ആരാരുമില്ല തെല്ലാശ്വാസമേകുവാന്‍…?

ആരാരുമില്ല തെല്ലാശ്വാസമേകുവാന്‍…?

ജീവിതത്തിന്റെ കനല്‍വഴികളില്‍ എല്ലാവരും അതാഗ്രഹിക്കുന്നുണ്ട്. ആശ്വാസം. തണ്ണീര്‍പ്പന്തലുകള്‍ പോലെ, അത്താണികള്‍ പോലെ ദാഹമകറ്റാനും ഭാരം ഇറക്കിവയ്ക്കാനും ഒരിടം..ഒരാള്‍.

പ്രിയമുള്ള ഒരാളുടെ ചുമലായിരിക്കാം അത്.. അടുപ്പമുള്ള ഒരാളുടെ സാന്നിധ്യമാകാം .. ഒന്നും പറയാതെ കൈവിരലുകള്‍ കോര്‍ത്ത് വെറുതെ ഇരിക്കുന്നതാകാം..ആശ്വാസം ആഗ്രഹിക്കുന്നതും അതിന്റെ വഴികള്‍ അന്വേഷിക്കുന്നതും എത്രയോ വ്യത്യസ്തമാണ്. !

പക്ഷേ ചിലപ്പോള്‍ ഒരാള്‍ പോലുമുണ്ടാവില്ല ആശ്വസിപ്പിക്കാന്‍. ഒരാള്‍ പോലുമുണ്ടാവില്ല ചേര്‍ന്നിരിക്കാന്‍. എന്നും കൂടെയുണ്ടാവുമെന്ന് ആഗ്രഹിക്കുന്നവര്‍  ഓടിപോകും. വീണുപോയ മേല്‍വസ്ത്രം പോലും തിരികെയെടുക്കാതെ..

മറ്റ് ചിലപ്പോള്‍ ഇത്തിരി പോന്ന സ്വാര്‍ത്ഥതയ്ക്ക് വേണ്ടി അവര്‍ നമ്മെ ഒറ്റിക്കൊടുത്തുവെന്നിരിക്കും.. ഇനിയും ചിലപ്പോള്‍ നിന്നെ അറിയില്ലെന്ന് പറഞ്ഞ് ആണയിട്ടെന്നിരിക്കും.. ഇത് യാഥാര്‍ത്ഥ്യം. കാരണം ഇതാണ് ജീവിതം. ഇതും ജീവിതമാണ്.

പക്ഷേ ഇതിന് ഒരു മറുപുറമുണ്ട്.. ആരും വിചാരിക്കാത്ത നേരത്ത്.. ഒട്ടും പ്രതീക്ഷിക്കാത്ത ആളുകള്‍ പിന്‍വാതിലുകള്‍ തുറന്ന് നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കും. ഇരുളില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന വേളയില്‍ വെളിച്ചം തെളിക്കും. മുറിവേറ്റുപിടയുന്ന ഹൃദയത്തെ അരുമയായ് തഴുകും. തൂനെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വയ്ക്കും. നീ കരയരുത് എന്നും വിഷമിക്കരുതെന്നും കാതില്‍ മന്ത്രിക്കും. നീ ഒറ്റയ്ക്കല്ല എന്ന് പറഞ്ഞ് അണച്ചുപിടിക്കും..

ദൈവമേ ഇവരാണ് ശിമയോന്‍മാര്‍. ഇവരാണ് വേറോനിക്കമാര്‍.. ഞാനറിഞ്ഞിട്ടുണ്ട് അത്.

നിന്റെ ഭാരം താങ്ങാനെത്തിയവര്‍..നിന്റെ തിരുമുഖം തുടച്ചവര്‍.. നിന്നോട് സഹതപിക്കുന്നവര്‍..

