ആശ്രമമൃഗമാണ്, കൊല്ലരുത്, പ്ലീസ്…

ആശ്രമമൃഗമാണ്, കൊല്ലരുത്, പ്ലീസ്…

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരു വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതായിരുന്നു ഞാന്‍. ‘സാന്താ മാര്‍ത്ത’യില്‍ ജോലിചെയ്യുന്ന ഒരു സിസ്റ്ററിനെ നടത്തത്തിനിടയില്‍ കണ്ടുമുട്ടി. സംസാരിച്ചുനില്‍ക്കുന്‌പോള്‍ വയോവൃദ്ധനായ ഒരു പുരോഹിതശ്രേഷ്ഠന്‍ ഞങ്ങളുടെയടുത്തെത്തി. ഇന്ത്യയിലും മറ്റുപല രാജ്യങ്ങളിലും വത്തിക്കാന്റെ നയതന്ത്രപ്രതിനിധി ആയിരുന്ന ഒരാള്‍. കേരളീയന്‍ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കുസൃതിചിരിയോടെ പറഞ്ഞു: ‘The most arguementative and opinionated people in the world’.
പിന്നെ, കുശലം പറഞ്ഞു ചിരിച്ച് മെല്ലെ അദ്ദേഹം നടന്നകന്നു.

പതിനാറാം നൂറ്റാണ്ടില്‍ കേരളത്തില്‍ സുവിശേഷപ്രഘോഷണം നടത്തിയ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ റോമിലെ ജെസ്യൂട്ട് സഭാ സുപ്പീരിയര്‍ ജനറലിന് അയച്ച കത്തില്‍ മലയാളികളെക്കുറിച്ചു പറയുന്നത് ഇങ്ങനെ: ‘തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചു വാതോരാതെ സംസാരിക്കാനും തര്‍ക്കിച്ചുകൊണ്ടിരിക്കാനും മിടുക്കരാണ് ഇവിടുത്തെ ആണുങ്ങള്‍.’

നാലഞ്ചു നൂറ്റാണ്ട് കടന്നുപോയി; പേരാറിലും പെരിയാറിലും ഒരുപാട് ജലവുമൊഴുകി. എന്നിട്ടും മലയാളിയുടെ പതിവുശീലങ്ങള്‍ക്ക് മാറ്റമില്ലെന്നതാണ് കഷ്ടം. ഏതാള്‍ക്കൂട്ടത്തിലും തിരിഞ്ഞുനിന്നു കൊഞ്ഞനംകാട്ടി ശ്രദ്ധക്ഷണിക്കുന്ന മലയാളി, ന്യൂക്ലിയര്‍ സയന്‍സിനെക്കുറിച്ചുപോലും വാതോരാതെ പുലന്പി അറിവുവിളന്പുന്ന മലയാളി. മുന്‍പ് ചില ഫുട്‌ബോള്‍ കളികള്‍ക്കിടയില്‍ കണ്ടിട്ടുണ്ട്, ജയാരവങ്ങള്‍ക്കിടയില്‍ ഉടുതുണിയുരിഞ്ഞു ‘സ്ട്രീക്കിങ്’ നടത്തി ശ്രദ്ധനേടുന്നവര്‍!

ഇത്രയും വിവരിച്ചുപറഞ്ഞത് ബ്രിട്ടനിലെ പുതിയ സീറോ മലബാര്‍ രൂപതയെക്കുറിച്ചും അധ്യക്ഷനെക്കുറിച്ചും ഒളിഞ്ഞും തെളിഞ്ഞുമുള്ള അപഹസിക്കലുകള്‍ സോഷ്യല്‍ മീഡിയയില്‍ ആവോളം കണ്ടതുകൊണ്ടാണ്; അതിനെതിരെ കലാപസ്വരമുയര്‍ത്തുകയും നിഷേധാത്മകമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷത്തെക്കുറിച്ച് പറയാനാണ്. വാക്കുകള്‍ക്ക് മൂര്‍ച്ചകൂടുന്നതില്‍ ക്ഷമിക്കണം, അല്ലാതെ തരമില്ല.

