ആ പ്രണയികൾ യാത്രയായി, 95 ാം വയസ്സിൽ ഒരുമിച്ച്…

ആ പ്രണയികൾ യാത്രയായി, 95 ാം വയസ്സിൽ ഒരുമിച്ച്…

അനശ്വരപ്രണയത്തിന്റെ മഹത്തായ പല മാതൃകകളും നമ്മൾ കണ്ടറിഞ്ഞിട്ടുണ്ടാകും, കേട്ടറിഞ്ഞിട്ടുണ്ടാകും. സിനിമകളിലും കഥകളിലും ജീവിതത്തിലും അതിന്റെ സൗന്ദര്യവും വിശുദ്ധിയും നിരവധി തവണ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. പ്രണയം ജീവിതത്തെത്തന്നെ മുന്നോട്ടുനയിക്കുന്ന ചാലകശക്തിയാണ് എന്നു തന്നെ പറയാം.

ഇന്ന് പ്രണയദിനം. ഈ ദിവസത്തിൽ പ്രണയത്തെ വെറുതേയിങ്ങനെ പുകഴ്ത്തുകയാണെന്നു കരുതരുത്. അത്രമേൽ പരസ്പരം സ്‌നേഹിച്ച, ഒടുവിൽ സിനിമയേക്കാൾ സിനിമാറ്റിക്കായി മാറിയ രണ്ടു ജീവിതങ്ങളുടെ കഥയിലേക്കു കടക്കാനാണ് ഈ ആമുഖമത്രയും പറഞ്ഞുവെച്ചത്. ഈ കഥയും കഥാപാത്രങ്ങളും സാങ്കൽപികമല്ല, നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചുമരിച്ച രണ്ടുപേർ.

കാലിഫോർണിയക്കാരൻ അലക്‌സാണ്ടർ ടോക്‌സ്‌കോ ആണ് ഈ അനശ്വര പ്രണയകഥയിലെ നായകൻ. എട്ടാമത്തെ വയസ്സിലാണ് അലക്‌സാണ്ടർ നായികയായ ജാനറ്റിനെ കണ്ടുമുട്ടുന്നത്. ബാല്യത്തിൽ തോന്നിയ ആകർഷണം പിന്നീട് പ്രണയത്തിനു വഴിമാറി. ജാനറ്റിന്റെ ആദ്യകുർബാനസ്വീകരണത്തിന്റെ ഫോട്ടോ കയ്യിലെ ചെറിയ തോലുറയിൽ എപ്പോഴും കൊണ്ടുനടന്നിരുന്നു അലക്‌സാണ്ടർ. ഒന്നും വെറുതെയായില്ല. 1940 ൽ നേവിയിൽ ടെലഗ്രാഫ് ഓപ്പറേറ്ററായിരിക്കെ അലക്‌സാണ്ടർ ജാനറ്റിനെ വിവാഹം ചെയ്തു. കാലിഫോർണിയയിലെ സാൻ ഡിയാഗോയിൽ താമസമാരംഭിച്ച ഇരുവരും പിന്നീട് ഫാഷൻ ഫോട്ടോഗ്രഫിയിലും പരസ്യചിത്രങ്ങളുടെ നിർമ്മാണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗോൾഫും സ്‌കേറ്റിങ്ങുമായിരുന്നു അലക്‌സാണ്ടറിന്റെ ഇഷ്ടവിനോദങ്ങൾ. യാത്രകളെ ഒരുപോലെ പ്രണയിച്ച ഇരുവരുമൊന്നിച്ച് ഒട്ടേറെ സ്ഥലങ്ങൾ സന്ദർശിച്ചു. രണ്ടുപേരും ഏറെ ആഗ്രഹിച്ച, ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമുണ്ടായിരുന്നു: മരിക്കുമ്പോൾ കരങ്ങൾ കോർത്തുപിടിച്ച് ഒരുമിച്ചുമരിക്കണം. അത്രക്കും ആഴവും ദൃഢവുമായിരുന്നു ആ ബന്ധം.

