ഇത്ര മധുരിക്കുമോ അമ്മ? മകളുടെ പ്രാണന്‍ ചേര്‍ത്തുപിടിച്ച് ഒരമ്മ നടത്തിയ പോരാട്ടം

ഇത്ര മധുരിക്കുമോ അമ്മ? മകളുടെ പ്രാണന്‍ ചേര്‍ത്തുപിടിച്ച് ഒരമ്മ നടത്തിയ പോരാട്ടം

ഓരോ അമ്മയും മധുരമാണ്. എന്നാല്‍ സ്വീറ്റി മക്വാന എന്ന അമ്മയ്ക്ക് പേരില്‍ മാത്രമല്ല മധുരമുള്ളത്. കയ്പ് നിറഞ്ഞ ജീവിതത്തില്‍ ഇത്രത്തോളം മധുരം നിറയ്ക്കാന്‍ കഴിയുമോ എന്ന സാധാരണക്കാരുടെ സംശയങ്ങള്‍ക്ക് ഈ അമ്മ നല്കിയ മറുപടി ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും ആത്മവിശ്വാസം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും നേരിടാന്‍ കഴിയുമെന്നാണ്. 2015 ലെ മദര്‍ ഓഫ് ദ ഇയറായി ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത ഈ അമ്മയുടെ ജീവിതം ഇങ്ങനെയാണ്.

അസ്വസ്ഥകരമായ ഒരു ദാമ്പത്യജീവിതമായിരുന്നു സ്വീറ്റി എന്ന പഞ്ചാബുകാരിയുടേത്. 2009 ല്‍ ആയിരുന്നു വിവാഹം. ഭര്‍ത്താവ് ഓസ്‌ട്രേലിയായില്‍ സ്ഥിരതാമസക്കാരന്‍.

ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും യാതൊരു പരിഗണനയും സ്‌നേഹവും കിട്ടാതെ വന്ന സാഹചര്യത്തിലായിരുന്നു സ്വീറ്റി ഗര്‍ഭിണിയായത്. അതോടെ അവളുടെ ജീവിതത്തിലേക്ക് പുതിയ സ്വപ്‌നങ്ങള്‍ കടന്നുവന്നു.

പക്ഷേ 20 ആഴ്ച ഗര്‍ഭിണിയായപ്പോഴാണ് അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെ ഞെട്ടിക്കുന്ന വിവരം അവളറിഞ്ഞത്. തന്റെ ഉദരസ്ഥശിശുവിന് ജനിതകവൈകല്യമുണ്ടെന്ന് . അബോര്‍ഷന്‍ ചെയ്യാനുള്ള സമയം കഴിഞ്ഞതുകൊണ്ട് പ്രസവം വരെ കാത്തിരിക്കാന്‍ മാത്രമേ അവള്‍ക്കായുള്ളൂ.

ജനിതകവൈകല്യം എന്താണെന്ന് കണ്ടുപിടിക്കാന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞതുമില്ല. ഒടുവില്‍ 2011ല്‍ സ്വീറ്റി പ്രസവിച്ചു. ഓമനത്തം തുളുമ്പുന്ന ഒരു പെണ്‍കുഞ്ഞ്. കുഞ്ഞിന് അപൂര്‍ണ്ണമായ അന്നനാളമായിരുന്നു എന്നതായിരുന്നു പ്രശ്‌നം.

ഭക്ഷണം വായ് വഴി കഴിക്കാന്‍ കഴിയാത്ത അവസ്ഥ. ഇസൊ ഫാഗല്‍ അട്രീഷ്യ എന്നാണ് വൈദ്യശാസ്ത്രം ആ രോഗത്തിന് പേരു നല്കിയത്.രണ്ടര കിലോ മാത്രം ഭാരമായിരുന്നു കുഞ്ഞിന്. കുഞ്ഞ് അധികം വൈകാതെ മരിച്ചുപൊയ്‌ക്കൊള്ളും എന്നായിരുന്നു ഡോക്ടേഴ്‌സിന്റെ അനുമാനം. അതുകൊണ്ട് സ്വഭാവിക മരണത്തിന് കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ അവര്‍ തീരുമാനിച്ചു.

