‘ഇതാണ് സ്വീകാര്യമായ സമയം’, ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശം

‘ഇതാണ് സ്വീകാര്യമായ സമയം’, ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശം

ഇന്ന് വിഭൂതി… അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും വലിയ നോമ്പിലേക്കു പ്രവേശിക്കുന്ന വേളയില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കിയ നോമ്പുകാല സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍…

‘ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്’. (മത്താ 9:13)

മാതാവ്-സഭയുടെ സുവിശേഷവത്കരണത്തിന്റെ മുഖം

കരുണയുടെ അസാധാരണ ജൂബിലിവര്‍ഷം പ്രഖ്യാപിക്കുമ്പോള്‍ ഞാനാഗ്രഹിച്ചത് ഈ നോമ്പുകാലത്ത് എല്ലാവരും ദൈവത്തിന്റെ കരുണ ഏറ്റവുമധികമായി അനുഭവിക്കാന്‍ ഇടയാകണേ എന്നാണ്. ’24 മണിക്കൂറും ദൈവത്തിന്’ എന്ന ആശയത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കി എപ്പോഴും ദൈവത്തിന്റെ സ്വരം ശ്രവിക്കാന്‍ നാം കാതോര്‍ത്തിരിക്കണം. പ്രാര്‍ത്ഥനയോടെ ദൈവത്തിന്റെ സ്വരം ശ്രവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാന്‍ ഊന്നിപ്പറയുകയാണ്, പ്രത്യേകമായി അവിടുത്തെ പ്രവാചക ശബ്ദം. ദൈവത്തിന്റെ കരുണ എന്നുള്ളത് ഒരു പ്രഖ്യാപനമാണ്. നാമോരോരുത്തരും ഈ കരുണ അനുഭവിച്ചിരിക്കണം. ഈ പ്രഖ്യാപനവുമായാണ് ഈ നോമ്പുകാലത്ത് കരുണയുയെയും ക്ഷമയുടെയും സന്ദേശവുമായി മിഷനറിമാരെ ഞാനയക്കുന്നത്.

ഗബ്രിയേല്‍ മാലാഖയില്‍ നിന്നും സദ്വാര്‍ത്ത അറിഞ്ഞ മേരി തന്റെ സ്‌തോത്രഗീതത്തില്‍ ആ കരുണയുടെ സദ്വാര്‍ത്തയെ സ്വീകരിക്കുകയാണ് ചെയ്തത്. ജോസഫുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ആ കന്യക അങ്ങനെ സഭയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തിന്റെ ഉത്തമ ബിംബമായി. പരിശുദ്ധാത്മാവിനാലാണ് അവള്‍ സുവിശേഷവത്കരിക്കപ്പെട്ടത്. ആ പരിശുദ്ധാത്മാവ് അവളുടെ ഉദരഫലം അനുഗ്രഹീതമാക്കി.  പ്രവാചക പാരമ്പര്യത്തില്‍ കരുണ അമ്മയുടെ ഉദരവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. അതോടൊപ്പം ദാമ്പത്യത്തിലും കുടുംബബന്ധങ്ങളിലും പ്രകടമാകുന്ന ഉദാരത, വിശ്വസ്തത, അനുഭാവപൂര്‍ണ്ണമായ നന്‍മ എന്നിവയെയും ഈ കരുണ സൂചിപ്പിക്കുന്നു.