വർഷങ്ങൾ വന്നും പോയുമിരുന്നു. 75 വർഷം നീണ്ട, സന്തുഷ്ടമായ ദാമ്പത്യജീവിതത്തിൽ 5 മക്കളെ പോറ്റിവളർത്തി. മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം ഇക്കഴിഞ്ഞ ജൂണിലാണ് അലക്‌സാണ്ടറും ജാനറ്റും തങ്ങളുടെ 75ാം വിവാഹവാർഷികം ആഘോഷിച്ചത്. അന്ന് അലക്‌സാണ്ടറിന് വയസ്സ് 95, ജാനറ്റിന് 96. ഇരുവരുടേയും ആരോഗ്യനില വഷളാകാൻ തുടങ്ങിയിരുന്നു. മാതാപിതാക്കൾക്ക് പരസ്പരമുണ്ടായിരുന്ന സ്‌നേഹം അറിയാമായിരുന്ന മക്കൾ ഇരുവർക്കും വീട്ടിൽത്തന്നെ ചികിത്സ ലഭ്യമാക്കി. രോഗക്കിടക്കയിലും പ്രിയപ്പെട്ടയാളുടെ സാമീപ്യം അവർക്ക് ആശ്വാസമേകി. വീഴ്ചയിലേറ്റ പരിക്ക് അലക്‌സാണ്ടറിനെ സാരമായിത്തന്നെ ബാധിച്ചു. ജൂൺ 17ാം തീയതി രാത്രി ജാനറ്റിനെയും മക്കളെയും സാക്ഷി നിർത്ത് അലക്‌സാണ്ടർ കണ്ണുകളടച്ചു. ജാനറ്റിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു:

‘ഇതാണ് നമ്മൾ ആഗ്രഹിച്ചത്. എന്റെ കൈകളിൽ കിടന്നാണ് അലക്‌സാണ്ടർ മരിച്ചത്. ഞാൻ നിന്നെ സ്‌നേഹിക്കുന്നു അലക്‌സാണ്ടർ. ഏറെ താമസിയാതെ ഞാനും നിന്റെ അടുക്കലേക്ക് വരും. എനിക്കായി കാത്തിരിക്കുക, ഞാൻ നിന്നെ സ്‌നേഹിക്കുന്നു’.
എല്ലാവരേയും അതിശയിപ്പിച്ച സംഭവം നടന്നത് അതിനു ശേഷമാണ്. അലക്‌സാണ്ടറിന്റെന്റെ മരണശേഷം മണിക്കൂറുകൾ മാത്രമേ ജാനറ്റിന്റെ ഹൃദയതാളവും സ്പന്ദിച്ചുള്ളൂ. ജൂൺ 18ന് ജാനറ്റ് ഇഹലോകവാസം വെടിഞ്ഞ് ഭർത്താവിന്റെ പക്കലേക്കെത്തി. ഇരുവരേയും ശുശ്രൂഷിച്ച നേഴ്‌സ് അത്ഭുതകരം എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. ‘അവരാഗ്രഹിച്ചതു പോലുള്ള മരണം തന്നെ അവരെ തേടിയെത്തി’, അലക്‌സാണ്ടറിന്റെയും ജാനറ്റിന്റെയും മകനായ റിച്ചാർഡ് ടോക്‌സ്‌കോ പറഞ്ഞു. ആ വിശുദ്ധപ്രണയത്തിനു സാക്ഷികളായവർക്കു മുൻപിൽ ഇരുവരേയും ഒരുമിച്ച് സംസ്‌കരിക്കുകയും ചെയ്തു. രണ്ടുപേരുടേയും

ആഗ്രപൂർത്തീകരണമെന്നോണം സാൻ ഡിയാഗോയിലുള്ള മിരാമർ നാഷണൽ സെമിത്തേരിയിൽ അലക്‌സാണ്ടറും ജാനറ്റും ഇന്ന് ഒരുമിച്ച് അന്ത്യവിശ്രമം കൊള്ളുന്നു, ശാസ്ത്രത്തിനും യുക്തിക്കും ഉത്തരം നൽകാനാകാത്ത, സ്‌നേഹത്തിന്റെ അപരിമേയമായ ശക്തിയുടെ അടയാളങ്ങളായി.

അനൂപ സെബാസ്റ്റ്യൻ

You must be logged in to post a comment Login