ക്രിസ്തുവിന് പോലും ചിലരുടെ സഹായം ആവശ്യമായി വന്നിട്ടുണ്ട് എന്ന തിരിച്ചറിവാണ് നമ്മെ എളിമയുള്ളവരാക്കേണ്ടിയത്. ഒരാളുടെയും സഹായം വേണ്ട എന്നൊക്കെ അഹങ്കാരത്തിന്റെ നിമിഷങ്ങളില്‍ തോന്നിയിട്ടുണ്ട് ഒരു കാലത്ത്…ഒരു സഹായം കൈപ്പറ്റുമ്പോള്‍ ഭൂമിയിലേക്ക് താണുപോകുന്നതുപോലെ അപമാനകരമായി തോന്നിയിട്ടുമുണ്ട്.

പക്ഷേ ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല. ആരുടെയെങ്കിലും എന്തെങ്കിലുമൊക്കെ സഹായമില്ലാതെ ആരും ഇവിടെ ഒന്നും നേടിയിട്ടില്ല എന്ന തിരിച്ചറിവ് കിട്ടുന്നവയെ കൃതജ്ഞതയോടെ വാഴ്ത്തിപാടാന്‍ എന്നെ നിര്‍ബന്ധിതനാക്കുന്നു. കൃത്യസമയത്ത് പരീക്ഷയെഴുതാന്‍ പോകുന്ന ഒരു വിദ്യാര്‍ത്ഥി പോലും അവന്‍ യാത്ര ചെയ്യുന്ന ബസിന്റെ ഡ്രൈവറുടെ സഹായം സ്വീകരിച്ചിരിക്കുന്നു. അതുമാത്രം മതിയെന്ന് തോന്നുന്നു ഒരാളുടെയെങ്കിലും സഹായം കൈപ്പറ്റിയതിന്റെ എളുപ്പത്തിലുള്ള ഉദാഹരണം.

ഒരു സുഹൃത്തിനെ ഓര്‍മ്മിക്കുന്നു. ആര്‍ക്കും എന്തും കൊടുക്കും.പക്ഷേ ആരില്‍ നിന്നും ഒന്നും വാങ്ങുകയുമില്ല. നിലത്തു വീണു കിടക്കുന്ന പേന എടുത്തുകൊടുത്താല്‍ പോലും ശ്ശോ അങ്ങനെ എടുപ്പിക്കേണ്ടി വന്നുവല്ലോ എന്ന് ഭാരപ്പെട്ടിരുന്നവള്‍.

ഒരുനാള്‍ ഹോസ്റ്റലിലെ കുളിമുറിയില്‍ തെന്നിവീണു. കാലിന് ചെറുതായ പൊട്ടല്‍. പിന്നെ ആരെയും ആശ്രയിക്കാതെ ദിനങ്ങള്‍ മുന്നോട്ടുപോകാതെയായി. ആ അപകടം എന്നെ എളിമയെന്തെന്ന് പഠിപ്പിച്ചു എന്ന് പിന്നീട് അവള്‍ പറഞ്ഞിട്ടുണ്ട്. അപകടത്തിന് മുമ്പും പിമ്പും എന്ന രീതിയിലേക്ക് അവളുടെ സ്വഭാവം തന്നെ അതിനിടയില്‍ മാറിപ്പോയിരുന്നു.

സമാനമായ ഒരവസ്ഥയിലൂടെ അതിന് മുമ്പ് കടന്നുപോയിട്ടുള്ള ഒരാളെന്ന നിലയില്‍ എനിക്ക് അവളെ മനസ്സിലാക്കാന്‍ എളുപ്പം കഴിഞ്ഞു. ജോലി സ്ഥലത്ത് ഒരു ആക്‌സിഡന്റ സംഭവിച്ച് നടക്കാന്‍ കഴിയാതെ കഴിച്ചുകൂട്ടിയ ദിനങ്ങളിലായിരുന്നു അത്.