എന്തിനാണ് ഇങ്ങനെയൊരു രൂപത? നിലവിലുള്ള സംവിധാനങ്ങള്‍ പോരേ? എന്നൊക്കെയാണ് ഒളിച്ചും തെളിഞ്ഞുമൊക്കെയുള്ള ചോദ്യങ്ങള്‍. പൗലോസ് ശ്ലീഹ പറയുന്നതുപോലെ സംശയമനസ്‌ക്കരും ദുര്‍ബലരുമായ ചില വിശ്വാസികളെങ്കിലും ഇത്തരം പ്രചരണങ്ങളില്‍ മയങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. അത്തരക്കാര്‍ക്കെങ്കിലും ഒരു തിരിച്ചറിവിനും വീണ്ടുവിചാരത്തിനും വേണ്ടി ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ.

നമ്മുടെ പൈതൃകങ്ങളും വേരുകളുമാണ് നമ്മുടെ ഐഡന്റിറ്റി. ഈ രാജ്യത്തെ ആറരക്കോടിയോളം വരുന്ന ജനങ്ങള്‍ക്കിടയില്‍ അത്യന്തം ദുര്‍ബലമായ ഒരു ന്യൂനപക്ഷം. ദൈവവിളികള്‍ നാമാവശേഷമായി അന്യംനിന്നുപോയ സന്യാസഭവനങ്ങള്‍, വിജനമായി വരുന്ന ദേവാലയങ്ങള്‍, വര്‍ഷത്തില്‍ ഒരു വിവാഹം പോലും നടക്കാത്ത ഇടവകകള്‍, വിവാഹിതരായി ജീവിക്കുന്നവരേക്കാള്‍ വെറുതെ ഒന്നിച്ചുതാമസിച്ചു ജീവിതം പങ്കിടുന്ന ഇണകള്‍, വൈകൃതങ്ങളും വെറിക്കൂത്തുകളും നിറഞ്ഞ വൈകുന്നേരങ്ങള്‍. ഇത്തരമൊരു നാട്ടിലാണ് ദാന്പത്യവിശ്വസ്തതയും ജീവിതവിശുദ്ധിയുമുള്ള തവിട്ടുനിറമുള്ള ഒരുപറ്റം ഇന്ത്യക്കാരുടെ വരവ്. യുകെയിലെ പല കത്തോലിക്കാ ഇടവകകളിലും മലയാളികള്‍ സജീവസാന്നിധ്യമായി.

മൂന്നുവര്‍ഷം മുന്‍പ് എന്റെ പ്രിയപ്പെട്ടവളുടെ മൃതസംസ്‌കാരചടങ്ങിനെത്തിയ വെള്ളക്കാരായ സുഹൃത്തുക്കള്‍ അന്പരന്നു ചോദിച്ചു: ‘നിങ്ങള്‍ക്ക് ഇത്രമാത്രം ബന്ധുക്കള്‍ എവിടെയുണ്ടോ?’

ദേവാലയത്തിന് അകത്തും പുറത്തും തിങ്ങിക്കൂടിയ ആയിരങ്ങളെക്കണ്ട് അത്ഭുതംകൂറുകയായിരുന്നു അവര്‍. കത്തോലിക്കാ സ്‌കൂളിന്റെ ഗവര്‍ണര്‍ എന്ന നിലയിലും കാത്തലിക് പ്രഫഷനലുകളുടെ കൂട്ടായ്മയായ ‘കറ്റീനിയന്‍’ അംഗം എന്ന നിലയിലും നൂറോളം വെള്ളക്കാരും പങ്കെടുത്ത ചടങ്ങായിരുന്നു അത്. ഇവിടുത്തെ തദ്ദേശീയരുടെ മൃതസംസ്‌കാരവേളയില്‍ വിരലില്‍ എണ്ണാവുന്ന ആളുകളെമാത്രം കണ്ടിട്ടുള്ളവരുടെ അന്പരപ്പ് ആയിരുന്നു അത്.

