ആരറിയുന്നു നിന്‍ മനോവേദന!

ആരറിയുന്നു നിന്‍ മനോവേദന!

കുരിശിന്റെ വഴി പ്രാര്‍ത്ഥനയിലൂടെ കടന്നുപോയപ്പോള്‍ ആ വരി വല്ലാതെയങ്ങ് മനസ്സില്‍ തറഞ്ഞുകയറി. ആരറിയുന്നു നിന്‍ മനോവേദന എന്ന വരിയായിരുന്നു അത്.

അതെ,  ആരുമറിയുന്നില്ല ചില  സങ്കടങ്ങളുടെ  ഭാരങ്ങള്‍.ആരുമറിയുന്നില്ല ഉള്ളിലെ ഉണങ്ങാത്ത മുറിവിന്റെ കുത്തലുകള്‍. ആര്‍ക്കും ആരെയും മനസ്സിലാവാത്ത കാലം..ആര്‍ക്കും ആരെയും ഗൗനിക്കാന്‍ കഴിയാത്ത കാലം. ആര്‍ക്കും ആരുടെയും കണ്ണീരൊപ്പാന്‍ സന്നദ്ധതയില്ലാത്ത കാലം.. ആര്‍ക്കും ആരെയും ശ്രവിക്കാന്‍ മനസ്സില്ലാത്ത കാലം.

എല്ലാവരുടെയും ഉള്ളില്‍ അവനവരുടേതായ സങ്കടത്തിന്റെ കടലുകളുണ്ട്. ഓരോ സങ്കടങ്ങള്‍..ഓരോരോ വേദനകള്‍.. കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ എന്നാണ് പഴഞ്ചൊല്ല്. പക്ഷേ കൂടെ കിടക്കുന്നവര്‍ക്കുപോലും രാപ്പനികള്‍ മനസ്സിലാവാതെ വരുന്ന കാലമാണ് ഇത്.

അതാരുടെയും കുറ്റവുമല്ല. ശരീരത്തിലെ വേദനകള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ആര്‍ക്കെങ്കിലും മനസ്സിലാവുമായിരിക്കാം. അതിന് അടയാളങ്ങളുണ്ടല്ലോ.. പക്ഷേ മനസ്സിന്റെ വേദനകള്‍ക്ക് എവിടെയാണ് അടയാളങ്ങളുള്ളത്? അത് അമൂര്‍ത്തമാണ്.

വേദനകള്‍ പങ്കുവയ്ക്കണമെന്നാണ് പറയാറ്. പക്ഷേ എല്ലാ സങ്കടങ്ങളും പങ്കുവയ്ക്കപ്പെടേണ്ടവയല്ല എന്ന് തോന്നുന്നു .കാരണം കേള്‍ക്കുന്ന ആള്‍ക്ക് അത് സ്വീകരിക്കാന്‍ പ്രാപ്തിയുണ്ടോയെന്ന് അറിഞ്ഞതിന് ശേഷം മാത്രം മതി പങ്കുവയ്ക്കലുകള്‍. അല്ലെങ്കില്‍ പറഞ്ഞുപോയവയോര്‍ത്ത് ഇച്ഛാഭംഗം തോന്നും. തോന്നിയിട്ടുണ്ട് അങ്ങനെ ഒരിക്കലെങ്കിലും.

ജീവിതത്തിലെ ഏറ്റവും ഇരുണ്ട രാത്രികളിലൂടെ കടന്നുപോയ ഒരു കാലമായിരുന്നു അത്. വിഷാദം ജീവിതത്തെ കശക്കിക്കൊണ്ടിരിക്കുകയായിരുന്നു. പേരറിയാത്ത നൊമ്പരങ്ങള്‍ മുള്ളുപോലെ കൊത്തിക്കീറുകയായിരുന്നു. അത്തരമൊരു ദിവസമായിരുന്നു സുഹൃത്തിനെ വിളിച്ചത്.

ആ സ്വരമൊന്ന് കേള്‍ക്കാന്‍ കഴിഞ്ഞാല്‍ ഇത്തിരി മനസ്സൊന്ന് തണുക്കുമെന്ന് വെറുതെ തോന്നിയിരുന്നു. പബ്ലിക് ടെലിഫോണ്‍ ബുത്തില്‍ നിന്ന് സുഹൃത്തിന്റെ ഫോണിലേക്കൊരു വിളി. പറയുവാന്‍ പ്രത്യേകിച്ച് ഒന്നുമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.  എന്താ എന്താ എന്ന് സുഹൃത്തിന്‍റെ അന്വേഷണം.

ഒരു പക്ഷേ അങ്ങേയറ്റത്ത് ജോലിയുടെ സമ്മര്‍ദ്ദങ്ങളും ഓഫീസിന്റെ തിരക്കുമുണ്ടായിരുന്നിരിക്കണം. പറയാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രം ഉണ്ടെങ്കില്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് അങ്ങേതലയ്ക്കല്‍ ഫോണ്‍ കട്ട്. മുഖത്തൊരടിയേറ്റതുപോലെ ബൂത്തിന്റെ ചില്ലമറയ്ക്കുള്ളില്‍ തരിച്ചുനിന്നുപോയി.