മനുഷ്യകുലവുമായുള്ള ദൈവത്തിന്റെ ഉടമ്പടി: കരുണയുടെ ചരിത്രം

ദൈവത്തിന്റെ കരുണയുടെ നിഗൂഢസ്വഭാവം വെളിപ്പെടുന്നത് ഇസ്രായേല്‍ ജനവുമായി അവിടുന്നു ചെയ്ത ഉടമ്പടിയിലാണ്. കരുണ പ്രകടിപ്പിക്കുന്നതില്‍ എക്കാലത്തും ധാരാളിത്തം കാണിക്കുന്നവനാണ് ദൈവം. ഗാഢമായ ദയാവായ്പുകളോടെയും കരുതലോടെയും അവിടുന്നു തന്റെ ജനത്തെ പരിലാളിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മുടെ അവിശ്വാസം ഈ ഉടമ്പടിയില്‍ വിള്ളല്‍ വീഴ്ത്തിയേക്കാം. അത്തരം ഘട്ടങ്ങളില്‍ നീതിയിലും സത്യത്തിലും ഉറച്ചു നില്‍ക്കുകയാണ് ചെയ്യേണ്ടത്. ദൈവം വഞ്ചിക്കപ്പെട്ട പിതാവിനെയോ ഭര്‍ത്താവിനെയോ ആണ് പ്രതിനിധാനം ചെയ്യുന്നതെങ്കില്‍ ഇസ്രായേല്‍ അവിശ്വസ്തയായ ഭാര്യയെയോ കുട്ടിയെയോ ആണ് പ്രതിനിധാനം ചെയ്യുന്നത്. ഹോസിയാ പ്രവാചകന്റെ പുസ്തകത്തില്‍ പറയുന്നതുപോലുള്ള തദ്ദേശീയമായ ഇത്തരം അടയാളങ്ങള്‍ ദൈവം തന്റെ ജനത്തോട് എത്ര മാത്രം ഒട്ടിനില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ്.

സ്‌നേഹത്തിന്റെ ഈ കഥ പൂര്‍ണ്ണമാകുന്നത് ദൈവപുത്രന്റെ മനുഷ്യാവതാരത്തിലാണ്. ക്രിസ്തുവിലേക്ക് ദൈവം തന്റെ അതിരില്ലാത്ത കരുണ ചൊരിയുന്നതു കാണാം. അങ്ങനെ ക്രിസ്തു കരുണയുടെ മനുഷ്യാവതാരമായി മാറുന്നു. ഒരു മനുഷ്യനെന്ന രീതിയില്‍ നസ്രത്തിലെ ഈശോ ഇസ്രായേലിന്റെ പുത്രനാണ്. ദൈവം ഇസ്രായേല്‍ ജനവുമായി ചെയ്ത ഉടമ്പടിയുടെ അടയാളമാണവന്‍. ഇസ്രായേലേ കേള്‍ക്കുക. നിന്റെ ദൈവമാണ് ഏകദൈവം. പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടി നീ നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കണം. നവവധുവിന്റെ സ്‌നേഹം പിടിച്ചുപറ്റാന്‍ എന്തും ചെയ്യുന്ന വരനെപ്പോലെയാണ് ക്രിസ്തു. ദൈവത്തിന്റെ അളവില്ലാത്ത സ്‌നേഹത്തോടാണ് അവന്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്.

അപ്പസ്‌തോലിക് കെരിഗ്മ(അപ്പസ്‌തോലിക പ്രഘോഷണം) യുടെ കേന്ദ്രബിന്ദുവും അടിസ്ഥാനവും ദൈവത്തിന്റെ ഈ കരുണയാണ്. മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവനായ ക്രിസ്തുവില്‍ പ്രകടമാകുന്നത് ദൈവത്തിന്റെ കരുണയുടെ സൗന്ദര്യമാണ്. ദൈവം പാപികളിലേക്കെത്തുന്നത് ഈ കരുണയിലൂടെയാണ്. പാപികള്‍ക്ക് അവനവനിലേക്കു തന്നെ നോക്കാനുള്ള അവസരമാണത്, ഒപ്പം മാനസാന്തരപ്പെടാനും വിശ്വസിക്കാനും ദൈവവുമായുള്ള ബന്ധം വീണ്ടെടുക്കുന്നതിനുമുള്ള അവസരം. യേശുവിന്റെ കുരിശുമരണത്തിലൂടെ പാപികളുടെ അടുക്കലേക്ക് എത്തുന്നതിനുള്ള ദൈവത്തിന്റെ ആഗ്രഹമാണ് പ്രകടമായത്, അവര്‍ ദൈവത്തിന്റെ പക്കല്‍ നിന്ന് എത്ര അകലെ ആയിരുന്നാലും. ഇത്തരത്തിലാണ് നവവധുവിന്റെ കഠിനമായ ഹൃദയത്തെ അവന്‍ മൃദുവാക്കുന്നത്.