ആ ചടങ്ങുകള്‍ അത്യന്തം ഒരുക്കിയതും നേതൃത്വം നല്‍കിയതും യുകെയിലെ മലയാളി വൈദീകരും സുഹൃത്തുക്കളുമാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആ പ്രവൃത്തിദിവസത്തെ ജോലിപോലും വേണ്ടെന്നുവച്ച് ഓടിക്കൂടിയവര്‍. ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സഹോദരങ്ങളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു; അതാണ് നമ്മുടെ കൂട്ടായ്മ, അതാണ് നമ്മുടെ സാഹോദര്യം. ഇനി പറയൂ, വെള്ളക്കാരില്‍ നിന്നോ മറ്റേതെങ്കിലും കൂട്ടരില്‍നിന്നോ നമുക്ക് കിട്ടുമോ ഈയൊരു സ്‌നേഹസാന്ത്വനം?

ഒന്ന് ശരിയാണ്; കുടിയേറ്റങ്ങള്‍ ഓരോ രാജ്യത്തെയും മത, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മണ്ഡലങ്ങളില്‍ അവിസ്മരണീയമായ അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ടെന്നത്; കൊണ്ടും കൊടുത്തും വാങ്ങുന്ന സങ്കലനസംസ്‌കാരം അതിന്റെ ഭാഗമാണ്. ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ മധ്യതിരുവിതാംകൂറില്‍ നിന്നുണ്ടായ മലബാര്‍ കുടിയേറ്റത്തെ ഓര്‍മ്മിക്കുക. ഒരു ദേശത്തിന്റെ തന്നെ മുഖസ്ഥിതിയെ മാറ്റുവാന്‍ ആ കുടിയേറ്റങ്ങള്‍ക്ക് കഴിഞ്ഞു. സമാനമായ ഒരു കുടിയേറ്റം യുകെയുടെ ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

സിംഗപ്പൂരിന്റെയും മലേഷ്യയുടെയും സ്വാതന്ത്ര്യലബ്ധിയെതുടര്‍ന്നായിരുന്നു യുകെയുടെ ചരിത്രത്തിലെ മലയാളി കുടിയേറ്റത്തിന്റെ ആരംഭം. 1965 ല്‍ ആയിരുന്നു ഇതിന്റെ തുടക്കം. ഇങ്ങനെ കുടിയേറിയവരില്‍ ഭൂരിഭാഗവും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ലത്തീന്‍ സമുദായാംഗങ്ങളായിരുന്നു. ഈസ്റ്റ് ഹാം, സൗത്ത് ഹാള്‍, ക്രോയ്ഡന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അവര്‍ ജീവിതം കരുപിടിപ്പിക്കാന്‍ ശ്രമിച്ചത്. മൂവായിരത്തോളം കുടുംബങ്ങളായിരുന്നു അപ്രകാരം ഉണ്ടായിരുന്നത്.

മലയാളി കുടിയേറ്റത്തിന്റെ രണ്ടാമത്തെ ചരിത്രം70- 80 കാലഘട്ടത്തിലേതായിരുന്നു. ഈ ഘട്ടത്തില്‍ ഡോക്ടര്‍മാരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും കുടുംബങ്ങളായിരുന്നു കുടിയേറിയത്. ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങളാണ് ഇപ്രകാരം ഇവിടെയെത്തിയത്.
മുന്‍പുപറഞ്ഞ രണ്ടു കുടിയേറ്റങ്ങളിലെയും മലയാളി കുടുംബങ്ങളുടെ രണ്ടാം തലമുറ ഇവിടുത്തെ തനതുരീതികളില്‍ ജീവിക്കാന്‍ ആഗ്രഹിച്ചവരാണ്. കേരളീയമായ വിശ്വാസവും സാംസ്‌കാരികവിദ്യാഭ്യാസവും ലഭിക്കാതെപോയവരാണ് ആ തലമുറ.

