ആര്‍ച്ച് ബിഷപ്പിന് വേണ്ടി യുവജനങ്ങളുടെ പ്രാര്‍ത്ഥന

സിഡ്‌നി:സേക്രട്ട് ഹാര്‍ട്ട് കത്തോലിക്കപള്ളിയില്‍ ഇന്നലെ വൈകുന്നേരം യുവജനങ്ങള്‍ ഒരുമിച്ച് കൂടിയത് ഒരു പ്രത്യേക നിയോഗത്തിന് വേണ്ടിയായിരുന്നു. ഗിലന്‍ ബാരീ സിന്‍ഡ്രോം ബാധിതനായി ആശുപത്രിയില്‍കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ട ആര്‍ച്ച് ബിഷപ് അന്തോണി ഫിഷറിന്റെ രോഗസൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി..

കാത്തലിക് യൂത്ത് സര്‍വീസ്, കാത്തലിക് യൂണിവേഴ്‌സിറ്റി ചാപ്ലെയ്ന്‍സീസ്, യൂണിവേഴ്‌സിറ്റി ഓഫ് നോട്രഡാം ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയന്‍ കാത്തലിക് യൂണിവേഴ്‌സിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രാര്‍ത്ഥന. വിശുദ്ധ കുര്‍ബാന, ആരാധന, സംഗീതം എന്നിവയുണ്ടായിരുന്നു.

പ്രാര്‍ത്ഥനയ്ക്ക് ശേഷം തങ്ങളുടെ പിന്തുണയും സ്‌നേഹവും അറിയിക്കുന്നതിനായി യുവജനങ്ങള്‍ ആര്‍ച്ച് ബിഷപ്പിനെ പ്രവേശിപ്പിച്ചിരിക്കുന്ന സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലിലുമെത്തി. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ആശുപത്രിയുടെ ജാലകവാതില്ക്കല്‍ ആര്‍ച്ച് ബിഷപ് പ്രത്യക്ഷപ്പെട്ടു. പുഞ്ചിരിയോടെ അവരെ അദ്ദേഹം അഭിവാദ്യം ചെയ്തു. മൊബൈല്‍ ഫോണിന്റെ ലൗഡ് സ്പീക്കര്‍ ഓണാക്കി അവരോട് തന്റെ നന്ദി അറിയിക്കാനും ആര്‍ച്ച് ബിഷപ് മറന്നില്ല.

You must be logged in to post a comment Login