കാരുണ്യ പ്രവര്‍ത്തികള്‍

ദൈവത്തിന്റെ കരുണക്ക് മനുഷ്യമനസ്സുകളെത്തന്നെ പരിവര്‍ത്തനം ചെയ്യാനുള്ള ശക്തിയുണ്ട്. നമുക്കു ലഭിച്ചിരിക്കുന്ന കരുണ ചുറ്റുമുള്ളവരിലേക്കു പകരാനും നമുക്കു കടമയുണ്ട്. അനുദിന ജീവിതത്തില്‍ നമ്മുടെ അയല്‍ക്കാരിലേക്കും സഹോദരങ്ങളിലേക്കും കരുണാര്‍ദ്ര സ്‌നേഹം പകരണം. ആത്മീയതലത്തിലും ഭൗതിക തലത്തിലും ഈ കരുണ ആവശ്യമാണ്. മറ്റുള്ളവരുടെ വിശപ്പകറ്റുന്നതിലൂടെ, രോഗികളായവരെ ആശ്വസിപ്പിക്കുന്നതിലൂടെ, തടവുകാരെ സന്ദര്‍ശിക്കുന്നതിലൂടെ അവര്‍ക്ക് ഉപദേശം നല്‍കുന്നതിലൂടെ നമ്മളും കരുണയുടെ വാഹകരാകുകയാണ് ചെയ്യുന്നത്. പീഡിപ്പിക്കപ്പെട്ടവരിലും രോഗികളിലും അവഗണിക്കപ്പെട്ടവരിലും നാം കാണേണ്ടത് ക്രിസ്തുവിനെത്തന്നെയാണ്. ദൈവത്തിന്റെ കുഞ്ഞാടാണ് അവിടെയും പീഡിപ്പിക്കപ്പെടുന്നത്.

സമ്പത്തും സ്ഥാനമാനങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ആത്മീയമായ ഒരുതരം അന്ധതയും നമ്മെ ബാധിക്കും. ധനവാന്റെയും ലാസറിന്റെയും ഉപമയില്‍ ലാസര്‍ പ്രതിനിധാനം ചെയ്യുന്നത് ക്രിസ്തുവിനെയാണ്. മാനസാന്തരപ്പെടാന്‍, കരുണ ചെയ്യാന്‍ ദൈവം ഒരുക്കിത്തരുന്ന ഇത്തരം അവസരങ്ങളെ കണ്ടില്ലെന്നു നടിക്കരുത്.

ആധുനിക യുഗത്തില്‍ ദൈവത്തിന് വലിയ സ്ഥാനമില്ല. മനുഷ്യന്‍ ചൂഷണം ചെയ്യപ്പെടാനുള്ള ഉപകരണമായും മാറിയിരിക്കുന്നു. പാവപ്പെട്ടവരുടെ ലോകത്തില്‍ ദരിദ്രര്‍ക്ക് സ്ഥാനവുമില്ല. ദരിദ്രനു നേരെ സമ്പന്നര്‍ വാതില്‍ കൊട്ടിയടക്കുന്നു. ഈ നോമ്പുകാലം പരിവര്‍ത്തനത്തിനുള്ള അവസരമായി മാറട്ടെ.

ഇതാണ് സ്വീകാര്യമായ സമയം. ക്രിസ്തുവിന് പ്രവേശിക്കാന്‍ നമ്മുടെ വാതിലുകളെ നമുക്ക് തുറന്നിടാം. കരുണയുടെ വാഹകരാകാനുള്ള ദൈവത്തിന്റെ സ്വരം നമുക്ക് ശ്രദ്ധയോടെ ശ്രവിക്കാം. ആദ്ധാത്മിക തലത്തിലും ഭൗതിക തലത്തിലും കരുണയുടെ ഈ പ്രവര്‍ത്തനങ്ങളുണ്ടായിരിക്കണം. പാവങ്ങളില്‍ ക്രിസ്തുവിനെ ദര്‍ശിക്കുമ്പോള്‍ ഓരോ പാപിയും മനസ്സിലാക്കണം, ഞാനും ദരിദ്രനാണെന്ന്. ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നതിലൂടെ അഹങ്കാരമുള്ളവനും അധികാരമുള്ളവനും സമ്പന്നനുമെല്ലാം ക്രിസ്തു അവന്റെ മരണത്തിലൂടെ നമുക്കു നല്‍കിയ കരുണ സ്വന്തമാക്കുകയാണ്.

ഈ സമയം നമുക്ക് പാഴാക്കാതിരിക്കാം. ഇതാണ് മാനസാന്തരത്തിന് അനുയോജ്യമായ സമയം. അതിനായി ദൈവത്തിന്റെ കരുണ അനന്തമായി ചൊരിയപ്പെട്ട പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടാം.

You must be logged in to post a comment Login