രണ്ടായിരാമാണ്ടുമുതല്‍ ടോണി ബ്ലെയറിന്റെ നേതൃത്വത്തിലുള്ള ലേബര്‍ ഗവണ്‍മെന്റ് കൊണ്ടുവന്ന ഉദാരമായ ഇമിഗ്രെഷന്‍ നിയമങ്ങളുടെ ഗുണഫലമാണ് യുകെയിലേക്കുള്ള മൂന്നാംഘട്ട മലയാളി കുടിയേറ്റം. നാഷനല്‍ ഹെല്‍ത്ത് സര്‍വീസിനു വേണ്ടി നേഴ്‌സുമാരും അപൂര്‍വം ചില ഡോക്ടേഴ്‌സും വന്നു. ഐടി മേഖലയിലെ കുതിപ്പിനെതുടര്‍ന്ന് ആ മേഖലയിലെ പ്രഫഷനലുകളും എത്തി. ഉന്നതവിദ്യാഭ്യാസം തേടി എത്തിയവയും ധാരാളം.

ഏതാണ്ട് 25,000 കുടുംബങ്ങളാണ് ഈ മൂന്നാംഘട്ടത്തില്‍ യുകെയില്‍ എത്തിയത്. സ്വന്തം മണ്ണിന്റെ മണവും സംസ്‌കാരവും നിലനിര്‍ത്താനും അതിനുസരിച്ച് ജീവിക്കാനും ഇഷ്ടപ്പെട്ടിരുന്നവരായിരുന്നു അവര്‍. സാഹചര്യം കൊണ്ട് അകലെയാണെങ്കിലും അവര്‍ തങ്ങളുടെ ഇടവകപ്പള്ളിയും അവിടുത്തെ ശുശ്രൂഷകളും മനസ്സില്‍ എന്നും സൂക്ഷിച്ചിരുന്നവരായിരുന്നു. പലരും ഗള്‍ഫ് മേഖലയിലെ ആത്മീയവറുതിയില്‍ നിന്ന് വന്നവര്‍. സാന്പത്തികമായ സുരക്ഷിതത്വം ഉള്ളപ്പോഴും ആത്മീയമായ സമൃദ്ധി അനുഭവിക്കാന്‍ കഴിയാതെ പോയവരായിരുന്നു അവര്‍.

2003 ലാണ് ഞാന്‍ മീഡിയ പഠനവുമായി ബന്ധപ്പെട്ട് യുകെയിലെത്തിയത്. അന്ന് പരിചയപ്പെട്ട പലരും പങ്കുവച്ച ഒരു കാര്യം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. മലയാളത്തില്‍ കുന്പസാരിക്കാനും കുര്‍ബാന കാണാനും അദമ്യമായ ആഗ്രഹമുണ്ട് എന്നായിരുന്നു അവരുടെ തുറന്നുപറച്ചില്‍. അത്തരക്കാരുടെ ആഗ്രഹവും പ്രാര്‍ത്ഥനയുമാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളി വൈദികരുടെ സാന്നിധ്യവും ശുശ്രൂഷയും പരിമിതികളോടെയാണെങ്കിലും അനുഭവിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കിയത്.