സൗഹൃദം ഒരു വാഴ്ത്തലായി ജീവിതത്തില്‍ നിറഞ്ഞതും അന്നുമുതല്ക്കായിരുന്നു. ഓരോ കാലടി വച്ച് ആദ്യമായി നടന്നുനീങ്ങുന്ന കുട്ടിയെ പോലെയായിരുന്നു ഞാന്‍. അന്ന് എന്നെ കൈപിടിച്ചും ചിലപ്പോള്‍ കൈത്തണ്ടയില്‍ കോരിയെടുത്തും നടന്നിരുന്നവന്‍.. അടിവസ്ത്രം പോലും അലക്കിത്തന്നവന്‍.

അറിഞ്ഞും അറിയാതെയും കൈക്കൊള്ളുന്ന കടപ്പാടുകളുടെ പുസ്തകങ്ങളുടെ വലുപ്പം.! അത് വായിച്ചുകഴിഞ്ഞ് ഉപേക്ഷിച്ചുകളയുന്ന ആനുകാലികങ്ങളുടെ കൂട്ടത്തിലല്ല തള്ളേണ്ടത് മറിച്ച് എന്നും വായിച്ചു ധ്യാനിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ ഒപ്പം വയ്ക്കണം. എന്തിനെന്നല്ലേ, അഹങ്കരിക്കാതിരിക്കാന്‍… നന്ദിയുള്ള ഹൃദയം സൂക്ഷിക്കാന്‍..

കുരിശിന്റെ വഴികളില്‍ ക്രിസ്തുവിനെ മറ്റാരും താങ്ങിയില്ല..മറ്റാരും സഹായിച്ചുമില്ല.. വേറോനിക്കയും ശിമയോനുമല്ലാതെ.. ക്രിസ്തു സ്‌നേഹിച്ചവരെല്ലാം അവനെ വിട്ടുപോയി..അവനൊപ്പം അവരാരും ഉണ്ടായിരുന്നില്ല..അവനൊപ്പം അവരാരും നടന്നുമില്ല. വീണുപോയ വഴികളില്‍ പിടിച്ചെണീല്പിക്കാന്‍.. ആട്ടുംതുപ്പുമേറ്റു നിന്ദിക്കപ്പെട്ടപ്പോള്‍ അത്തരക്കാരോട് ആക്രോശിക്കാന്‍..ഇല്ല അവന്‍ സ്‌നേഹിച്ചവര്‍ ആരും ഉണ്ടായിരുന്നില്ല അവന്റെ ചുറ്റിനും.

സ്‌നേഹിച്ചവരില്‍ നിന്ന് സ്‌നേഹം കിട്ടില്ല..കൊടുത്തവരില്‍ നിന്ന് തിരികെ കിട്ടുകയില്ല. സഹായിച്ചവര്‍ തിരികെ സഹായിക്കില്ല. പക്ഷേ ഒരാളുണ്ടാവും ജീവിതത്തിന്റെ ഏതു കയ്പിലും നിനക്ക് മധുരം പകരാന്‍.. ഏതിരുട്ടിലും നിന്റെ വിളക്ക് തെളിയിക്കാന്‍.. നീ ഒരിക്കല്‍പോലും വിലയ്‌ക്കെടുക്കാത്തവര്‍ പോലുമായിരിക്കാം അത്..

ഇനി അതുകൊണ്ട് സഹായിക്കുമെന്ന് പ്രതീക്ഷവര്‍ സഹായിക്കാതെ പോയതോര്‍ത്ത്, നിന്നെ തള്ളിക്കളഞ്ഞതോര്‍ത്ത് സങ്കടപ്പെടണ്ടാ..പരാതിപ്പെടേണ്ട..ഒരാള്‍വരും..ആരെങ്കിലും ഒരാള്‍.. നിന്റെ ഭാരം താങ്ങാന്‍.. ചേറില്‍ പുതഞ്ഞ നിന്റെ മുഖം തുടയ്ക്കാന്‍.. കാത്തിരിക്കുക..

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login