ഇംഗ്ലണ്ടുകാരന്‍ സായിപ്പ് മലയാളത്തിന്റെ അച്ഛനായ കഥ…

ഇംഗ്ലണ്ടുകാരന്‍ സായിപ്പ് മലയാളത്തിന്റെ അച്ഛനായ കഥ…

ഇവിടെ ഒരച്ഛനുണ്ട്, സ്‌നേഹമുള്ള കുറേ അമ്മമാരും. നൊന്തുപെറ്റതല്ലെങ്കിലും ഇവിടുത്തെ കുരുന്നുകളെ സ്‌നേഹത്തോടെ ചേര്‍ത്തണക്കും ഈ അമ്മമാര്‍. മറുനാട്ടില്‍ നിന്നെത്തി അച്ഛന്റെ സ്‌നേഹം പകരാന്‍, ഇടക്കൊക്കെ കാര്‍ക്കശ്യം കാണിക്കാന്‍ ജോണ്‍ വിച്ച് എന്ന അപ്പനും.

1994 ല്‍ മുംബൈ മാരത്തണില്‍ പങ്കെടുത്തു കിട്ടിയ തുക കൊണ്ട് എന്തു ചെയ്യണമെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ജോണ്‍ സായിപ്പിന്. സമ്മാനമായ ലഭിച്ച 8.5 ലക്ഷം രൂപ കൊണ്ട് ആലപ്പുഴ എസ്എല്‍പുരം വനസ്വര്‍ഗ്ഗത്ത് ഹോപ്പ് കമ്മ്യൂണിറ്റി എന്ന അനാഥാലയം അദ്ദേഹം സ്ഥാപിച്ചു. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങള്‍ തോറും സൈക്കിളില്‍ സഞ്ചരിച്ച് ജോണ്‍ വിച്ച് അനാഥാലയം നടത്തിക്കൊണ്ടുപോകാനുള്ള ഫണ്ട് കണ്ടെത്തി.

അനാഥാലയമെന്നു കേള്‍ക്കുമ്പോഴുള്ള സങ്കല്‍പങ്ങള്‍ ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിനെക്കുറിച്ചു പറയുമ്പോള്‍ മാറ്റിവെയ്‌ക്കേണ്ടി വരും. ആറു വീടുകളാണ് ഹോപ്പിലുള്ളത്. ഓരോ വീട്ടിലും ഓരോ അമ്മയും. മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്കായി ഒരു യൂത്ത് ഹോസ്റ്റലുണ്ട്. പഠിക്കാന്‍ കമ്പ്യൂട്ടര്‍ ലാബ് . കീബോര്‍ഡ്, ഗിറ്റാര്‍ തുടങ്ങിയ വാദ്യോപകരണങ്ങളും ചെറിയ കുട്ടികള്‍ക്ക് കളിക്കാനുള്ള കളിപ്പാട്ടങ്ങളുമെല്ലാം ജോണ്‍ സായിപ്പ് വാങ്ങിവെച്ചിട്ടുണ്ട്. ഇവിടെ പഠിച്ചും കളിച്ചും വളര്‍ന്ന 15 പേര്‍ ജോലി നേടി. നാലു പേര്‍ വിവാഹിതരായി. വായനശാലയും കളിമൈതാനവും കായികപരിശീലന കേന്ദ്രവും വയോധികരായ സ്ത്രീകളുടെ സംരക്ഷണാര്‍ത്ഥം പ്രത്യേക ഭവനവും ഹോപ്പിലുണ്ട്.

ജോണ്‍ സായിപ്പിന് വയസ്സിപ്പോള്‍ 76 ആയി. മാരത്തണ്‍ ഓട്ടത്തില്‍ പങ്കെയുത്തപ്പോഴുണ്ടായിരുന്ന ഊര്‍ജ്ജം ഇപ്പോഴുമുണ്ട്. ഹോപ്പിലെ കുട്ടികളെ സ്വന്തമെന്നു കരുതാനും പരിപാലിക്കാനും കൂടുതല്‍ അമ്മമാരെ കണ്ടെത്തുന്നതിലുള്ള തിരക്കിലാണ് ജോണ്‍ സായിപ്പ് .

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login