ഫാ.ജോസഫ് നരിക്കുളം, ഫാ. റോബര്‍ട്ട് പുതുശ്ശേരി, ഫാ. ബിജു ജോണ്‍ കൊച്ചുപറന്പില്‍, ഫാ. ചാക്കോ പനത്തറ, ഫാ. മാത്യു തോട്ടത്തിമ്യാലില്‍ തുടങ്ങിയ വൈദീകര്‍ അക്കാലത്ത് യുകെയിലെ മലയാളികളുടെ ആത്മീയാവശ്യങ്ങള്‍ നിര്വഹിച്ചുപോന്നു. പലപ്പോഴും വീടുകളിലും അപൂര്‍വം ദേവാലയങ്ങളിലും നടന്ന മലയാളം കുര്‍ബാനയും കുന്പസാരവുമെല്ലാം മലയാളികളെ ഒട്ടൊന്നുമല്ല ആനന്ദിപ്പിച്ചത്. അനൗദ്യോഗികമായിട്ടാണ് ഇത് ആരംഭിച്ചതെങ്കിലും 2005 നവംബറില്‍ വെസ്റ്റ് മിനിസ്റ്റര്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍സിയെ ഔദ്യോഗികമായി അംഗീകരിച്ചു. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ദേശീയതലത്തില്‍ ഇതിന് അംഗീകാരം കിട്ടുകയും ഫാ. തോമസ് പാറയടിയെ നാഷനല്‍ കോഓര്‍ഡിനേറ്ററായി നിയമിക്കുകയും ചെയ്തു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതോടെ യുകെയിലും യൂറോപ്പിലുമുള്ള മലയാളികള്‍ക്ക് ഒരു ഇടയനും ഒരു രൂപതയും എന്ന സ്വപ്!നം യാഥാര്‍ഥ്യത്തോട് കൂടുതല്‍ അടുത്തു. സ്വന്തമായി ഒരു ദേവാലയത്തിന്റെ അഭാവമായിരുന്നു വലിയൊരു പ്രശ്‌നം. ലങ്കാസ്റ്റര്‍ രൂപതയില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ആയിരുന്ന ഫാദര്‍ മാത്യു ചൂരപ്പൊയ്കയിലിന്റെ ശ്രമഫലമായി പ്രെസ്റ്റണിലെ മനോഹരമായ ഒരു ദേവാലയം ലഭിച്ചു; അവിടുത്തെ ലത്തീന്‍ അതിരൂപതയുടെ അതിശ്രേഷ്ഠമായ ദാനം.

അവയുടെയെല്ലാം പരിണിത ഫലമായാണ് ഇപ്പോള്‍ സീറോ മലബാര്‍ സഭക്ക് പ്രസ്റ്റണ്‍ കേന്ദ്രമായി പുതിയ രൂപത അനുവദിച്ചുകിട്ടിയിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ്, സ്‌കോട്ട്‌ലന്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നീ ബിഷപ്‌സ് കൗണ്‍സിലുകളില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യമുള്ള രൂപതയാണ് ഇത്. ഇത് വലിയൊരു അംഗീകാരമാണ്. സീറോമലബാര്‍ സഭാവിശ്വാസികള്‍ക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന കാര്യവും.

എന്നാല്‍ അതൊന്നും കാണാതെ അതിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തീര്‍ത്തും അക്രൈസ്തവമെന്നേ പറയാന്‍ കഴിയൂ.
ദേശം വ്യത്യസ്തമാണെങ്കിലും സ്വന്തം സംസ്‌കാരത്തിന്റെയും നാടിന്റെയും ഭാഗമാണെന്ന് ഓര്‍മ്മിച്ചുകൊണ്ട് മാതൃഭാഷയില്‍ ആരാധനകളില്‍ പങ്കെടുക്കാനും ആത്മീയശുശ്രൂഷകള്‍ അനുഭവിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ആരാധനക്രമം എന്ന് പറയുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. സ്വന്തം വേരുകളെ തിരിച്ചറിയുന്നതിന്റെയും അത് സൂക്ഷിക്കുന്നതിന്റെയും ഭാഗമാണത്.

