ഇണയെ മനസിലാക്കാന്‍ കഴിയുന്നുണ്ടോ?

couple-on-park-benchഎല്ലാവരും ആഗ്രഹിക്കുന്നത് മറ്റുള്ളവര്‍ തങ്ങളെ മനസ്സിലാക്കണമെന്നാണ്. എന്നാല്‍ അങ്ങനെ ആഗ്രഹിക്കുന്നവര്‍ പോലും മറ്റുള്ളവരെ മനസ്സിലാക്കാന്‍ പരാജയപ്പെട്ടുപോകുന്നു. മനസ്സിലാക്കലും മനസ്സിലാക്കപ്പെടലും ഏറ്റവും സങ്കീര്‍ണ്ണമാകുന്ന ഒരു ബന്ധത്തിന്റെ പേരത്രെ ദാമ്പത്യം.

ദമ്പതികള്‍ പരസ്പരം മുറിവേല്ക്കുന്നതും മുറിവേല്പിക്കുന്നതും ദാമ്പത്യം പോലെയുള്ള ഒരു ഉടമ്പടിയില്‍ മനസ്സിലാക്കപ്പെടാതെ പോകുന്നതുകൊണ്ടാണ്. നിര്‍ദ്ദോഷമായ ഒരു തമാശുപോലും എത്രയോ അധികമായാണ് ദാമ്പത്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട് പ്രശ്‌നപൂരിതമാകുന്നത്. അവന്‍/ അവള്‍ പറഞ്ഞ ഒരു ഫലിതത്തിന്റെ പേരില്‍ ദാന്വത്യജീവിതം മുഴുവന്‍ മുറിവുകള്‍ കൊണ്ടുനടക്കുന്നവരും എത്രയോ അധികമുണ്ട്.

ഇവിടെയാണ് വിശുദ്ധ സെലിന്‍ മാര്‍ട്ടിന്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ വാചകം ഫ്രെയിമിട്ട് ഓരോ കുടുംബത്തിന്റെയും കിടപ്പുമുറികളില്‍ പ്രതിഷ്ഠിക്കേണ്ടത്. അദ്ദേഹം എന്നെ മനസ്സിലാക്കി..എന്നെ ആശ്വസിപ്പിച്ചു..എന്നെ സ്‌നേഹിച്ചു..ഞങ്ങള്‍ സ്‌നേഹത്തില്‍ അനുദിനം വര്‍ദ്ധിച്ചുവന്നു.
അതെ തീര്‍ച്ചയായും ദമ്പതികള്‍ പരസ്പരം മനസ്സിലാക്കേണ്ടതുണ്ട്.

മനസ്സിലാക്കപ്പെടാതെ പോകുന്നതുകൊണ്ടാണ് ആശ്വസിപ്പിക്കാന്‍ കഴിയാതെ പോകുന്നത്. മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും കഴിയാതെ പോകുന്നതു കൊണ്ടാണ് സ്‌നേഹിക്കാന്‍ കഴിയാതെ പോകുന്നത്. നമ്മുടെയൊക്കെ ദാമ്പത്യബന്ധങ്ങളില്‍ വര്‍ഷം കഴിയും തോറും മനസ്സിലാക്കപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ മനസ്സിലാക്കപ്പെടാതെ പോകുകയല്ലേ ചെയ്യുന്നത്? അവസാനം വരെ വീഞ്ഞ് സൂക്ഷിച്ചുവയ്ക്കാന്‍ കഴിയാതെ കമഴ്ത്തിവയ്ക്കപ്പെടുന്ന തോല്‍ക്കുടങ്ങളാകുന്നു നാം. പഴകിയ വീഞ്ഞിന് വീര്യം കൂടുന്നതുപോലെ ദാമ്പത്യം പഴക്കം ചെല്ലും തോറും മധുരിക്കുന്ന അവസ്ഥയാകുന്നില്ല പലര്‍ക്കും. അതിന്റെ കാരണം അവര്‍ക്കിടയില്‍ മനസ്സിലാക്കപ്പെടാതെ പോകുന്ന അവസ്ഥയുണ്ട് എന്നതാണ്.

ഏതൊരാളെയും മനസ്സിലാക്കാന്‍ കഴിയുന്നതിലും വലിയ ഗുണമൊന്നും ഒരാള്‍ക്ക് ഉണ്ടാകാനില്ല. നിങ്ങളുടെ ഇണയുടെ മുഖം വാടിയിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..ഇണയുടെ ഏതെങ്കിലും ഒരു പ്രവൃത്തി പതിവിലും വ്യത്യസ്തമാണെന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴി്ഞ്ഞിട്ടുണ്ടോ? ആറാമിന്ദ്രിയത്തിന്റെ സഹായം കൂടാതെ തിരിച്ചറിയാന്‍ കഴിയേണ്ടവയാണ് ഇവയെല്ലാം.
പക്ഷേ തിരക്കുപിടിച്ച ജീവിതത്തില്‍ ഇണയെ കാര്യമായിട്ടൊന്ന് ശ്രദ്ധിക്കാനോ മുഖത്തേയ്ക്ക് നോക്കിയിരിക്കാന്‍ പോലുമോ നമുക്ക് കഴിയുന്നുണ്ടാവില്ല. സ്‌നേഹത്തിന്റെ കുറവല്ല സമയത്തിന്റെ കുറവായിരിക്കും അതിന് കാരണവും. ഭാര്യയ്ക്ക് അസുഖമാണെന്ന് പറഞ്ഞിട്ട് അത് കുറവുണ്ടോയെന്ന് പിറ്റേന്ന് അന്വേഷിക്കാന്‍ നമ്മളില്‍ പലരും മറന്നുപോയിട്ടുണ്ടാവാം.മരുന്ന് വാങ്ങിക്കൊടുത്തതോടുകൂടി ഉത്തരവാദിത്തം കഴിഞ്ഞുവെന്നും ഇനി ഡോക്ടര്‍ ഭാര്യയുടെ കാര്യം നോക്കിക്കൊള്ളുമെന്നും നമ്മള്‍ നിഷ്‌ക്രിയരാകുന്നു.

