ആര്‍ച്ച് ബിഷപ് ഡോ. റാഫേല്‍ ചീനാത്തിന് വിട

ആര്‍ച്ച് ബിഷപ് ഡോ. റാഫേല്‍ ചീനാത്തിന് വിട

മുംബൈ: കാലം ചെയ്ത കട്ടക്- ഭുവനേശ്വര്‍ അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ് ഡോ. റാഫേല്‍ ചീനാത്തിന്റെ ഭൗതികശരീരം കബറടക്കി. മുംബൈ അന്ധേരി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ നടന്ന കബറടക്ക ശുശ്രൂഷകള്‍ക്കു മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികത്വം വഹിച്ചു.

തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുതുകുളങ്ങര, കട്ടക്- ഭുവനേശ്വര്‍ ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ ബര്‍വ, ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, കല്യാണ്‍ രൂപത ബിഷപ് മാര്‍ തോമസ് ഇലവനാല്‍ എന്നിവരടക്കം 17 ബിഷപ്പുമാരും മുന്നൂറോളം വൈദികരും സന്യസ്തരും കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുത്തു.

നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുതുകുളങ്ങര ചരമപ്രസംഗം നടത്തി.തുടര്‍ന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡോ. ജോണ്‍ ബറുവ, റോമില്‍നിന്നുള്ള എസ്‌വിഡി സഭയുടെ ജനറല്‍ കൗണ്‍സിലര്‍ റവ.ഫാ. പൗളൂസ് ബുഡി ക്ലിഡന്‍ എന്നിവര്‍ ഡോ. ചീനാത്തിന്റെ വേര്‍പാടില്‍ അനുശോചനമര്‍പ്പിച്ചു സംസാരിച്ചു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു.

കാന്‍സര്‍ രോഗബാധിതനായ ഡോ. ചീനാത്ത് ഞായറാഴ്ച രാത്രിയാണ് കാലം ചെയ്തത്.

You must be logged in to post a comment Login