ക്രിസ്തു സംസാരിച്ച ‘അറമായ സുറിയാനി’ ഭാഷ ആരാധനകള്‍ക്ക് ഉപയോഗിക്കാന്‍ അപൂര്‍വ ഭാഗ്യം കിട്ടിയവരാണ് നമ്മള്‍. സിറിയയും സുറിയാനിയും തമ്മില്‍ ബന്ധമൊന്നുമില്ല. യഹൂദപാരന്പര്യത്തില്‍ പെസഹാ ആചരിക്കുന്ന ലോകത്തിലെ ഏക ക്രൈസ്തവ സമൂഹം സുറിയാനി ക്രിസ്ത്യാനികളാണ് എന്നത് ഇതിനോട് ചേര്‍ത്തുവായിക്കുക. ക്രിസ്തുവിനോളം പിഞ്ചെല്ലുന്ന ഈ പാരന്പര്യത്തെ നമ്മള്‍ തട്ടിതെറിപ്പിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്. ആരാധനാക്രമം അനന്യമായ ഒരു സന്പത്ത് ആകുന്നത് അതുകൊണ്ടാണ്; അതിന്റെ പേരില്‍ രോഷംകൊണ്ടിട്ട് കാര്യമില്ല.

ഇവിടുത്തെ രണ്ടാം തലമുറയില്‍ പെട്ടവര്‍ക്ക് ഇംഗ്ലീഷ് കുര്‍ബാനകളോടായിരിക്കാം പഥ്യം. ചെറുപ്പം മുതല്‍ക്കേ അത് കിട്ടി വന്നതുകൊണ്ടാണ് അവര്‍ക്ക് അതിനോട് താല്പര്യം. സീറോ മലബാര്‍ കുര്‍ബാനയിലെ പാട്ടുകളോ പ്രാര്‍ത്ഥനകളോ അവര്‍ക്കറിയില്ല. തന്മൂലം അവര്‍ക്ക് നഷ്ടമായത് അവരുടെ പാരന്പര്യവും വേരുകളുമാണ്. ഇനിയൊരു തലമുറയ്ക് കൂടി ഈ ‘വേരുനഷ്ടം’ സംഭവിക്കാതിരിക്കാനുള്ള സഭയുടെ ജാഗരൂകമായ ഇടപെടലാണ് പുതിയ രൂപത.

യുകെയില്‍ കുടിയേറിയിരിക്കുന്ന സീറോ മലബാര്‍സഭാംഗങ്ങളുടെ കുടുംബങ്ങളിലെ നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് പ്രാര്‍ത്ഥന ചോദിച്ചും പരിഹാരം ആവശ്യപ്പെട്ടും അവര്‍ കയറിച്ചെല്ലാന്‍ ആഗ്രഹിക്കുന്നത് ഏതെങ്കിലും ഒരു വെള്ളക്കാരനായ വൈദികന്റെ അടുക്കലേക്കല്ല, മറിച്ച് മലയാളി വൈദികന്റെ അടുക്കലേക്കാണ്. സംശയമുള്ളവര്‍ ഇപ്പോള്‍ റാംസ്‌ഗേറ്റിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലുള്ള ഫാദര്‍ ജോര്‍ജ് പനക്കലിന്റെ അടുത്തൊന്നു ചെന്നിരിക്കുക; ഓരോ ദിവസവും അച്ചനെത്തേടിവരുന്ന നിലവിളി ശബ്ദങ്ങള്‍ ഇത്തരത്തില്‍ തകര്‍ന്നുപോയ കുടുംബങ്ങളില്‍ നിന്നാണ്.

മകന്‍ മയക്കുമരുന്നിന് അടിമയായതും മകള്‍ അന്യമതസ്ഥനുമായി പ്രണയത്തിലായതും ജീവിതപങ്കാളിയുടെ വഴിവിട്ട ബന്ധങ്ങളും എല്ലാം ഒരാള്‍ തീവ്രമായി സംസാരിക്കുന്‌പോള്‍ അതിനെ ആ സാംസ്‌കാരികപശ്ചാത്തലത്തില്‍ കണ്ട് പോംവഴി നിര്‍ദ്ദേശിക്കാന്‍ ഒരിക്കലും ഒരു വെള്ളക്കാരനായ വൈദികന് കഴിയില്ല, നമ്മുടെ സംസ്‌കാരം നന്നായി അറിയുന്ന മലയാളി വൈദികന് മാത്രമേ കഴിയൂ. അതാണ് വിദേശത്തെയും സ്വദേശത്തെയും കുടുംബങ്ങള്‍തമ്മിലുള്ള അന്തരവും വ്യതിയാനവും.

