ഇങ്ങനെയൊക്കെയാണ് ഫ്രാന്‍സിസ് പാപ്പ വ്യത്യസ്തനായത്….

ഇങ്ങനെയൊക്കെയാണ് ഫ്രാന്‍സിസ് പാപ്പ വ്യത്യസ്തനായത്….

വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ഫ്രാന്‍സിസ് പാപ്പ ഇക്കാലയളവിനുള്ളില്‍ ‘ജനങ്ങളുടെ പാപ്പാ’ എന്ന പേരു കൂടി സമ്പാദിച്ചു. സഭയിലും ലോകത്തിലും അദ്ദേഹത്തെ വ്യത്യസ്തനാക്കിയ ചില ഘടകങ്ങള്‍…

1.ഹോട്ടല്‍ ബില്‍ സ്വയം അടച്ചത്

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ദിവസം താന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും ലഗേജ് എടുത്തുകൊണ്ടുവന്നതും ഹോട്ടല്‍ ബില്‍ അടച്ചതും അദ്ദേഹം തന്നെയാണ്. വിനയത്തിന്റെ മാതൃക കാണിച്ചു തന്നതോടൊപ്പം സ്വന്തം കാര്യങ്ങളില്‍ അവനവനു തന്നെ ഉത്തരവാദിത്വം ഉണ്ടായിരിക്കണം എന്ന കാര്യം കൂടി ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു.

2. സാന്റ മാര്‍ത്തയിലെ സാധാരണ വസതി താമസിക്കാനായി തിരഞ്ഞെടുത്തത്

മാര്‍പാപ്പാമാര്‍ സ്ഥിരമായി താമസിക്കാറുള്ള വത്തിക്കാനിലെ പേപ്പല്‍ അപ്പാര്‍ട്ട്‌മെന്റിനു പകരം സാന്റ മാര്‍ത്തയിലെ സാധാരണ വസതി തിരഞ്ഞെടുത്തത് എല്ലാവരേയും അമ്പരിപ്പിച്ചു. തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങള്‍ നേരിട്ടു തന്നെ അറിയണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. സാന്റ മാര്‍ത്തയിലെ ജീവനക്കാരോട് ഊഷ്മളമായ ബന്ധവും അദ്ദേഹം സ്ഥാപിച്ചു.

3.എല്ലാവരേയും അംഗീകരിക്കുന്ന മനസ്സ്

കീശയുടെ വലിപ്പം നോക്കി ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്ന കാലത്ത് ഫ്രാന്‍സിസ് പാപ്പ ശ്രദ്ധേയനാകുന്നത് എല്ലാ മനുഷ്യരോടുമുള്ള അദ്ദേഹത്തിന്റെ സമാനമായ സമീപനം കൊണ്ടാണ്. എല്ലാ മനുഷ്യരും മൂല്യമുള്ളവരാണെന്ന്, സമൂഹത്തില്‍ വിലപ്പെട്ടവരാണെന്ന് അദ്ദേഹം കരുതുന്നു.

4.പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിലെ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടയാള്‍

തെരുവുകളിലാണ്, ഓരങ്ങളിലാണ് ജീവിതയാഥാര്‍ത്ഥ്യങ്ങളെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് അദ്ദേഹം. റോമാനഗരത്തിന്റെ ഹൃദയഭാഗത്തുള്ള വലിയ പള്ളികളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയില്ല. അല്‍ബേനിയയിലും ഹെര്‍ഗോവിയാനയിലുമുള്ള പാവപ്പെട്ട പള്ളികളിലേക്കു പോയി. പെസഹാദിനങ്ങളില്‍ ജയിലുകളിലും ആശുപത്രികളിലുമുള്ള വേദനയമുഭവിക്കുന്നവര്‍ക്ക് അദ്ദേഹം ശുശ്രൂഷ ചെയ്തു. അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള സമീപനങ്ങള്‍ പലരുടേയും കണ്ണു തുറപ്പിച്ചു.

5.ജനങ്ങളോടുള്ള സമീപനം

എഴുതിത്തയ്യാറാക്കിയ പ്രസംഗം അതേപടി അവതരിപ്പിക്കുകയല്ല ഫ്രാന്‍സിസ് പാപ്പ ചെയ്യുന്നത്. തന്റെ മുന്‍പിലിരിക്കുന്ന ആളുകളെ മനസ്സിലാക്കി, അവരുടെ സ്വഭാവം മനസ്സിലാക്കി, അതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. കൂട്ടിച്ചേര്‍ക്കേണ്ടത് കൂട്ടിച്ചേര്‍ക്കും. വലിയ സമ്മേളനങ്ങളുണ്ടാകുമ്പോള്‍ ആളുകളുടെ ജീവിതസാക്ഷ്യങ്ങള്‍ അദ്ദേഹം ശ്രദ്ധയോടെയാണ് ശ്രവിക്കുന്നത്.

6.ധൈര്യവും സുതാര്യതയും

ഓരോ യാത്രകള്‍ക്കും മുന്‍പുള്ള വാര്‍ത്താസമ്മേളനങ്ങളെ അദ്ദേഹം ധൈര്യപൂര്‍വ്വമാണ് നേരിടുന്നത്. അവിടെ സെന്‍സര്‍ഷിപ്പില്ല. ചോദ്യങ്ങള്‍ക്ക് സ്വതന്ത്രമായ മറുപടികള്‍ നല്‍കുന്നു. സഭയ്ക്കുള്ളിലെ അഴിമതി, സഭാംഗങ്ങള്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഭയമില്ലാതെ, വൈകാരികതയുടെ അംശമില്ലാതെ കൃത്യതയോടെയുള്ള ഉത്തരങ്ങള്‍ അദ്ദേഹം നല്‍കുന്നു.

7.ഉറച്ചതും വ്യത്യസ്തവുമായ തീരുമാനങ്ങള്‍

വത്തിക്കാനിലെ അപ്പസ്‌തോലികഘടന തന്നെ ഫ്രാന്‍സിസ് പാപ്പ ലഘൂകരിച്ചു. ഭരണകാര്യങ്ങളില്‍ അദ്ദേഹത്തെ സഹായിക്കാന്‍ 9 പേരടങ്ങുന്ന കര്‍ദ്ദിനാള്‍ സംഘത്തെ നിയോഗിച്ചു. ഏതു ബിഷപ്പിനും എപ്പോള്‍ വേണമെങ്കിലും മാര്‍പാപ്പയെ നേരിട്ടു സമീപിക്കാമെന്ന കാര്യം ഉറപ്പാക്കി. സഭയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചു പഠിക്കാനും പ്രതിരോധിക്കാനും പ്രത്യേക കമ്മീഷനെ നിയമിച്ചു. വത്തിക്കാന്റെ സാമ്പത്തികകാര്യ വിഭാഗം പരിഷ്‌കരിച്ചു.

You must be logged in to post a comment Login