ഇതിലും വലിയ മാതൃക സ്വപ്‌നങ്ങളില്‍ മാത്രം; പള്ളിയില്‍ മോഷണം നടത്തിയവര്‍ക്ക് വികാരി കോടതിയില്‍ മാപ്പു നല്‍കി

ഇതിലും വലിയ മാതൃക സ്വപ്‌നങ്ങളില്‍ മാത്രം; പള്ളിയില്‍ മോഷണം നടത്തിയവര്‍ക്ക് വികാരി കോടതിയില്‍ മാപ്പു നല്‍കി

പീരുമേട്: കരുണയുടെ വര്‍ഷത്തില്‍ സഹവാസികളോട് കരുണാപൂര്‍വ്വം പെരുമാറണം എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തോട് നൂറു ശതമാനം നീതിപുലര്‍ത്തിയ കുമളി സെന്റ് ജോസഫ് ഫൊറോനാ പള്ളി വികാരി ഫാ. തോമസ്സ് വയലുങ്കല്‍ വിശ്വാസികള്‍ക്ക് മാതൃകയായി. പള്ളിയില്‍ മോഷണം നടത്തിയ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള മോഷ്ടാക്കള്‍ക്ക് പളളി വികാരി കോടതിയില്‍ മാപ്പു നല്‍കി. മാപ്പു നല്‍കിയതിനു ശേഷം നന്മയുടെ വഴിയെ സഞ്ചരിക്കണമെന്നുള്ള വികാരിയുടെ ഉപദേശവും കൂടി കേട്ടപ്പോള്‍ മോഷ്ടാക്കള്‍ പൊട്ടിക്കരഞ്ഞു പോയി.

പീരുമേട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി(രണ്ട്)യിലാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്. 2015 സെപ്റ്റംബര്‍ 30ന് രാത്രി കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുളള കുമളി സെന്റ് തോമസ്സ് ഫൊറോനാ പള്ളിയിലെ വികാരിയുടെയും സഹവികാരിയുടെയും ഓഫീസ് മുറിയും കുമളി സെന്റ് തോമസ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഓഫീസ് മുറിയും കുത്തിത്തുറന്ന് മോഷണം നടത്തിയവര്‍ക്കാണ് വൈദികന്‍ മാപ്പു നല്‍കിയത്.

1,22,890 രൂപ മോഷ്ടിച്ച തമിഴ്‌നാട് ധര്‍മപുരി സ്വദേശികളായ നടരാജന്‍, കുമാര്‍, മുരുകന്‍, കുപ്പുസ്വാമി എന്നിവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് മോഷണം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ കാരുണ്യവര്‍ഷമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മോഷ്ടാക്കള്‍ക്ക് മാപ്പു നല്‍കിയതെന്ന് വികാരി കോടതിയെ അറിയിച്ചു. കരുണയുടെ വര്‍ഷത്തില്‍ സഹജീവികളോട് കരുണയോടെ വര്‍ത്തിക്കണമെന്ന മാര്‍പാപ്പയുടെ ആഹ്വാനം എല്ലാ ഞായറാഴ്ചയും കുര്‍ബാന മദ്ധ്യേ വിശ്വാസികളുമായി പങ്കു വയ്ക്കുന്ന വികാരി സ്വന്തം ജീവിതത്തിലൂടെ തന്നെ അവര്‍ക്കതു കാണിച്ചു കൊടുക്കുകയായിരുന്നു.

You must be logged in to post a comment Login