ആരോടു നിന്നെ ഞാന്‍ സാമ്യപ്പെടുത്തും?

ആരോടു നിന്നെ ഞാന്‍ സാമ്യപ്പെടുത്തും?

ആബേലച്ചന്റെ കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ നിന്നതാ കേള്‍ക്കുന്നു, ആരോടു നിന്നെ ഞാന്‍ സാമ്യപ്പെടുത്തും കദനപ്പെരുങ്കടലേ…

ശരിയാണ് ചില സാമ്യപ്പെടുത്തലുകള്‍ അപ്രസക്തങ്ങളാണ്. അല്ലെങ്കില്‍ ചില എന്നല്ല സാമ്യപ്പെടുത്തലുകള്‍ തന്നെ അപ്രസക്തങ്ങളാണ്. കാരണം ഓരോ വ്യക്തിയും അനന്യരാണ്. എന്നിട്ടും അതറിയാതെ നാം സാമ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

നീ അതുപോലെയായിരുന്നുവെങ്കില്‍.. നിനക്ക് അതുപോലെ ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.. കുടുംബബന്ധങ്ങളില്‍..സൗഹൃദ് ബന്ധങ്ങളില്‍.. തൊഴിലിടങ്ങളില്‍ എല്ലാം സാമ്യപ്പെടുത്തലുകളുണ്ട്. താരതമ്യപ്പെടുത്തലുകളുണ്ട്..

മനുഷ്യന്റെ ഉള്ളിലെ സ്വാര്‍ത്ഥതയാണ് താരതമ്യപ്പെടുത്തലുകളിലേക്ക് നയിക്കുന്നത്. ഉളളതുകൊണ്ട് തൃപ്തിപ്പെടാന്‍ കഴിയാത്ത നമ്മുടെ തന്നെ മനസ്സിന്റെ ചില അത്യാഗ്രഹങ്ങളാണ്..

ഒരു സാമ്യപ്പെടുത്തലുകള്‍ക്കും വിധേയനാകാത്ത ഒരാള്‍ മാത്രമേയുള്ളൂ. ക്രിസ്തു.. ക്രിസ്തുവിന്റെ സ്‌നേഹത്തെ ഏതൊന്നിനോടാണ് നമുക്ക് താരതമ്യപ്പെടുത്താന്‍ കഴിയുന്നത്.. ക്രിസ്തുവിന്റെ ത്യാഗത്തെ മറ്റേതു ത്യാഗത്തോടാണ് നമുക്ക് ഉപമിക്കാന്‍ കഴിയുന്നത്?

ലോകം കണ്ടതിലും വച്ചേറ്റവും വലിയ ത്യാഗം..ലോകം കണ്ടതിലും വച്ചേറ്റവും വലിയ സ്‌നേഹം. അതായിരുന്നു ക്രിസ്തു. പകരം വയ്ക്കുവാന്‍ മറ്റൊന്നില്ലാത്ത സ്‌നേഹത്തിനും ത്യാഗത്തിനും ക്രിസ്തുവെന്നാണ് പേര്.

ക്രിസ്തുവിനെ പോലെ ആരും നമ്മെ സ്‌നേഹിച്ചിട്ടില്ല..ക്രിസ്തുവിനെ പോലെ ആരും നമ്മെ മനസ്സിലാക്കിയിട്ടുമില്ല.. ക്രിസ്തുവിനെ പോലെ ആരും നമുക്ക് വേണ്ടി ത്യാഗം ചെയ്തിട്ടുമില്ല. സാമ്യപ്പെടുത്താന്‍ കഴിയാത്തവിധത്തിലുള്ള ഉയരങ്ങളിലാണ് ക്രിസ്തു.

ചില സങ്കടങ്ങളും സാമ്യങ്ങള്‍ക്കതീതമാണ്. ക്രിസ്തുവിന്റെ സങ്കടത്തെ പരിശുദ്ധ അമ്മയുടെ സങ്കടത്തോട് സാമ്യപ്പെടുത്താനാവുമോ? പരിശുദ്ധ അമ്മയുടെ സങ്കടത്തെ ക്രിസ്തുവിന്റെ സങ്കടത്തോട് സാമ്യപ്പെടുത്താനാവുമോ?

ഇല്ല.. ഓരോ സങ്കടങ്ങളും വ്യക്തികള്‍ക്കുള്ള അനന്യതപോലെ തന്നെയാണ്. തുലനം ചെയ്യപ്പെടാനാവാത്ത സങ്കടങ്ങള്‍.

