സമയമാം രഥത്തില്‍….പാട്ടെഴുതിയത് വയലാറല്ല..

സമയമാം രഥത്തില്‍….പാട്ടെഴുതിയത് വയലാറല്ല..

വി നൈഗാല്‍ എന്ന ജര്‍മ്മന്‍കാരനെ എത്ര പേര്‍ക്ക് അറിയാം എന്നറിയില്ല. പക്ഷേ അദ്ദേഹം എഴുതിയ പാട്ട് കേള്‍ക്കാത്ത മുതിര്‍ന്നവര്‍ വളരെ കുറവായിരിക്കും. എന്നാല്‍ അദ്ദേഹമാണ് ആ പാട്ടെഴുതിയിരിക്കുന്നത് എന്ന കാര്യം അറിയാവുന്നവരുടെ എണ്ണം അംഗുലീ പരിമിതവുമായിരിക്കും.

ഏതാണ് ആ പാട്ട് എന്നല്ലേ, സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്ന ഗാനം തന്നെ. മരണവുമായി ബന്ധപ്പെട്ട് ഇത്രയും മനോഹരമായ ഗാനം മലയാളത്തില്‍ ഏറെയൊന്നും ഉണ്ടാവുമെന്ന് തോന്നുന്നുമില്ല.

വിരോധാഭാസമെന്ന് തോന്നുന്ന കാര്യം ആ മനോഹരഗാനത്തെ ഒരു മലയാളസിനിമാഗാനമെന്ന നിലയില്‍ മാത്രമാണ് പലരും കരുതുന്നത് എന്നാണ്. മാത്രവുമല്ല അതിന്റെ രചനാകര്‍ത്തൃത്വം അനശ്വരനായ വയലാര്‍ രാമവര്‍മ്മയ്ക്ക് കല്പിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു. വയലാര്‍ ആയതുകൊണ്ട് ആ ഗാനത്തിലെ കവിത്വത്തെയോ തത്ത്വചിന്തയെയോ ആരും സംശയിച്ചതുമില്ല.

പാറപ്പുറത്തിന്റെ നോവലിനെ ആസ്പദമാക്കി കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അരനാഴികനേരം എന്ന സിനിമയിലാണ് ഈ മനോഹരഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. നായകന്റെ ശവസംസ്‌കാരശുശ്രൂഷകളുമായി ബന്ധപ്പെട്ട് ഒരുഗാനം വേണമെന്ന സിറ്റുവേഷന്‍ വന്നപ്പോള്‍ ഗാനരചയിതാവായി നിശ്ചയിക്കപ്പെട്ടിരുന്ന വയലാര്‍ രാമവര്‍മ്മ തന്നെയാണ് പുതിയൊരു ഗാനം വേണ്ട സമയമാം രഥത്തില്‍ എന്ന ഗാനം തന്നെ മതിയെന്ന് പറഞ്ഞതെന്നാണ് ചരിത്രം.

സിനിമയിലെ മറ്റ്ഗാനങ്ങളുടെ കര്‍ത്തൃത്വം വയലാറിന് തന്നെ ആയിരുന്നതിനാല്‍ സമയമാം രഥത്തിന്റെയും കര്‍ത്തൃത്വം അദ്ദേഹത്തിന് കഥയറിയാതെ ആട്ടം കണ്ടവര്‍ കെട്ടിവച്ചുകൊടുക്കുകയായിരുന്നു. അതുകൊണ്ട് ദൃശ്യമാധ്യമങ്ങളിലൂടെ ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത് ചിത്രം അരനാഴികനേരം ഗാനരചന വയലാര്‍ എന്നാണ്.

ഇനി നൈഗാലിനെക്കുറിച്ച് കൂടി. ജര്‍മ്മനിയിലെ ഹൈസലില്‍ 1867 നവംബര്‍ മൂന്നിന് ജനിച്ച നൈഗാല്‍ സുവിശേഷവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്കായാണ് കേരളമണ്ണിലെത്തിയത്. ഇവിടെ വന്ന അദ്ദേഹം മലബാര്‍ കേന്ദ്രീകരിച്ചാണ് സുവിശേഷപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. സുവിശേഷം കൂടുതലായി എത്തിക്കേണ്ടതുണ്ടെങ്കില്‍ മലയാളം പഠിക്കണമെന്ന മനസ്സിലാക്കിയ അദ്ദേഹം ഗാനരചന നിര്‍വഹിക്കത്തക്കവിധത്തില്‍ മലയാള ഭാഷയില്‍ പ്രാവീണ്യം നേടി. നാല്പത്തിയേഴാം വയസില്‍ ജന്മനാട്ടിലേക്ക് പോകുമ്പോള്‍ തിരികെ വരണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ ഒന്നാം ലോകമഹായുദ്ധം മൂലം കേരളമണ്ണില്‍ തിരികെ കാലുകുത്താന്‍ അദ്ദേഹത്തിനായില്ല.

കാലം കടന്നുപോയാലും മറന്നുപോകാത്ത അനശ്വരഗാനമായി സമയമാം രഥത്തില്‍ ഇന്നും മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്നു…

 

ബി

You must be logged in to post a comment Login