ആ പ്രണയികള്‍ യാത്രയായി, 95 ാം വയസ്സില്‍ ഒരുമിച്ച്…

ആ പ്രണയികള്‍ യാത്രയായി, 95 ാം വയസ്സില്‍ ഒരുമിച്ച്…

Couple_Credit_Michael_Brant_via_Flickr_CC_BY_NC_ND_20_CNA_7_2_15അനശ്വരപ്രണയത്തിന്റെ മഹത്തായ പല മാതൃകകളും നമ്മള്‍ കണ്ടറിഞ്ഞിട്ടുണ്ടാകും, കേട്ടറിഞ്ഞിട്ടുണ്ടാകും. സിനിമകളിലും കഥകളിലും ജീവിതത്തിലും അതിന്റെ സൗന്ദര്യവും വിശുദ്ധിയും നിരവധി തവണ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. പ്രണയം ജീവിതത്തെത്തന്നെ മുന്നോട്ടുനയിക്കുന്ന ചാലകശക്തിയാണ് എന്നു തന്നെ പറയാം. വെറുതേയിങ്ങനെ പ്രണയത്തെ പുകഴ്ത്തുകയാണെന്നു കരുതരുത്. അത്രമേല്‍ പരസ്പരം സ്‌നേഹിച്ച, ഒടുവില്‍ സിനിമയേക്കാള്‍ സിനിമാറ്റിക്കായി മാറിയ രണ്ടു ജീവിതങ്ങളുടെ കഥയിലേക്കു കടക്കാനാണ് ഇത്രയും പറഞ്ഞുവെച്ചത്. ഈ കഥയും കഥാപാത്രങ്ങളും സാങ്കല്‍പികമല്ല, നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ചുമരിച്ച രണ്ടുപേര്‍.

കാലിഫോര്‍ണിയക്കാരന്‍ അലക്‌സാണ്ടര്‍ ടോക്‌സ്‌കോ ആണ് ഈ അനശ്വര പ്രണയകഥയിലെ നായകന്‍. എട്ടാമത്തെ വയസ്സിലാണ് അലക്‌സാണ്ടര്‍ നായികയായ ജാനറ്റിനെ കണ്ടുമുട്ടുന്നത്. ബാല്യത്തില്‍ തോന്നിയ ആകര്‍ഷണം പിന്നീട് പ്രണയത്തിനു വഴിമാറി. ജാനറ്റിന്റെ ആദ്യകുര്‍ബാനസ്വീകരണത്തിന്റെ ഫോട്ടോ കയ്യിലെ ചെറിയ തോലുറയില്‍ എപ്പോഴും കൊണ്ടുനടന്നിരുന്നു അലക്‌സാണ്ടര്‍. ഒന്നും വെറുതെയായില്ല. 1940 ല്‍ നേവിയില്‍ ടെലഗ്രാഫ് ഓപ്പറേറ്ററായിരിക്കെ അലക്‌സാണ്ടര്‍ ജാനറ്റിനെ വിവാഹം ചെയ്തു. കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയില്‍ താമസമാരംഭിച്ച ഇരുവരും പിന്നീട് ഫാഷന്‍ ഫോട്ടോഗ്രഫിയിലും പരസ്യചിത്രങ്ങളുടെ നിര്‍മ്മാണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗോള്‍ഫും സ്‌കേറ്റിങ്ങുമായിരുന്നു അലക്‌സാണ്ടറിന്റെ ഇഷ്ടവിനോദങ്ങള്‍. യാത്രകളെ ഒരുപോലെ പ്രണയിച്ച ഇരുവരുമൊന്നിച്ച് ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. രണ്ടുപേരും ഏറെ ആഗ്രഹിച്ച, ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമുണ്ടായിരുന്നു: മരിക്കുമ്പോള്‍ കരങ്ങള്‍ കോര്‍ത്തുപിടിച്ച് ഒരുമിച്ചുമരിക്കണം. അത്രക്കും ആഴവും ദൃഢവുമായിരുന്നു ആ ബന്ധം.
വര്‍ഷങ്ങള്‍ വന്നും പോയുമിരുന്നു. 75 വര്‍ഷം നീണ്ട, സന്തുഷ്ടമായ ദാമ്പത്യജീവിതത്തില്‍ 5 മക്കളെ പോറ്റിവളര്‍ത്തി. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം ഇക്കഴിഞ്ഞ ജൂണിലാണ് അലക്‌സാണ്ടറും ജാനറ്റും തങ്ങളുടെ 75-ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. അന്ന് അലക്‌സാണ്ടറിന് വയസ്സ് 95, ജാനറ്റിന് 96. ഇരുവരുടേയും ആരോഗ്യനില വഷളാകാന്‍ തുടങ്ങിയിരുന്നു. മാതാപിതാക്കള്‍ക്ക് പരസ്പരമുണ്ടായിരുന്ന സ്‌നേഹം അറിയാമായിരുന്ന മക്കള്‍ ഇരുവര്‍ക്കും വീട്ടില്‍ത്തന്നെ ചികിത്സ ലഭ്യമാക്കി. രോഗക്കിടക്കയിലും പ്രിയപ്പെട്ടയാളുടെ സാമീപ്യം അവര്‍ക്ക് ആശ്വാസമേകി. വീഴ്ചയിലേറ്റ പരിക്ക് അലക്‌സാണ്ടറിനെ സാരമായിത്തന്നെ ബാധിച്ചു. ജൂണ്‍ 17-ാം തീയതി രാത്രി ജാനറ്റിനെയും മക്കളെയും സാക്ഷി നിര്‍ത്ത് അലക്‌സാണ്ടര്‍ കണ്ണുകളടച്ചു. ജാനറ്റിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു:

