ആര്‍എസ്എസുമായി യാതൊരു തരത്തിലുമുള്ള സഹകരണവുമില്ല: ഭാരതസഭ

ന്യൂഡല്‍ഹി: ആര്‍എസ്എസുമായി യാതൊരു തരത്തിലുള്ള സഹകരണത്തിനും ഉദ്ദേശിക്കുന്നില്ലെന്നും ഇതു സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഭാരതത്തിലെ സഭാനേതാക്കള്‍. ആര്‍എസ്എസിന്റെ നേതൃത്വത്തിലാരംഭിക്കുന്ന ക്രിസ്ത്യന്‍ മഞ്ചിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ തങ്ങള്‍ പങ്കെടുത്തു എന്ന വാര്‍ത്ത തെറ്റാണെന്നും ഇവര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്ന ക്രിസ്തുമസ് പരിപാടിയില്‍ നാല് ബിഷപ്പുമാര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പരിപാടി സംഘടിപ്പിച്ചത് ആര്‍എസ്എസ് ആണ് എന്നതിനെക്കുറിച്ച് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും സഭാനേതാക്കള്‍ വിശദീകരിച്ചു.കഴിഞ്ഞ ഡിസംബറില്‍ ക്രിസ്ത്യന്‍ മഞ്ച് രൂപീകരിക്കുന്നതിന്റെ ഭാഗമായി സഭാപ്രതിനിധികള്‍ യോഗം ചേര്‍ന്നെന്ന ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന തെറ്റാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

ആര്‍എസ്എസിന്റെ പ്രതികരണം തന്നെ ഞെട്ടിച്ചതായി ഫരീദാബാദ് രൂപതയുടെ ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ താനും പങ്കെടുത്തിരുന്നു. അതിനെ മതൈക്യം പ്രചരിപ്പിക്കുന്നതിനുള്ള വേദിയായാണ് കണ്ടത്. എന്നാല്‍ ഇത്തരമൊരു പ്രചരണത്തിന് അതായുധമാക്കുമെന്ന് താന്‍ കരുയിരുന്നില്ലെന്നും മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.

You must be logged in to post a comment Login