ആരാണ് ശതാധിപന്‍?

ആരാണ് ശതാധിപന്‍?

സുവിശേഷങ്ങളിലൂടെ കടന്നു പോകുന്നവരുടെ മനം കവരുന്ന പേരാണ് ശതാധിപന്‍. രണ്ടിടത്താണ് പ്രധാനമായും ശതാധിപന്‍ എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്. തന്റെ ഭൃത്യനെ സുഖപ്പെടുത്താന്‍ യേശുവിന്റെ പക്കലേക്ക് ആളയക്കുന്ന സന്ദര്‍ഭത്തില്‍ ശതാധിപന്‍ പറയുന്ന വാക്കുകള്‍ വി. കുര്‍ബാനയില്‍ പോലും സ്ഥാനം പിടിച്ചു: ‘ഗുരോ, അങ്ങെന്റെ വീട്ടില്‍ പ്രവേശിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവിടുന്ന് ഒരു വാക്ക് അരുള്‍ചെയ്താല്‍ മതി എന്റെ ദാസന്‍ സുഖം പ്രാപിക്കും!’ അസാധാരണ വിശ്വാസത്തിന്റെ ഉദാത്ത ഉദാഹരണമായി ഈ വാകുകള്‍ സുവിശേഷത്തില്‍ പ്രതിധ്വനിക്കുന്നു.

മറ്റൊന്ന് യേശുവിന്റെ മരണനേരത്തുള്ള ശതാധിപന്റെ പ്രഘോഷണമാണ്: ‘സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രന്‍ ആയിരുന്നു!’ ക്രൂശിതനായ യേശുവിലുള്ള ആദ്യത്തെ വിശ്വാസ പ്രഖ്യാപനമായിരുന്നു ഇത് എന്നത് ശ്രദ്ധേയമാണ്.

ശതാധിപന്‍ എന്ന വാക്കിന്റെ അര്‍ത്ഥം നൂറു പേരടങ്ങുന്ന സൈന്യത്തിന്റെ അധിപന്‍ എന്നാണ്. നൂറ് റോമന്‍ കാലാളുകളുടെ ചുമതലയുണ്ടായിരുന്ന ആളാണ് ശതാധിപന്‍.

പുരാതന റോമന്‍ സൈന്യത്തിന്റെ നട്ടെല്ലായിരുന്നു, ശതാധിപന്‍മാര്‍. മുന്തിയ തരം പടച്ചട്ടയും പടത്തൊപ്പിയും ധരിച്ചിരുന്ന ഇവര്‍ മുന്തിരിച്ചെടിയില്‍ നിന്നും തീര്‍ത്ത ചെങ്കോല്‍ കൈയിലേന്തിയിരുന്നു. സാധാരണ സൈനികരില്‍ അസാധരണ ധീരതയും സമര്‍പ്പണവും പ്രകടിപ്പിക്കുന്നവരെ ശതാധിപസ്ഥാനത്തേക്ക് ഉയര്‍ത്തിയിരുന്നു. അഗസ്റ്റസ് സീസറുടെ വാഴ്ചക്കാലത്ത് 28 ലീജിയനുകള്‍ ഉണ്ടായിരുന്നു. ഓരോ ലീജിയനിലും 60 ശതസൈനികരും. ഓരോ ശതസൈനികര്‍ക്കും അധിപനായി ശതാധിപനും. സാധാരണ കാലാള്‍ സൈനികന്റെ ശമ്പളത്തിന്റെ 20 ഇരട്ടിയായിരുന്നു, ശതാധിപന്റെ ശമ്പളം.

യേശുവിന്റെ കാലത്ത് യൂദയായിലെ റോമന്‍ സൈന്യത്തിന്റെ താവളം മെഡിറ്ററേനിയന്‍ തീരത്തുള്ള കേസറിയായിലായിരുന്നു.

സുവിശേഷത്തില്‍ പരാമര്‍ശിക്കുന്ന പേരറിയാത്ത ശതാധിപന്‍മാരെ കൂടാതെ അപ്പസ്‌തോല നടപടിയില്‍ മറ്റൊരു ശതാധിപനെ കുറിച്ചും പറയുന്നുണ്ട്. കൊര്‍ണേലിയസ് എന്നു പേരുള്ള ദൈവഭയമുള്ള വ്യക്തിയായിരുന്ന ഈ ശതാധിപന്‍ വി. പത്രോസിനെ കണ്ടുമുട്ടുന്നതും അദ്ദേഹത്തെ ആരാധിക്കാന്‍ ഒരുങ്ങുന്നതും നടപടികളില്‍ വിവരിക്കുന്നുണ്ട്. വിജാതീയരും രക്ഷയ്ക്ക് അവകാശപ്പെട്ടവരാണെന്ന് പത്രോസിന് ദൈവിക വെളിപാടുണ്ടാകുന്നത് ഈ സന്ദര്‍ഭത്തിലാണ്.

 

ഫ്രേസര്‍

You must be logged in to post a comment Login