ആല്‍ബര്‍ട്ട് വാക്ക് പാലിച്ചു, ഫിഫ്റ്റി, ഫിഫ്റ്റി

എവിടെ നിന്നാണ് തനിക്ക് ഒരു പെനി വരുക എന്ന് ആലോചിച്ച് നിസ്സഹായനായി കട്ടിലില്‍ കിടക്കുകയായിരുന്നു ആ ശനിയാഴ്ച ആല്‍ബര്‍ട്ട് ഗ്വുബെ എന്ന ചെറുപ്പക്കാരനായ ബിസിനസുകാരന്‍. അപ്പോള്‍ അവിടെ വച്ച് ആല്‍ബര്‍ട്ട് ദൈവവുമായി ഒരു ഉടമ്പടിയിലേര്‍പ്പെട്ടു. ദൈവമേ നീയെന്നെ വിജയാളിയായ ഒരു ബിസിനസുകാരനായി തീരാന്‍ സഹായിച്ചാല്‍ ജീവിതകാലം കൊണ്ട് ഞാന്‍ സമ്പാദിക്കുന്നതിന്റെ പാതി ഞാന്‍ മരിക്കുന്ന നേരത്ത് കത്തോലിക്കാസഭയ്ക്കുള്ളതാണ്.

ആ വാക്കുകളിലെ ആത്മാര്‍ത്ഥത മനസ്സിലാക്കിയതുകൊണ്ടാണോ എന്നറിയില്ല ദൈവം ആല്‍ബര്‍ട്ടിനെ വളര്‍ത്തി. ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ 698- മത്തെ വ്യക്തിയായിരുന്നു 2016 ജനുവരി ആറിന് അദ്ദേഹം മരിക്കുമ്പോള്‍.

സാധാരണയായി പണം കൂടും തോറും മനുഷ്യന് അത്യാഗ്രഹവും സ്വാര്‍ത്ഥതയും വര്‍ദ്ധിച്ചുവരികയാണല്ലോ ചെയ്യുന്നത്? പക്ഷേ ആല്‍ബര്‍ട്ട് അങ്ങനെയായിരുന്നില്ല. അതുകൊണ്ടാണ് തന്റെ പാതി സ്വത്ത് കത്തോലിക്കാസഭയ്ക്ക് നല്കി വാക്ക് പാലിച്ച് അദ്ദേഹം കടന്നുപോയത്.

ദൈവവുമായി താന്‍ നടത്തിയ ഫിഫ്റ്റി ഫിഫ്റ്റി ഉടമ്പടിയെക്കുറിച്ച് ബിബിസിയ്ക്കും ആര്‍റ്റിഈ ടെലിവിഷനും നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ജീവിച്ചിരുന്നപ്പോള്‍ തന്നെ സഭയ്ക്ക് അകമഴിഞ്ഞ സാമ്പത്തികസഹായം നല്കിയ വ്യക്തിയായിരുന്നു ആല്‍ബര്‍ട്ട്. നിരവധി പള്ളികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. തന്റെ അമ്മയുടെ ഓര്‍മ്മയ്ക്കായി ലെയ്ക്‌സിലിപ്പിവെ ഔര്‍ ലേഡി ഓഫ് ദ നേറ്റിവിറ്റി ചര്‍ച്ചിന്റെ കൂട്ടിച്ചേര്‍ക്കലും നടത്തിയിട്ടുണ്ട്. അതുപോലെ നിരവധി കാരുണ്യസംഘടനകള്‍ക്കായി കൈ അയച്ച് അദ്ദേഹം സംഭാവന നല്കിയിട്ടുണ്ട്.

സഭയ്ക്കും സമൂഹത്തിനും നല്കിയ സംഭാവനകളെ മാനിച്ച് പേപ്പല്‍ നൈറ്റ്ഹുഡ് നല്കി സഭ അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇറാക്കി ജൂതനായ പിതാവിന്റെയും റോമന്‍ കാത്തലിക്കായ ഐറീഷുകാരി മാതാവിന്റെയും മകനായി 1928 ഏപ്രില്‍ 9 ന് ആയിരുന്നു ആല്‍ബര്‍ട്ടിന്റെ ജനനം. രണ്ടാം ലോകമഹായുദ്ധകാലത്ത് മിഠായിവിതരണം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ബിസിനസ് രംഗത്തേക്ക് പ്രവേശിച്ചത്.

മനുഷ്യനും ദൈവത്തിനും നല്കിയ വാക്കുകള്‍ സൗകര്യപൂര്‍വ്വം വിസ്മസരിച്ചുകളയുന്ന ഭൂരിപക്ഷത്തിനും ആല്‍ബര്‍ട്ട് ഒരു പാഠമാണ്, വാക്ക് മറന്നുപോകരുതെന്ന പാഠം.

You must be logged in to post a comment Login