ആ ഈണം ബാബുരാജിന്റേതല്ല….

ആ ഈണം ബാബുരാജിന്റേതല്ല….

‘ഞാനുറങ്ങാന്‍ പോകും മുന്‍പായ്…’ എന്ന ക്രിസ്തീയ ഭക്തിഗാനം ഒരിക്കലെങ്കിലും മൂളാത്ത മലയാളികളുണ്ടാകില്ല. ദേവാലയങ്ങളിലും ക്രിസ്ത്യന്‍ ഭവനങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥനയുടെ സമയത്തും ഈ ഗാനം ആലപിക്കാറുണ്ട്. പലരും സിനിമാപ്പാട്ടാണ് എന്നറിയാതെയാണ് ഇത് പാടുന്നതും.

1965 ല്‍ ശശികുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തൊമ്മന്റെ മക്കള്‍ എന്ന സിനിമയിലേതാണ് ഈ ഗാനം. പാടിയിരിക്കുന്നത് എസ് ജാനകി. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ബാബുരാജ് ആണെന്നാണ് പലരും കരുതിയിരിക്കുന്നത്. സിനിമയുടെ ക്രെഡിറ്റിലും സംഗീതസംവിധാനം ബാബുരാജ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ക്കെല്ലാം സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബാബുരാജ് ആണ്. എന്നാല്‍ ‘ഞാനുറങ്ങാന്‍ പോകും മുന്‍പായ്…’ എന്ന ഗാനത്തിന് ഈണം പകര്‍ന്നത് യശ്ശശരീരനായ സംഗീതസംവിധായകന്‍ ജോബ് മാസ്റ്റര്‍ ആണെന്നുള്ളത് അധികമാരും അറിയാത്ത സത്യം.

സുഹൃത്ത് വര്‍ഗ്ഗീസ് മാളിയേക്കല്‍ രചിച്ച ഗാനത്തിന് അദ്ദേഹത്തിന്റെ തന്നെ നിര്‍ദ്ദേശ പ്രകാരം ജോബ് മാസ്റ്റര്‍ ഈണം നല്‍കുകയായിരുന്നു. അവിചാരിതമായി സംവിധായകന്‍ ശശികുമാര്‍ ഈ ഗാനം കേള്‍ക്കാനിടയായി. തുടര്‍ന്ന് തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തുകയായിരുന്നു. ബാബുരാജ് ഇക്കാര്യം അറിഞ്ഞിരിക്കണമെന്നില്ല. എന്തായാലും പാട്ട് വലിയ ഹിറ്റ് ആകുകയും അതിന്റെ പിതൃത്വം ബാബുരാജിന് ലഭിക്കുകയും ചെയ്തു.

അതുകൊണ്ടും തീര്‍ന്നില്ല. പല വേദികളിലും ബാബുരാജിന്റെ ഈണം എന്ന മട്ടില്‍ ഈ ഗാനം പലരും ആലപിച്ചു. ഒടുവില്‍ മാക്ട കോഴിക്കോട് നടത്തിയ ബാബുരാജ് സായാഹ്നത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ചിലരെങ്കിലും ആ സത്യം തിരിച്ചറിയുന്നത്. ജോബ് മാസ്റ്റര്‍ തന്നെയാണ് വിവരം ഭാരവാഹികളെ അറിയിച്ചത്. മാക്ട ഭാരവാഹികള്‍ ഉടന്‍ തന്നെ തെറ്റു തിരുത്തി ഖേദം അറിയിച്ചു. പിന്നാലെ ‘ഞാനുറങ്ങാന്‍ പോകും മുന്‍പായ്…’ എന്ന ഗാനത്തിന്റെ സംഗീതസംവിധായകന്‍ ജോബ് മാസ്റ്റര്‍ ആണ് എന്ന് പ്രസ്താവന ഇറക്കുകയും ചെയ്തു

You must be logged in to post a comment Login