ഇക്കാര്യത്തില്‍ എനിക്ക് പലതും ചെയ്യാനാകുമായിരുന്നു: വൈദികര്‍ നടത്തുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് കര്‍ദ്ദിനാള്‍ പെല്‍

ഇക്കാര്യത്തില്‍ എനിക്ക് പലതും ചെയ്യാനാകുമായിരുന്നു: വൈദികര്‍ നടത്തുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് കര്‍ദ്ദിനാള്‍ പെല്‍

റോം:  പീഡനത്തിന് ഇരകളായവരും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലും തമ്മിലുള്ള വൈകാരികമായ കൂടിക്കാഴ്ചക്കാണ് ഇന്നലെ റോമില്‍ അരങ്ങൊരുങ്ങിയത്. കര്‍ദ്ദിനാള്‍ പെല്‍ വൈദികനായി സേവനം ചെയ്തിരുന്ന ആസ്‌ട്രേലിയയിലെ ബലാററ്റില്‍ നിന്നുള്ളവരായിരുന്നു കൂടുതല്‍ പേരും.

‘ഇക്കാര്യത്തില്‍ എനിക്ക് പലതും ചെയ്യാനാകുമായിരുന്നു, ഇതിലും കൂടുതല്‍. ആ സമയം ഞാന്‍ കൂടുതലായൊന്നും പ്രവര്‍ത്തിച്ചില്ല. സൂക്ഷ്മ വിശകലനം നടത്തുമ്പോള്‍ ഞാനിത്തിരി കൂടി മുന്നിട്ടിറങ്ങി നടപടികളെടുക്കേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നുന്നു’, 70 കളിലും 80 കളിലും വൈദികര്‍ നടത്തിയ ലൈംഗിക പീഡനങ്ങളില്‍ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്തതിനെക്കുറിച്ച് കര്‍ദ്ദിനാള്‍ പെല്‍ വികാരാധീനനായി. ഇത്തരം ഉത്തരവാദിത്വങ്ങളെക്കുറിച്ച് താനിപ്പോള്‍ കൂടുതല്‍ ബോധവാനാണെന്നും അദ്ദേഹം പറഞ്ഞു.

സഭയിലെ വൈദികര്‍ നടത്തുന്ന ബാലപീഡനങ്ങളെക്കുറിച്ച്‌ന്വേഷിക്കുന്ന ആസ്‌ട്രേലിയന്‍ സമിതിക്കു മുന്‍പാകെയാണ് ആസ്‌ട്രേലിയയില്‍ നിന്നുള്ള പതിനഞ്ചോളം ആളുകള്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചത്. കര്‍ദ്ദിനാള്‍ പെല്‍ എല്ലാവരുടേയും പ്രശ്‌നങ്ങള്‍ സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. വൈകാരികമായൊരു സമ്മേളനമായിരുന്നു അതെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു.

ലൈംഗിക പീഡനത്തിന് ഇരകളായവര്‍ക്കു വേണ്ടി രൂപീകരിക്കപ്പെട്ട സംഘടനകളോടൊപ്പം പ്രവര്‍ത്തിക്കുന്നതിനുള്ള ആഗ്രഹവും കര്‍ദ്ദിനാള്‍ പെല്‍ മറച്ചുവെച്ചില്ല. കാര്യങ്ങള്‍ നേരായ വഴിക്കാകണമെന്നത് എല്ലാവരുടേയും ആഗ്രഹമാണ്. പീഡനത്തിനിരകളായവര്‍ക്ക് മാനസിക കരുത്തു പകരാനുള്ള റിസേര്‍ച്ച് സെന്റര്‍ തുടങ്ങണമെന്നതും എന്റെ ആഗ്രഹമാണ്. സഭയോടുള്ള വിധേയത്വത്തിലും വിശ്വസ്തതയിലും തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും കര്‍ദ്ദിനാള്‍ പെല്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login