പ്രശ്‌നങ്ങളുടെ കൊടുങ്കാറ്റുകള്‍ക്ക് മുന്പിലും കുടുംബം എന്ന വിളക്ക് അണയാതിരിക്കാന്‍ അവര്‍ക്ക് കരുത്ത് നല്കിയത് മലയാളികളായ വൈദികരുടെ പ്രാര്‍ത്ഥനകളും ഇവിടുത്തെ കരിസ്മാറ്റിക് മുന്നേറ്റങ്ങളുമായിരുന്നു; ‘ആത്മഹത്യ മാത്രം മുന്‍പില്‍’ എന്ന് വിലപിച്ചു മുന്നില്‍ വന്ന ഒരമ്മയെയും മക്കളെയും മറക്കാന്‍ ഇനിയും കഴിയുന്നില്ല.

നമ്മുടെ മക്കളില്‍ പലരും മികച്ച പ്രഫഷണല്‍സും മറ്റുമായിരിക്കും. ജീവിതത്തില്‍ അവര്‍ മറ്റെവിടെയെല്ലാം കേമന്മാരാണെങ്കിലും ആത്മീയതയില്‍ അവര്‍ അന്‌പേ പരാജയപ്പെട്ടവരാണെങ്കില്‍ അവരുടെ നേട്ടങ്ങള്‍ക്കെന്ത് വില? പല വിദേശരാജ്യങ്ങളിലെയും മലയാളി കുടുംബങ്ങളുടെ തീരാത്ത വേദന വഴിയറിയാത്ത, വഴിതെറ്റിപ്പോയ ഇത്തരം മക്കളാണ്. അവരെ നേര്‍വഴിക്ക് നയിക്കാനും കുടുംബത്തിനും സമൂഹത്തിനും മുതല്‍ക്കൂട്ടാക്കി മാറ്റുവാനും അവരെ നാം നയിക്കേണ്ടത് നമ്മുടെ ആത്മീയപരിസരങ്ങളിലേക്കായിരിക്കണം.

പ്രസ്റ്റണ്‍ കേന്ദ്രമായുള്ള രൂപതയ്‌ക്കെതിരെയുള്ള മറ്റൊരു ആരോപണം കൂടുതല്‍ പണം വിശ്വാസികള്‍ അതിലേക്കായി നല്‍കേണ്ടിവരും എന്നതാണ്. തികച്ചും അടിസ്ഥാനമില്ലാത്ത ഒരു ആരോപണമാണിത്. കാരണം, ഇടവകയും പള്ളിയും വിശ്വാസിയുടേതാണ്; അവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അവരത് സൃഷ്ടിച്ചുകൊള്ളും. ഹൈറേഞ്ചിലും മലബാറിലും ഇങ്ങനെ ദേവാലയങ്ങള്‍ തീര്‍ത്തവര്‍ ഇവിടെ എന്നെങ്കിലും പള്ളികള്‍ നിര്‍മിക്കുന്നുവെങ്കില്‍ അങ്ങനെ ആയിക്കൊള്ളട്ടെ.