വേണ്ടിയിരുന്നില്ല, പറയേണ്ടിയിരുന്നില്ല..

ശരിയാണ് ആരുമറിയുന്നില്ല നിന്‍ മനോവേദന.. മനസ്സിലാക്കുമെന്ന് വിചാരിക്കുന്നവര്‍ പോലും മനസ്സിലാക്കാതെ പോകുന്നു..മനസ്സിലാക്കിയതു പോലും മനസ്സിലുണ്ടായിരുന്നതു പോലെ യല്ലാതെയാവുന്നു. ഇതാണ് ജീവിതം.

മനോവേദനകളുടെ ഭാരം അളന്നുതിട്ടപ്പെടുത്താന്‍ ഒരു കണ്ടുപിടുത്തവും ഇവിടെ നടന്നിട്ടില്ല.. ഇനി നടക്കുകയുമില്ല.

ഓരോരുത്തരും ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു കുരിശിന്റെ വഴിയെ നടക്കേണ്ടതായിട്ടുണ്ട്. എന്നും കൂടെയുണ്ടാവുമെന്ന് കരുതിയവരൊക്കെ പാതിവഴിയില്‍ പിരിഞ്ഞുപോകുന്നതാണ് കുരിശിന്റെ വഴി… ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടാതെ പെരുവഴിയില്‍ അന്തിച്ചുനില്ക്കുന്നതാണ് കുരിശിന്റെ വഴി… അനിശ്ചിതത്വത്തിന്റെ നാല്‍ക്കവലകളില്‍ തരിച്ചുനില്ക്കുന്നതാണ് കുരിശിന്റെ വഴി… കൈ പിടിച്ചുകൊണ്ടുവന്നവര്‍ നടുക്കായലില്‍ വച്ച് കൈവിടുന്നതാണ് കുരിശിന്റെ വഴി.. രോഗവും ദാരിദ്ര്യവും കടബാധ്യതയും മൂലം മുതുക് കൂനിപ്പോകുന്നതാണ് കുരിശിന്റെ വഴി..

.ഓരോരുത്തരുടെയും കുരിശിന്റെ വഴി വ്യത്യസ്തമാണ്. കുരിശിന്റെ വഴിയിലെ വേദനകളും. അതാര്‍ക്കും മനസ്സിലാവുകയില്ല.. കാല്‍വരിയിലേക്കുള്ള യാത്രയില്‍ ക്രിസ്തുവിന് ചുറ്റും പലരുമുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും ക്രിസ്തുവിനെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മറിയത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല..അവരുടെ വേദനയുടെ ആഴം അറിയാന്‍ കഴിഞ്ഞില്ല.

ഇനി നിന്റെ വേദനകള്‍ ആരും മനസ്സിലാക്കിയില്ല എന്നതിന്റെ പേരില്‍ പരാതി പറയരുത്. ക്രിസ്തുവിന്റെയും മറിയത്തിന്റെയും വേദനകള്‍ മനസ്സിലാക്കാത്ത ലോകമാണിത്.

എല്ലാ സങ്കടങ്ങളും ചേര്‍ത്തുവയ്‌ക്കേണ്ട ഒരിടമുണ്ട് ഈ ഭൂമിയില്‍. ക്രിസ്തുവിന്റെ കുരിശിന്‍ച്ചുവടാണത്. അവിടെ പറയുന്ന സങ്കടങ്ങള്‍ക്ക് വിലയുണ്ടാവും..അവിടെ ചൊരിയുന്ന കണ്ണീരിന് ആശ്വാസമുണ്ടാവും. അവിടെ ഇറക്കിവയ്ക്കുന്ന ഭാരങ്ങള്‍ ലഘൂകരിക്കപ്പെടും..

ഓര്‍ക്കുക, നിന്റെ മനോവേദനയും സങ്കടവും നീ വഹിക്കുന്ന കുരിശുകളും ഈ ലോകത്ത് ഒരാള്‍ക്കും മനസ്സിലാവില്ല. നിന്റെ ദൈവത്തിനൊഴികെ..

മനുഷ്യനെ ആശ്രയിക്കുന്നതിനെക്കാള്‍ എപ്പോഴും നല്ലത് ദൈവത്തെ ആശ്രയിക്കുന്നതാണ്. മനുഷ്യനോട് സങ്കടം പറയുന്നതിനെക്കാള്‍ നല്ലത് ദൈവത്തോട് സങ്കടം പറയുന്നതാണ്.. കാരണം ദൈവത്തിന് നിന്നെ മനസ്സിലാവും..ദൈവത്തിന് നിന്നെ സ്‌നേഹമാണ്..ദൈവത്തിന് നിന്നെ ശ്രവിക്കാന്‍ സമയമുണ്ട്..ദൈവത്തിന് നിന്റെ കൂടെവരാന്‍ മനസ്സുണ്ട്.

 

വിനായക് നിര്‍മ്മല്‍

 

You must be logged in to post a comment Login