ആരെയും കുറ്റപ്പെടുത്താത്ത ദൈവം

ആരെയും കുറ്റപ്പെടുത്താത്ത ദൈവം

കരുണയുടെ വഴിയേ-11

ദൈവം നോക്കുമ്പോള്‍ ആരെയും കുറ്റപ്പെടുത്താന്‍ ഒരു ന്യായം കാണുന്നില്ല. നീതീകരിക്കാനും ക്ഷമിക്കാനുമേ കാരണമുള്ളു.
എന്റെ വിദേശയാത്രയ്ക്കിടെ ഒരിടത്ത് ചതുരവടിവിലുള്ള തണ്ണിമത്തങ്ങ കണ്ടത് ഓര്‍മിക്കുന്നു.

കുരുന്നിലേ തന്നെ ചതുരവടിവിലുള്ള ഒരു കൂട്ടില്‍ തിങ്ങി വളരാന്‍ അവസരം ലഭിച്ചതുകൊണ്ടാണ് അത് അങ്ങനെയായത്. പടവലം വടി പോലെ താഴോട്ട് വളരാന്‍ കല്ല് കെട്ടിയിടാറുണ്ടല്ലോ. ചതുരവടിവിലുള്ള തണ്ണിമത്തനോട്, എന്തേ ഇങ്ങനെ പാരമ്പര്യം കൈവിട്ട് കൃത്രിമരൂപത്തില്‍ ഇരിക്കുന്നുവെന്നു ചോദിച്ചാല്‍, അതിനെന്തു മറുപടി പറയാന്‍ പറ്റും? നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നു പറയുന്നതുപോലൊരു മറുപടിയേ പ്രതീക്ഷിക്കാനാവൂ.

ഫ്രാന്‍സിസ് അസീസി കൂട്ടുസഹോദരനുമൊത്തു വഴിയേ നടന്നു വരുമ്പോള്‍ ഒരു ആള്‍ക്കൂട്ടം എതിരെ ഇരമ്പിവരുന്നു. ഒരു പിടികിട്ടാക്കുറ്റവാളിയെ പോലീസ് പിടിച്ചതിനെ അവര്‍ ആഘോഷിക്കുകയാണ്. എന്നാല്‍, ഈ കാഴ്ച വിശുദ്ധ ഫ്രാന്‍സിസിനെ വേദനിപ്പിച്ചു. അദ്ദേഹം മാറിനിന്നു തോങ്ങിക്കരഞ്ഞു. എന്തേ കരയുന്നു എന്നു കൂട്ടുകാരന്‍ ആരാഞ്ഞപ്പോള്‍ ഫ്രാന്‍സിസ് പറഞ്ഞത്, ദൈവം കരുതിയില്ലായിരുന്നുവെങ്കില്‍ താനും ഇതുപോലെ ഇടറിയേനേ എന്നാണ്.

ഫ്രാന്‍സിസ് തുടര്‍ന്നു, ഞാന്‍ ജനിക്കുകയോ വളരുകയോ ചെയ്ത അതേ സാഹചര്യത്തില്‍ ഇയാള്‍ ആയിരുന്നുവെങ്കില്‍ അഥവാ അയാള്‍ ജനിച്ചുവളര്‍ന്നിരുന്ന സാഹചര്യത്തില്‍ ഞാന്‍ ആയിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നായേനേ. ഇപ്പോള്‍ വിലങ്ങുവീണ കരങ്ങളുമായി അപമാനിതനായി പോകുന്ന വ്യക്തി എങ്കില്‍ താനാകുമായിരുന്നില്ലേ. ഇവിടെ ആര്‍ക്ക് ആരെ കുറ്റപ്പെടുത്താനാവും?

കുരിശില്‍ പിടഞ്ഞുകിടക്കുമ്പോഴും കുരിശില്‍ തറച്ചവരെ നീതീകരിച്ച് യേശു പറയുന്നു, തങ്ങള്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല എന്ന്. ദൈവത്തിനു എല്ലാവരും ഒരുപോലെ പ്രിയപ്പെട്ട മക്കളായതുകൊണ്ട് ഈ നീതീകരണം നമുക്ക് ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടതാണ്. ഈ അറിവ് കുരിശില്‍ നിന്നുമാത്രമാണ് നമുക്ക് ലഭിക്കുന്നതെന്നും മറക്കരുത്.

 

ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍

You must be logged in to post a comment Login