്കു ശേഷം ഡ്യൂട്ടിക്ക് പോകണം, ഷോപ്പിംഗ്, ബര്‍ത്ത്‌ഡേ പാര്‍ട്ടി, അങ്ങിനെ കായേന്‍ അര്‍പ്പിച്ചപോലെ വിളവിന്റെ ഒരു ഭാഗം മനസ്സില്ലാമനസ്സോടെയാണോ അതോ ആബേലിനെപ്പോലെ നിഷ്‌കളങ്കനായ പൂര്‍ണ്ണമനസ്സോടെയാണോ?

പ്രിയ സഹോദരരേ ഇനിയുള്ള ബലിയര്‍പ്പണത്തില്‍ നമുക്ക് ചിന്തിക്കാം. എന്റെ സഹോദരന്റെയും എന്റെ മതാപിതാക്കള്‍, മക്കള്‍, സഹപ്രവര്‍ത്തകര്‍ ഇവരുടെയൊക്കെ കാവല്‍ക്കാരനായ ഞാന്‍, അര്‍പ്പിക്കുന്ന ബലി ദൈവത്തിന് സ്വീകാര്യമാകണം. എന്നിലും ബലിവസ്തുവിലും ദൈവം പ്രസാദിക്കണം. നിരാശയും വെറുപ്പും വിദ്വേഷവും എല്ലാം മാറ്റി ബലി അര്‍പ്പിക്കാം.
‘ഒരിക്കല്‍’ ആബേലും കായേനും ബലി അര്‍പ്പിക്കാന്‍ പോയി എന്നാണ് ബൈബിളില്‍ പറയുന്നത്. പതിവുപോലെ എന്നല്ല. ആബേലിന്റെ പൂര്‍ണ്ണബലിക്കു ശേഷം പിന്നീടൊരു ബലി അര്‍പ്പിക്കാന്‍ ആബേല്‍ ഉണ്ടായിരുന്നില്ല. വി. കുര്‍ബനായ്ക്കു ശേഷം ബലിപീഠത്തിനോട് വിടചൊല്ലി നമ്മള്‍ പ്രാര്‍ത്ഥിക്കാറുണ്ട് ‘വിശുദ്ധീകരണത്തിന്റെ ബലിപീഠമെ സ്വസ്തി… എന്നു തുടങ്ങി ഇനിയൊരു ബലിയര്‍പ്പിക്കാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ. ഇന്ന് അര്‍പ്പിച്ചതിനേക്കാള്‍ മഹത്തായ ബലി അര്‍പ്പിക്കാന്‍ നാളെ വരും എന്ന് ആര്‍ക്കെങ്കിലും ഉറപ്പുണ്ടോ? ആയതിനാല്‍ ഇന്ന് അര്‍പ്പിക്കുന്ന ബലി ഏറ്റവും മഹത്തും ശ്രേഷ്ഠവുമായിരിക്കട്ടെ. അപ്പോള്‍ നമുക്ക് മനസു തുറന്ന് പാടാന്‍ സാധിക്കും.
‘ഇതെന്റെ ആദ്യ ബലിപോലെ
ഇതെന്റെ ഏകബലി പോലെ
ഇതെന്റെ അന്ത്യബലിപോലെ
യേശുവിനര്‍പ്പിക്കാം’
ഈ ബലിയില്‍ പിതാവും സ്വര്‍ഗ്ഗം മുഴുവനും സന്തോഷിക്കട്ട.

ആമേന്‍

 

ബിന്ദു ജേക്കബ്ബ്‌.

You must be logged in to post a comment Login