ഇതാ നിന്റെ അമ്മ!

ഇതാ നിന്റെ അമ്മ!

MMജീവിതഭാരങ്ങള്‍ നമ്മെ തളര്‍ത്തുന്ന നിമിഷങ്ങള്‍ ഉണ്ട്…, സഹായത്തിനായി ചുറ്റും കണ്ണോടിക്കുമ്പോള്‍ ചിരപരിചിതര്‍ പോലും അപരിചിതരെപ്പോലെ കടന്നുപോകുമ്പോള്‍….., എല്ലാം വിധിയെന്ന് ആത്മഗതം ചെയ്യാന്‍ വരട്ടെ…!

“നമ്മുടെ ബാലഹീനതകളില്‍ നമ്മോടോത്തു സഹതപിക്കാന്‍ കഴിയുന്ന …….പാപം ഒഴികെ, എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനും, സ്വര്‍ഗ്ഗത്തിലേക്ക് കടന്നുപോയ” (ഹെബ്രായര്‍ 04/14-15) വനുമായ നമ്മുടെ കര്‍ത്താവ് നമ്മെ പഠിപ്പിച്ചുതന്ന സത്യം ഉണ്ട്, തകര്‍ച്ചകളില്‍ താങ്ങായി, തണലായി, നമുക്കൊരു അമ്മയുണ്ട്‌. കാല്‍വരി യാത്രയില്‍ അവള്‍ അവനോടൊപ്പം നടന്നതുപോലെ അവള്‍ എന്നും നമ്മോടും കൂടെ ഉണ്ട്.

കാല്‍വരയിലെ കനത്ത അന്ധകാരം അകത്തും പുറത്തും അനുഭവിച്ചുകൊണ്ട്‌.., ശൂന്യതയുടെയും വേര്‍പാടിന്റെയും കറുകറുത്തതമസ്സില്‍.., വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി നിന്ന ഏക ശിഷ്യനെ നോക്കി “ഇതാ നിന്റെ അമ്മ” (യോഹന്നാന്‍19/27) എന്ന് അരുള്ചെയ്ത് എനിക്കും നിനക്കും അവന്‍ നല്‍കിയത്, അനാഥത്തത്തിന്റെ അവസാനമാണ്. അതേ.., നമ്മള്‍ സനാഥരാണ്. നമ്മുടെ വേദനകളില്‍ നമ്മെ ഓമനിക്കാന്‍ നമുക്കൊരു അമ്മയുണ്ട്. യേശുവിന്‍റെ അമ്മ.
മൂന്ന് വര്‍ഷം കൂടെനടുന്നും, പിന്ന്ടൊരു നാല്‍പതു രാവുകള്‍ കൂട്ടിനിരുന്നും (അപ്പ പ്ര 01/03) അവന്‍ പകര്‍ന്നുതന്ന നിത്യസത്യങ്ങളുടെ ആഴങ്ങള്‍ തിരിച്ചറിയാതെ…, നിരാശയുടെ പടുകുഴിയില്‍ അമര്‍ന്ന തന്‍റെ പ്രിയശിഷ്യരെ, ആത്മാഭിഷേകതിന്റെ പന്തക്കുസ്തക്ക് ഒരുക്കുവാന്‍ അവരോടൊപ്പം അവന്‍ അദൃശ്യസാന്നിധ്യമായപ്പോഴും, അവന്‍റെ സാന്നിധ്യത്തെ ദൃശ്യമാക്കാന്‍ കൂട്ടിരുന്നതും, അവളാണ്.., പരിശുദ്ധമറിയം (അപ്പ പ്ര 01/14).
അവള്‍ എന്നും അങ്ങിനെയാണ്, യേശുവിങ്കലേക്ക് എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ മാത്രമേ അവള്‍ പരിശ്രമിചിട്ടുള്ളൂ…! ഉല്പത്തിമുതല്‍ വെളിപാടുവരെ നിറഞ്ഞുനില്‍ക്കുമ്പോഴും അവള്‍ ഒന്നേ പറഞ്ഞുള്ളൂ. “അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍” (യോഹന്നാന്‍ 02/05).
ജീവിതഭാരങ്ങളുടെ നീര്ച്ചുഴില്‍ ഉഴലാതെ…, അവളുടെ സന്നിധിയില്‍ അണയാം.., നിശ്ചയമായും അവള്‍ നമ്മെ നാഥന്റെ സന്നിധിയില്‍ ചേര്‍ക്കും. നമ്മുടെ ശിഷ്ടജീവിതം നമ്മുടെ അമ്മയോട്പരിശുദ്ധമറിയത്തോടു ചേര്‍ന്ന് യേശുവിങ്കലേക്ക് വളരാം.

“പന്തക്കുസ്തയുടെ പ്രഭാതത്തില്‍ സഭയുടെ ആവിര്‍ഭാവത്തില്‍, ആത്മാവ് ഉദ്ഘാടനം ചെയ്യാനിരുന്ന അവസാനകാലത്തിന്റെ പുലരിയില്‍, ഒരേ ഹൃദയത്തോടെ പ്രാര്‍ത്ഥനയില്‍ സമ്മേളിച്ചിരുന്ന പന്ത്രണ്ടു പേരോടൊപ്പം അവളും (മറിയം) സന്നിഹിതയായിരുന്നു.”

 

തോമസ്‌ ക്രിസോസ്റ്റം

You must be logged in to post a comment Login