പക്ഷേ സ്വീറ്റി എന്ന അമ്മയ്ക്ക് അതിന് സമ്മതമായിരുന്നില്ല. കുഞ്ഞിന് കൃത്രിമമായി ആമാശയത്തിലേക്ക് ഭക്ഷണം എത്തിക്കാനുള്ള വഴികളെക്കുറിച്ചാണ് അവള്‍ ഡോക്ടേഴ്‌സുമായി ആലോചിച്ചത്. സ്വീറ്റിയുടെ ആ നിര്‍ദ്ദേശം കുഞ്ഞിന് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സകള്‍ നല്കുന്നതിലേക്ക് ഡോക്ടേഴ്‌സിനെ നയിച്ചു.

ചികിത്സാച്ചെലവുകള്‍ വളരെ ഭാരമേറിയതായിരുന്നു. അതോടെ സ്വീറ്റിയുടെ ഭര്‍ത്താവ് വിവാഹമോചനം നേടി ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പിരിഞ്ഞുപോവുകയും ചെയ്തു. സ്വീറ്റിയുടെയും കുഞ്ഞിന്റെയും ആശുപത്രി ജീവിതം ആരംഭിക്കുകയായിരുന്നു. ഇരുപത്തിനാലു മണിക്കൂറും കുഞ്ഞിനെ വിട്ടുപിരിയാതെ അവള്‍.. സ്വീറ്റി..

അതോടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലായി. ചികിത്സാച്ചെലവുകള്‍ക്ക് മുമ്പില്‍ മനസ്സ് മടുക്കാതെ സ്വീറ്റി ധനസമാഹരണത്തിനായി പുതി യ വഴികള്‍ ആലോചിച്ചുതുടങ്ങി. അങ്ങനെയാണ് ഫേസ്ബുക്ക് വഴി തന്റെയും കുഞ്ഞിന്റെയും വിവരങ്ങള്‍ അവള്‍ ലോകത്തെ അറിയിക്കാനാരംഭിച്ചത്.

സേവ് അവര്‍ ട്വിഷ എന്നായിരുന്നു ഫേസ്ബുക്ക് പേജ്. എന്റെ കുഞ്ഞ് മറ്റു കുഞ്ഞുങ്ങളെ പോലെ വായിലൂടെ ഭക്ഷണം കഴിക്കണം. അങ്ങനെയൊരു ആഗ്രഹം മാത്രമാണ് സ്വീറ്റി പങ്കുവച്ചത്.

സ്വീറ്റിയുടെ ആ ആഗ്രഹത്തിന് 38 കോടി രൂപ വേണമായിരുന്നു. കൃത്രിമ അന്നനാളം വച്ചുപിടിപ്പിക്കാനുള്ള ചെലവ്. അത്രയും വലിയൊരു തുക ആരെങ്കിലും തരുമോ.. എങ്ങനെ സംഘടിപ്പിക്കും..

അതൊന്നും സ്വീറ്റി ചിന്തിച്ചില്ല. അവളുടെ ആത്മവിശ്വാസത്തിനും പ്രത്യാശയ്ക്കും ലോകം മുഴുവന്‍ കൂടെ വന്നു. ഒടുവില്‍ ട്വിഷയുടെ ഓപ്പറേഷന്‍ വിജയകരമായി നടന്നു.

ഇന്ന് അമ്മയും മകളും പുതിയ ജീവിതത്തിന്റെ പച്ചപ്പിലാണ്. ആശുപത്രിവാസം അവസാനിപ്പിച്ച് അവര്‍ വീടിലേക്ക മടങ്ങിയിരിക്കുന്നു. ഇനിയും ചികിത്സകള്‍ ബാക്കിയുണ്ട്. പക്ഷേ ട്വീഷയ്ക്ക് സാധാരണകുട്ടികളെ പോലെ ഇന്ന് ഭക്ഷണം കഴിക്കാം. അമ്മയും മകളും പുതിയ സ്വപ്നങ്ങളോടെ നാളെയെ കാത്തിരിക്കുന്നു.

ഇനി പറയൂ ഈ അമ്മയ്ക്ക് എത്രയധികമാണ് മധുരം അല്ലേ?

You must be logged in to post a comment Login