ഇതും ജിഷ്ണുവാണ്!

ഇതും ജിഷ്ണുവാണ്!

jisnuഇത് ജിഷ്ണുവാണ്. നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ നടന്‍. രാഘവന്റെ മകന്‍. ഇല്ലാത്ത സൗന്ദര്യം പൊലിപ്പിച്ചു കാണിക്കാന്‍ ഫോട്ടോഷോപ്പ് ചേരുവ ചേര്‍ത്ത് അവതരിപ്പിക്കുന്ന വ്യര്‍ത്ഥ യൗവനങ്ങളുടെയും പ്രായത്തിന്റെ ജരാനരകള്‍ മൂടി വയ്ക്കാന്‍ ഡൈയും പുട്ടിയും തേക്കുന്ന വാര്‍ദ്ധക്യങ്ങളുടെയും കാലത്ത് ആകര്‍ഷകമായ പുരുഷസൗന്ദര്യമുണ്ടായിരുന്ന ഒരാള്‍ രോഗം കീഴടക്കിയ മുഖത്തിന്റെ അനാകര്‍ഷകമായ ചിത്രം പോസ്റ്റ് ചെയ്യാന്‍ കാണിച്ച ധൈര്യത്തിന്, മനസ്സിന്റെ ആ സ്വാതന്ത്ര്യത്തിന് ഹൃദയവയലിന്റെ പ്രണാമം.

ഉള്ളില്‍ നിന്നുള്ള സ്വാതന്ത്ര്യം വലിയൊരു കാര്യമാണ്. ജനം നമ്മളെ എങ്ങനെ കാണും എങ്ങനെ വിലയിരുത്തും എന്നുള്ള ഭീതി കൊണ്ട് പലതു മൂടി വയ്ക്കുന്നവരാണ് നമ്മള്‍. ഒരു മുഖക്കുരു വരുമ്പോഴും മുടിയൊന്ന് പൊഴിയുമ്പോഴും നമ്മുടെ നെഞ്ചില്‍ തീയുയരുന്നു. എന്നാല്‍ ജീവിതത്തിന്റെ ആഴം എന്നു പറയുന്നത് അതിന്റെ നന്മ തിന്മകളെയും ഉയര്‍ച്ച താഴ്ചകളെയും സൗന്ദര്യ-വൈരൂപ്യങ്ങളെയും സമചിത്തതയോടെ നേരിടുന്നതാണ്. സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോയതു കൊണ്ടും എണ്‍പതു കിലോ ഭാരമുണ്ടായിരുന്ന ആള്‍ നാല്പത്തു കിലോ ആയി രോഗ ചികിത്സ ചെയ്യുന്നതിന് സാക്ഷിയായതു കൊണ്ടും അറിയാം, ജീവിതത്തിന്റെ കയ്പുകള്‍ ഒരു പാഠമാണ്. മനസ്സിന്റെ ചില സ്വാതന്ത്ര്യത്തിലേക്കുള്ള വിളിയാണ്. ഈ ശരീരം എന്ന ഉടയാട അഴിച്ചിട്ടാലും ഉള്ളില്‍ എനിക്കൊരു മാറ്റവും സംഭവിക്കുന്നില്ല. ഹേമന്തത്തിനു ശേഷം വരുന്ന വസന്തം പോലെ, ശരീരം വീണ്ടും തളിര്‍ത്തേക്കാം.

ഇനിയും വരട്ടെ ജിഷ്ണുവിന്റെ ജീവിതത്തില്‍ വസന്തങ്ങളെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു!

 

ഫ്രേസര്‍

You must be logged in to post a comment Login