‘ഇതാണ് നമ്മള്‍ ആഗ്രഹിച്ചത്. എന്റെ കൈകളില്‍ കിടന്നാണ് അലക്‌സാണ്ടര്‍ മരിച്ചത്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു അലക്‌സാണ്ടര്‍. ഏറെ താമസിയാതെ ഞാനും നിന്റെ അടുക്കലേക്ക് വരും. എനിക്കായി കാത്തിരിക്കുക, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’.

 
എല്ലാവരേയും അതിശയിപ്പിച്ച സംഭവം നടന്നത് അതിനു ശേഷമാണ്. അലക്‌സാണ്ടറിന്റെന്റെ മരണശേഷം മണിക്കൂറുകള്‍ മാത്രമേ ജാനറ്റിന്റെ ഹൃദയതാളവും സ്പന്ദിച്ചുള്ളൂ. ജൂണ്‍ 18ന് ജാനറ്റ് ഇഹലോകവാസം വെടിഞ്ഞ് ഭര്‍ത്താവിന്റെ പക്കലേക്കെത്തി. ഇരുവരേയും ശുശ്രൂഷിച്ച നേഴ്‌സ് അത്ഭുതകരം എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. ‘അവരാഗ്രഹിച്ചതു പോലുള്ള മരണം തന്നെ അവരെ തേടിയെത്തി’, അലക്‌സാണ്ടറിന്റെയും ജാനറ്റിന്റെയും മകനായ റിച്ചാര്‍ഡ് ടോക്‌സ്‌കോ പറഞ്ഞു. ആ വിശുദ്ധപ്രണയത്തിനു സാക്ഷികളായവര്‍ക്കു മുന്‍പില്‍ ഇരുവരേയും ഒരുമിച്ച് സംസ്‌കരിക്കുകയും ചെയ്തു. രണ്ടുപേരുടേയും ആഗ്രപൂര്‍ത്തീകരണമെന്നോണം സാന്‍ ഡിയാഗോയിലുള്ള മിരാമര്‍ നാഷണല്‍ സെമിത്തേരിയില്‍ അലക്‌സാണ്ടറും ജാനറ്റും ഇന്ന് ഒരുമിച്ച് അന്ത്യവിശ്രമം കൊള്ളുന്നു, ശാസ്ത്രത്തിനും യുക്തിക്കും ഉത്തരം നല്‍കാനാകാത്ത, സ്‌നേഹത്തിന്റെ അപരിമേയമായ ശക്തിയുടെ അടയാളങ്ങളായി.

 

 

അനൂപ

 .

You must be logged in to post a comment Login