ആ പ്രോലൈഫ് വീഡിയോ യുട്യൂബില്‍ നിന്നും നീക്കം ചെയ്തത് എന്തിന്?

ആ പ്രോലൈഫ് വീഡിയോ യുട്യൂബില്‍ നിന്നും നീക്കം ചെയ്തത് എന്തിന്?

ലോസ് ഏഞ്ചല്‍സിലെ റോഡിലൂടെ ഒരിക്കല്‍ വാഹനമോടിച്ചു പോകുമ്പോളാണ് ജോയ്‌സ് ബര്‍ത്തലോമിയാ എന്ന യുവതി നടപ്പാതയിലൂടെ നടന്നുപോകുന്ന ആളുകളെ ശ്രദ്ധിച്ചത്. ബാല്യം നഷ്ടപ്പെട്ട് നര ബാധിച്ചു തുടങ്ങിയ നഗരക്കാഴ്ചകള്‍ അവളെ ദു:ഖിപ്പിച്ചു. കുട്ടികളുടെ എണ്ണം നന്നേ കുറവ്. രാജ്യത്ത് അബോര്‍ഷന്‍ നിയമവിധേയമാക്കിയത് വന്‍ദുരന്തമാണെന്ന് ജോയ്‌സ് അന്നാണ് മനസ്സിലാക്കിയത്. രാജ്യത്ത് അബോര്‍ഷന്‍ നിയമവിധേയമാക്കിയ 1973 മുതല്‍ 58 മില്യന്‍ ഭ്രൂണഹത്യകളാണ് രാജ്യത്ത് നടന്നിട്ടുള്ളതെന്ന് അവള്‍ കണ്ടെത്തി. അവര്‍ക്ക് ജനിക്കാനവസരം നല്‍കിയിരുന്നെങ്കില്‍ ഈ ലോകത്ത് എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുകയെന്ന് ജോയ്‌സ് ചിന്തിച്ചു.

ആ ചിന്തയില്‍ നിന്നാണ് പ്രോലൈഫ് പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ജോയ്‌സ് പുതിയ സംഗീത ആല്‍ബം നിര്‍മ്മിച്ചത്. ടൊറന്റോയിലെ പ്രോലൈഫ് സെന്ററില്‍ കൗണ്‍സിലറായി ജോലി ചെയ്തതും ആല്‍ബം നിര്‍മ്മിക്കാന്‍ സഹായകരമായി. ഭ്രൂണഹത്യക്ക് വിധേയയായ യുവതിയെ ആ കുറ്റബോധത്തില്‍ നിന്നും അതേ കുറ്റം ചെയ്ത വൃദ്ധയായ സ്ത്രീ രക്ഷിക്കുന്നതാണ് കഥ. ‘വാട്ട് വാസ് യുവര്‍ നെയിം’ എന്നാണ് ആല്‍ബത്തിന്റെ പേര്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ജോയ്‌സ് യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പെട്ടെന്നു തന്നെ ആല്‍ബം വൈറലായി. ഒരു മാസത്തിനകം അരലക്ഷത്തിലധികമാളുകള്‍ വീഡിയോ കണ്ടു. ആല്‍ബത്തിന്റെ ഹിറ്റ്‌സ് കൂടിവന്നതേ ഉള്ളൂ. എന്നിട്ടും പെട്ടെന്നൊരു ദിവസം ആല്‍ബം യുട്യൂബില്‍ നിന്നും അപ്രത്യക്ഷമായി. കാരണമന്വേഷിച്ചപ്പോള്‍ യുട്യൂബിലെ നിബന്ധനകള്‍ ലംഘിച്ചെന്നായിരുന്നു ജോയ്‌സിന് കിട്ടിയ മറുപടി.

നിബന്ധനകള്‍ ലംഘിക്കുന്ന വിധം താന്‍ ഒന്നും ചെയ്തിട്ടില്ല എന്നും ആല്‍ബം വീണ്ടും യുട്യൂബില്‍ പ്രത്യക്ഷപ്പെടാന്‍ പ്രാര്‍ത്ഥിക്കണമെന്നും ജോയ്‌സ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പ്രോലൈഫ് അനുകൂല വീഡിയോകള്‍ യുട്യൂബില്‍ നിന്നും അപ്രത്യക്ഷമാകുന്നത് ആദ്യമായല്ലെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകരും സിനിമാസംവിധായകനും നിര്‍മ്മാതാവുമായ ജാസന്‍ ജോണ്‍സ് പ്രതികരിച്ചത്.

കാത്തിരുന്നിട്ടും യുട്യൂബില്‍ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെടാതിരുന്നപ്പോള്‍ ജോയ്‌സ് നിയമയുദ്ധത്തിനിറങ്ങി. കാലിഫോര്‍ണിയയിലെ യുട്യൂബ് അധികൃതര്‍ക്കെതിരെ അഭിഭാഷകന്റെ സഹായത്തോടെ കേസ് ഫയല്‍ ചെയ്ത് ജോയ്‌സ് കാത്തിരിക്കുകയാണ്, നീതി ലഭ്യമാകും എന്ന പ്രതീക്ഷയില്‍.

You must be logged in to post a comment Login