മക്കളുടെ നഷ്ടമാണ് ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സങ്കടമെന്ന് പറയാറുണ്ട്. പക്ഷേ പുരാണത്തിലെ ഒരു കഥയനുസരിച്ച് ദാരിദ്ര്യം മൂലം മരണമടഞ്ഞ മക്കളുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് കൂട്ടിയിട്ട് അതിന് മുകളില്‍ കയറിനിന്ന് ഒരു പഴം പറിച്ച് തിന്ന് മരിക്കാതിരിക്കാന്‍ ശ്രമിക്കുന്ന ഒരമ്മയെക്കുറിച്ച് പറയുന്നുണ്ട്.സങ്കടപ്പെടുവാന്‍ നമുക്കുള്ള കാരണം എന്തുമായിക്കൊള്ളട്ടെ നമുക്ക് നമ്മുടെ തന്നെ സങ്കടമാണ് ഏറ്റവും വലുത് എന്നതാണ് പ്രധാനം.

ആ സങ്കടങ്ങള്‍ക്ക് വെളിയിലേക്ക് വന്ന് മറ്റുള്ളവരുടെ സങ്കടം കാണാന്‍ നമുക്ക് കണ്ണില്ല.തന്റെ ചെറിയ സങ്കടങ്ങളെ മറ്റുള്ളവരുടെ വലിയ സങ്കടത്തോട് സാമ്യപ്പെടുത്തി ആശ്വാസം കണ്ടെത്താന്‍ നമുക്ക് കഴിയാറുണ്ടോ?

കാല്‍ മുറിഞ്ഞതിന് ദൈവത്തോട് പരാതിപ്പെട്ടവന് കാലില്ലാത്തവനെ നോക്കി ദൈവത്തിന് നന്ദി പറയാന്‍ കഴിയാറുണ്ടോ? സാമ്യപ്പെടുത്തലുകള്‍ ഇങ്ങനെയും വേണം. എന്റെ കുറവുകളെ വലിയവരുടെ കൂടുതലുകളോട് താരതമ്യപ്പെടുത്തുമ്പോള്‍ എനിക്കൊരിക്കലും സമാധാനമോ സന്തോഷമോ അനുഭവിക്കാനാവില്ല. കാന്‍സര്‍ രോഗിക്ക് അദ്ദേഹത്തിന്റെ വേദന ഏറ്റവും വലുതാകുമ്പോള്‍ അതിന്റെ അംശം വേദനയുള്ള ഒരാള്‍ക്ക് അയാളുടെ വേദനയാണ് വലുത്. ഇതാണ് മറ്റുള്ളവന്റെ വേദനയിലേക്ക് മിഴിയും മനവും തിരിയ്ക്കാന്‍ നമുക്ക് കഴിയാതെ പോകുന്നതിന് കാരണം.

ക്രിസ്തു ആരെയും ആരോടും സാമ്യപ്പെടുത്തിയിട്ടില്ല എന്നൊരു ചിന്ത കൂടിയുണ്ട് പങ്കുവയ്ക്കാന്‍.. നീ നിന്നെപോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണമെന്നേ ക്രിസ്തു പറഞ്ഞിട്ടുള്ളൂ.. അല്ലാതെ നീ മത്തായിപോലെ സ്‌നേഹിക്കണം,യോഹന്നാനെപോലെ സ്‌നേഹിക്കണം..ഇല്ല ക്രിസ്തു അങ്ങനെ പറഞ്ഞിട്ടില്ല.

പക്ഷേ നമ്മുടെ വീടുകളില്‍ നമ്മുടെ കുഞ്ഞുമക്കളൊക്കെ എത്രയോ അധികമാണ് ഇത്തരത്തിലുള്ള സാമ്യപ്പെടുത്തലുകള്‍ക്ക് വിധേയരാകുന്നത് എന്ന് ഓര്‍ത്തുനോക്കുക. ഒരു പക്ഷേ ഒരു നന്മ കാട്ടി അവരെ അതുപോലെയാക്കുക എന്നതായിരിക്കാം നമ്മുടെ ഉദ്ദേശ്യം. പക്ഷേ അത് ചിലപ്പോഴെങ്കിലും അവരെ അപകര്‍ഷതാബോധമുള്ളവരാക്കുകയല്ലേ ചെയ്യുന്നത്?

മേലില്‍ അത്തരം സാമ്യപ്പെടുത്തലുകള്‍ക്ക് നമുക്ക് ആരെയും വിധേയമാക്കാതിരിക്കാം. അല്ലെങ്കില്‍ അങ്ങനെയൊരു ശ്രമമെങ്കിലും നടത്തിനോക്കാം. ഇനി സാമ്യപ്പെടുത്തിയാല്‍ അത് ക്രിസ്തുവിനോടാകട്ടെ.. ക്രിസ്തുവിനോട് സാമ്യപ്പെടുത്തിയാല്‍ നമ്മുടെ ജീവിതം പിന്നെ പഴയതുപോലെയാകില്ല. ഉറപ്പ്.

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login