പണത്തെക്കുറിച്ചുള്ള ഈ നിലവിളി കേട്ടപ്പോള്‍ ഞാന്‍ ഇവിടുത്തെ ചാരിറ്റി കമ്മീഷന്റെ വെബ്‌സൈറ്റ് ഒന്നുപരതിനോക്കി. ഏതാണ്ട് രണ്ടുദശലക്ഷം പൗണ്ട് കഴിഞ്ഞവര്‍ഷം മാത്രം ഇവിടുത്തെ മലയാളികള്‍ ആത്മീയകാര്യങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്! സീറോ മലബാര്‍ സഭക്കോ, ഇതര ഇടവകകള്‍ക്കോ നല്‍കുന്ന നേര്‍ച്ചകള്‍ കൂടാതെയുള്ള സംഖ്യയാണ് ഇത്. പരാതിപറയുന്നവര്‍ ആരും ഇതില്‍ ഒരു പെന്നി പോലും കൊടുത്തിട്ടുണ്ടാവില്ല.

ഇത്ര ഉദാരമായി നല്‍കാന്‍ ഈ ജനങ്ങളെ പ്രേരിപ്പിക്കുന്നത് മറ്റൊന്നുമല്ല, സഭയോടും ശുശ്രൂഷകളോടുമുള്ള സ്‌നേഹം മാത്രമാണ്. അങ്ങനെയുള്ള ഇവര്‍ക്ക് പുതിയ സഭാസംവിധാനത്തിന് വേണ്ടിയും കൈ അയച്ച് സംഭാവന ചെയ്യാന്‍ തെല്ലും മടിയുണ്ടാവില്ലെന്ന് തീര്‍ച്ചയാണ്. മാത്രവുമല്ല ‘Growing in Faith’ സ്‌കീം വഴി ഇംഗ്ലീഷ് പള്ളികള്‍ക്ക് വര്‍ഷം തോറും നല്ലൊരു തുക സംഭാവനയായി നല്കുന്നവരാണ് ഇവിടെയുള്ള മിക്ക കത്തോലിക്കരും; ഞങ്ങളുടെ ഇടവകയില്‍ എന്റെ കുടുംബത്തിന്റെ വിഹിതം ഒരുമാസം എണ്‍പത് പൗണ്ട് ആയിരുന്നു; വര്‍ഷം 960 പൗണ്ട്. ഇംഗ്‌ളീഷ് ഇടവകയില്‍ ഞങ്ങള്‍ നല്‍കുന്ന തുകയാണ് ഇത്. ദൈവം നല്‍കുന്നതില്‍ ഒരുവിഹിതം ദൈവീകശുശ്രൂഷകള്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

അനേകവര്‍ഷങ്ങളായുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക്, ആഗ്രഹങ്ങള്‍ക്ക് ദൈവം നല്കിയ സമ്മാനമാണ് പുതിയ രൂപതയും പുതിയ ഇടയനും. നമ്മുടെ പ്രാര്‍ത്ഥനകളാണ് ഇനി വേണ്ടത്. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. പിളര്‍ത്തുകയോ തളര്‍ത്തുകയോ അല്ല, വളര്‍ത്തുകയും ചേര്‍ത്തുനിര്‍ത്തുകയുമാണ് നമ്മള്‍ ചെയ്യേണ്ടത്. അതിനെതിരായിട്ടുള്ളതെല്ലാം ദൈവത്തില്‍ നിന്ന് വരുന്നവയല്ല.

കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തില്‍ ഒരു രംഗമുണ്ട്. മാനിനെ വേട്ടയാടി ആശ്രമപരിസരത്തിലെത്തുകയാണ് ദുഷ്യന്ത മഹാരാജാവ്. അപ്പോള്‍ മുനികളിലൊരാള്‍ പറയുന്നത് ഇതാണ്: ‘അത്, ആശ്രമമൃഗമാണ്; അതിനെ കൊല്ലരുത്…’

അതെ, പുതിയ രൂപത ഒരു ആശ്രമമൃഗമാണ്. അതിനെ കൊല്ലരുത് പ്ലീസ്

സ്‌നേഹാദരങ്ങളോടെ,

ശാന്തിമോന്‍ ജേക്കബ്
ചീഫ് എഡിറ്റര്‍

You must be logged in to post a comment Login