ആര് പറഞ്ഞു ഫ്രാന്‍സിസ് പാപ്പായ്ക്ക് ഡാന്‍സ് അറിയില്ലെന്ന്!

ആര് പറഞ്ഞു ഫ്രാന്‍സിസ് പാപ്പായ്ക്ക് ഡാന്‍സ് അറിയില്ലെന്ന്!

അല്‍ബേനിയയില്‍ നിന്നുള്ള ആറുവയസ്സുകാരി പ്രയ്‌ലയുടെ സംശയം അതായിരുന്നു, ഫ്രാന്‍സിസ് പാപ്പാ കുട്ടിയായിരുന്നപ്പോള്‍ ഡാന്‍സ് ചെയ്യുമായിരുന്നോ. കുട്ടികളുടെ ചോദ്യമാകുമ്പോള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമെന്ന് പേടിക്കേണ്ട കാര്യമില്ലെന്നറിയാവുന്ന പാപ്പാ ഉടനെ പറഞ്ഞു: ‘പിന്നല്ലാതെ! ഒരു പാട് നൃത്തം ചെയ്തിട്ടുണ്ട്, ഞാന്‍. കുട്ടികളുടെ കൂടെയായിരിക്കാന്‍ വല്യ ഇഷ്ടമായിരുന്നു എനിക്ക്. അവരോടൊപ്പം കളിക്കാനും ഡാന്‍സ് ചെയ്യാനും. ഡാന്‍സ് എന്നു പറയുമ്പോള്‍ നല്ല അര്‍ജന്റീനിയന്‍ നൃത്തം. കുറേ തമാശ കാണിച്ചിട്ടുണ്ട്, അക്കാലത്ത്!’ പാപ്പാ കുട്ടികളെ പോലെ മനസ്സു തുറന്നു.

ടീനേജ് പ്രായത്തില്‍ ടാംഗോ നൃത്തമായിരുന്നു, ബര്‍ഗോലിയോക്ക് പ്രിയം. നൃത്തം എന്ന് ആനന്ദകരമായ ഒരു അനുഭവമാണെന്ന് സമ്മതിക്കാനും പാപ്പ മടി കാണിച്ചില്ല.

‘സങ്കടപ്പെട്ടിരിക്കുന്ന ഒരാള്‍ക്ക് നൃത്തം ചെയ്യാനാവില്ല. കുട്ടികള്‍ക്കുള്ള ഒരു ഗുണം എന്താണെന്നു വച്ചാല്‍ അവര്‍ക്ക് എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാകും. ഇതു കൊണ്ടാണ് ചെറുപ്പമായിരിക്കുമ്പോള്‍ അവര്‍ക്ക് നൃത്തം ചെയ്യാനും സന്തോഷം മറ കൂടാതെ പ്രകടിപ്പിക്കാനും സാധിക്കുന്നത്.’ ഈ സന്തോഷം ഹൃദയത്തില്‍ അനുഭവിക്കാന്‍ കഴിയാത്തവരാണ് എപ്പോഴും ഗൗരവക്കാരായി ഇരിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

‘പ്രായമാകുമ്പോള്‍ സീരിയസ് മനുഷ്യരാകാതിരിക്കാന്‍ കുട്ടികളേ, നിങ്ങള്‍ ഡാന്‍സ് ചെയ്യൂ!’ പാപ്പാ ചിരിച്ചു കൊണ്ടു പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 കുട്ടുകളാണ് പാപ്പായ്ക്ക് തങ്ങളുടെ കുഞ്ഞുമനസ്സില്‍ വിടര്‍ന്ന കുട്ടിച്ചോദ്യങ്ങള്‍ അയച്ചു കൊടുത്തത്. ചോദ്യങ്ങള്‍ക്കൊപ്പം തങ്ങള്‍ വരച്ച ചിത്രങ്ങളും അവര്‍ പാപ്പായ്ക്കു നല്‍കി. കുട്ടിച്ചോദ്യങ്ങള്‍ക്കുള്ള പാപ്പായുടെ ഉത്തരങ്ങളടങ്ങിയ പുസ്തകം മാര്‍ച്ച് 1 ന് ഈശോ സഭയുടെ നേതൃത്വത്തിലുള്ള ലൊയോള പ്രസ് പ്രകാശനം ചെയ്യും.

 

ഫ്രേസര്‍

You must be logged in to post a comment Login