ആശുപത്രിക്കുള്ളില്‍ ഒരു മഞ്ഞുകൂടാരം…

ആശുപത്രിക്കുള്ളില്‍ ഒരു മഞ്ഞുകൂടാരം…

മഞ്ഞുകാലം ലൂസിക്ക് ഏറെ ഇഷ്ടമാണ്, മഞ്ഞില്‍ കളിക്കാനും.. എന്നാല്‍ മറ്റു കുട്ടികള്‍ മഞ്ഞില്‍ കളിക്കുന്നത് നിസ്സഹായയായി നോക്കിനില്‍ക്കാനേ ലൂസിക്ക് കഴിഞ്ഞിരുന്നുള്ളൂ. പ്രതിരോധശേഷിയില്ലാത്തതു മൂലം അവര്‍ക്കൊപ്പം കളിക്കാന്‍ ലൂസിക്ക് സാധിച്ചിരുന്നില്ല. സങ്കല്‍പങ്ങളില്‍ ഒരായിരം മഞ്ഞുകാലങ്ങള്‍ തീര്‍ത്ത്, ആ മഞ്ഞുകൂടാരങ്ങളില്‍ വിശ്രമിച്ച് അവള്‍ ദിവസങ്ങള്‍ തള്ളിനീക്കി.

ഒടുവില്‍ ആശുപത്രിയില്‍ ലൂസിയെ ചികിത്സിച്ചിരുന്ന നേഴ്‌സ് അവളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി രംഗത്തെത്തി. മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കു ശേഷം മെരിലാന്റിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ വിശ്രമത്തിലായിരുന്നു അവളപ്പോള്‍.ഏഴുവയസ്സുകാരിയുടെ ആഗ്രഹം സഫലമാക്കാന്‍ ആശുപത്രിയിലെ മറ്റധികൃതരും രംഗത്തെത്തി.

ഒരു ബാത്ത്ടബ് നിറയെ മഞ്ഞു നിറച്ച് അവര്‍ ലൂസിയുടെ മുന്നില്‍ മഞ്ഞുകാലമൊരുക്കി. അവളുടെ മൊട്ടത്തലയില്‍ അവര്‍ വാത്സല്യപൂര്‍വ്വം തലോടി. കൂടെക്കളിക്കാന്‍ സമപ്രായക്കാര്‍ ആരുമില്ലായിരുന്നെങ്കിലും ആശുപത്രിക്കുള്ളില്‍ തീര്‍ത്ത ആ മഞ്ഞുകൊട്ടാരം ലൂസിക്ക് ഏറെ ഇഷ്ടമായി. അവള്‍ ആ മഞ്ഞുകട്ടകള്‍ കൊണ്ട് മഞ്ഞുമനുഷ്യനെ നിര്‍മ്മിച്ചു. നാളുകള്‍ക്കു ശേഷം തന്റെ കുഞ്ഞ് വേദനപോലും മറന്ന് ചിരിക്കുന്നതുകണ്ട് അമ്മ ജാനിന്റെ കണ്ണുകള്‍ നിറഞ്ഞു.

ഡിസ്ചാര്‍ജ്ജ് ചെയ്യുംവരെ ലൂസിയുടെ പ്രധാന വിനോദമായിരുന്നു ആ മഞ്ഞുകൊട്ടാരത്തില്‍ കളിക്കുക എന്നത്. ആശുപത്രിയിലെ സുമനസ്സുകളോട് നിറകണ്ണുകളോടെ നന്ദി പറഞ്ഞതിനു ശേഷമാണ് അമ്മ ജാന്‍ മടങ്ങിയത്.

You must be logged in to post a comment Login