പക്ഷേ മരുന്നിനെക്കാളും മന്ത്രത്തെക്കാളും ഭാര്യ ആഗ്രഹിക്കുന്നത് നിനക്ക് അസുഖം കുറഞ്ഞോ എന്ന സ്‌നേഹത്തോടെയുള്ള ഭര്‍ത്താവിന്റെ ചോദ്യവും സ്‌നേഹപൂര്‍വ്വമായ തലോടലുമായിരിക്കും. ഇണ എന്നില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള വരം ലഭിക്കുക വളരെ നിസ്സാരമൊന്നുമല്ല. ഒറ്റക്കാലില്‍ പഞ്ചാഗ്നിമധ്യേ തപസ് ചെയ്ത് നേടിയെടുക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ട് നിറഞ്ഞതുതന്നെയാണ് അത്.

ദാമ്പത്യത്തിലെ സ്‌നേഹബന്ധങ്ങള്‍ ഈശോ വര്‍ദ്ധിപ്പിച്ച അഞ്ചപ്പവും രണ്ടു മീനും പോലെ ആകേണ്ടതാണ്. പക്ഷേ എന്തുചെയ്യാം നമ്മുടെ സ്‌നേഹബന്ധങ്ങളില്‍ എവിടെയൊക്കെയോ മാന്ദ്യം സംഭവിച്ചിരിക്കുന്നു.. മനസ്സിലാക്കപ്പെടാതെ പോകുന്നതുകൊണ്ടുള്ള ദുരന്തമാണത്. ചില നേരങ്ങളില്‍ ഭാര്യ/ ഭര്‍ത്താവ് എന്തുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്ന് മനസ്സിലാക്കാനുള്ള വിവേകം ഉണ്ടായാല്‍ മതി അവരങ്ങനെ പ്രതികരിച്ചതോര്‍ത്ത് നാം ബുദ്ധിമുട്ട് അനുഭവിക്കുകയില്ല. മനസ്സിലാക്കുക. അതാണ് പ്രധാനം.എത്രയോ ക്ഷതങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം നാം ഓരോരുത്തരും.

അടുത്തയിടെ കന്യാസ്ത്രീകളെ കാരണമില്ലാതെ കൊലപ്പെടുത്തിയ ഒരു കുറ്റവാളിയെക്കുറിച്ച് മനശ്ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീയായ ഒരു സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഏറെ ശ്രദ്ധേയമായി തോന്നി. ചെറുപ്പകാലത്ത് ഏതെങ്കിലും ഒരു കന്യാസ്ത്രീയില്‍ നിന്ന് കിട്ടിയ ദുരനുഭവം- അകാരണമായ ശിക്ഷ, കുറ്റപ്പെടുത്തല്‍, പരിഹാസം- സുഖമാകാതെ അബോധമനസ്സില്‍ കിടക്കുന്നതുകൊണ്ടാകാം നിസ്സഹായരും ദുര്‍ബലരുമായ കന്യാസ്ത്രീകളെ തിരഞ്ഞുപിടിച്ച് ആ അക്രമി കൊലപ്പെടുത്തിയതെന്ന്..

കുറ്റത്തെ ന്യായീകരിക്കുകയല്ല, മനസ്സോടുന്ന കുമാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമായതുകൊണ്ട് അത്തരമൊരു സാധ്യതയെക്കുറിച്ചും പറഞ്ഞുവെന്ന് മാത്രം. ഏതൊരാളുടെയും പ്രവൃത്തിയെ, വാക്കുകളെ അല്പം അകന്നുനിന്ന് മനസ്സിലാക്കിയാല്‍ നമ്മുക്ക് ആ വ്യക്തിയോടുള്ള പല നിഷേധാത്മകമായമ നോഭാവങ്ങളിലും മാറ്റം വന്നെന്നിരിക്കും. പ്രത്യേകിച്ച് ദാമ്പത്യം പോലെയുള്ള ബന്ധങ്ങളില്‍.

അതുകൊണ്ട് എല്ലാ ദമ്പതികളും സെലിന്‍ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ വാചകം മറക്കാതിരിക്കട്ടെ.. നമ്മുക്ക് മനസ്സിലാക്കുന്നവരാകാം..ആശ്വസിപ്പി്ക്കുന്നവരാകാം.. സ്‌നേഹിക്കുന്നവരാകാം.. എവിടെയെങ്കിലും ഏതെങ്കിലും ഒന്നിന്റെ കുറവ് ദാമ്പത്യത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടനല്കും. സ്‌നേഹിക്കാന്‍ വേണ്ടിയാണല്ലോ ദമ്പതികളെ ദൈവം വിളക്കിചേര്‍ത്തിരി്ക്കുന്നത് തന്നെ.

സ്‌നേഹിക്കാതെ മുന്നോട്ടുപോകുന്ന ദാമ്പത്യത്തിന് ദാമ്പത്യം എന്നല്ല മറ്റെന്തെങ്കിലും പേര് നല്കുന്നതായിരിക്കില്ലേ കൂടുതല്‍ ഉചിതം?

You must be logged in to post a comment Login