ആരാണ് സ്വാമി ലക്ഷ്മണാനന്ദയെ കൊന്നത്?

ആരാണ് സ്വാമി ലക്ഷ്മണാനന്ദയെ കൊന്നത്?

ഭുവനേശ്വര്‍: എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷവും ഒഡീസയിലെ മാത്രമല്ല ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവാണ് കാണ്ടമാലിലെ ക്രൈസ്തവവിരുദ്ധ കലാപം. ഇന്നും അതിന്റെ പേരില്‍ ഒഡീസയിലെ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഈ സാഹചര്യത്തില്‍, കാണ്ടമാല്‍ കലാപത്തിന് കാരണമായി പറയപ്പെടുന്ന സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തിന്‍റെ  യഥാര്‍ത്ഥ പ്രതികള്‍ ആരാണ് എന്ന സത്യം വെളിപ്പെടുത്തിക്കൊണ്ട് അന്വേഷണാത്മകമായ ഒരു പുസ്തകം ഇറങ്ങിയിരിക്കുന്നു.  ആരാണ് ലക്ഷ്മണാനന്ദയെ കൊന്നത്? പത്രപ്രവര്‍ത്തകനായ ആന്റോ അക്കരയാണ് ഗ്രന്ഥകര്‍ത്താവ്.

സെപ്തംബര്‍ 22 ന് പ്രസ് ക്ലബില്‍ വച്ച് പുസ്തകത്തിന്റെ പ്രകാശനം നടന്നു. സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തിന്റെ പേരില്‍ ക്രൈസ്തവരെയാണ് കുറ്റക്കാരായി കണക്കാക്കിയത്. അത് ക്രൈസ്തവര്‍ക്കെതിരെയുള്ള ആസൂത്രിതമായ ഒരു ഗൂഢാലോചനയായിരുന്നു. സത്യത്തിന് നേരെ അനീതിയായിരുന്നു. നിഷ്‌ക്കളങ്കരായ ആറു ക്രൈസ്തവരെയാണ് തെളിവുകളില്ലാതെ പോലീസ് അറസ്റ്റ് ചെയ്തത്. എട്ടുവര്‍ഷം കഴിഞ്ഞുപോയിട്ടും കാണ്ടമാലിലെ നിരപരാധികള്‍ക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല.

സാമൂഹ്യപ്രവര്‍ത്തകനും ലോക്ശക്തി അബിജാന്‍ പ്രസിഡന്റുമായ പ്രഫുല്ല സാമന്താറ പ്രകാശനചടങ്ങില്‍ പറഞ്ഞു. പ്രശസ്ത പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാരുടേതാണ് അവതാരിക.

23 തവണ കാണ്ടമാലിലേക്ക് യാത്ര നടത്തിയതിന് ശേഷമാണ് ആന്റോ അക്കര ഈ പുസ്തകം തയ്യാറാക്കിയത്. നിരക്ഷരരായ ഹൈന്ദവര്‍ വിഡ്ഢികളാക്കപ്പെടുകയായിരുന്നു. അവര്‍ കുപ്രചരണങ്ങളെ അന്ധമായി വിശ്വസിച്ചു. കാണ്ടമാലിലെ ക്രൈസ്തവര്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ രാജ്യത്തിനും നിയമവ്യവസ്ഥിതിക്കും അപമാനകരമാണ്. ഒരിക്കല്‍ പോലും ചെയ്തിട്ടില്ലാത്ത കുറ്റത്തെ പ്രതിയാണ് അവര്‍ ശിക്ഷ അനുഭവിക്കുന്നത്. ആന്റോ പറഞ്ഞു. അമ്പതോളം പത്രപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാണ്ടമാലിനെക്കുറിച്ച് ഇതുവരെയുള്ള തിരക്കഥ മാറ്റിയെഴുതണം. രാജ്യത്തിന്റെ മുദ്രാവാക്യം പോലെ സത്യം ജയിക്കണം.സത്യമേവ ജയതേ. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login