ഇത് കാരുണ്യത്തിന്റെ ‘പുതിയ നിയമം’…..

ഇത് കാരുണ്യത്തിന്റെ ‘പുതിയ നിയമം’…..

കല്‍ക്കത്തയിലെ തെരുവോരങ്ങളില്‍ അരികുജീവിതങ്ങള്‍ക്കു വേണ്ടി കൈനീട്ടി നടന്നിരുന്ന വൃദ്ധസന്യാസിനിയെ ആദരവോടും അതിലേറെ ആരാധനയോടും കണ്ടിരുന്നു റിതിക. അപ്പോഴൊന്നും അറിയില്ലായിരുന്നു, അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത, സമാനമായ മറ്റൊരു വഴി താനും തിരഞ്ഞെടുക്കുമെന്ന്. മഠത്തില്‍ ചേര്‍ന്നതു പോലും നിനച്ചിരിക്കാത്ത സമയത്താണ്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള രണ്ടു മാസത്തെ വേനലവധിക്കാണ് പിന്നീടുള്ള ജീവിതത്തെ തന്നെ തിരുത്തിക്കുറിച്ച ആ തീരുമാനം റിതിക എടുക്കുന്നത്.

വീട്ടിലെ ഇളയ കുട്ടി.. ഒരു തുമ്മല്‍ വന്നാല്‍ പോലും ശുശ്രൂഷിക്കാന്‍ ആളുകളുണ്ടായിരുന്നു. മഠത്തില്‍ ചേര്‍ന്നപ്പോഴും ആ സ്‌നേഹത്തിന് ഒരു കുറവും വന്നില്ല. എന്നാല്‍ ആ കരുതലുകളൊക്കെയും തിരസ്‌കരിക്കാനാണ് റിതികക്കു തോന്നിയത്. മഠത്തില്‍ നിന്നും പുറത്തുകടന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്ന് മേലധികാരികളെ അറിയിച്ചപ്പോള്‍ വരുംവരായ്കകളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വിലക്കുകളായെത്തി. ഒക്കെയും തന്നോടുള്ള സ്‌നേഹം മൂലമാണെന്ന് റിതികക്ക് അറിയാമായിരുന്നു. എങ്കിലും റിതിക തീരുമാനത്തില്‍ ഉറച്ചു നിന്നു. ഒടുവില്‍ മേലധികാരികളുടെ അനുഗ്രഹത്തോടെ തന്നെ തെരുവിലേക്കിറങ്ങി. അരുതെന്നു മറ്റുള്ളവര്‍ വിലക്കിയ മനുഷ്യത്വപരമായ ആ സാഹസത്തിന് ദൈവം നല്‍കിയ പ്രതിഫലമെന്നോണം ഇന്ന് എട്ടു കുട്ടികള്‍ ‘അമ്മേ..’ എന്നു വിളിച്ചുകൊണ്ട് സിസ്റ്റര്‍ റിതികയുടെ ചുറ്റും കൂടുന്നു. എറണാകുളം ലോ കോളേജില്‍ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനി കൂടിയാണ് സിസ്റ്റര്‍ റിതികയിന്ന്.

വടുതല ടോള്‍ഗേറ്റ് റോഡിലുള്ള ‘ബേത്‌സയ്ദാ പ്രൊവിഡന്‍സ് ഇന്‍’ എന്ന കൊച്ചുവീട്ടില്‍ ഇന്ന് സിസ്റ്റര്‍ റിതികക്ക് ഒപ്പമുള്ളത് എട്ട് ബാല്യങ്ങള്‍. ഇവിടം വരെയെത്തിയത് സുമനസ്സുകളുടെ കാരുണ്യം കൊണ്ടും അതിലുപരി ദൈവാനുഗ്രഹം കൊണ്ടാണെന്നും റിതിക ഓര്‍ക്കുന്നു. എന്തു ചെയ്യുമെന്നോ എങ്ങനെ ചെയ്യുമെന്നോ അറിയാതെ നിസ്സഹായയാപ്പോള്‍ സഹായത്തിനെത്തിയത് പച്ചാളം സ്വദേശിയായ ലാന്‍സി പുളിക്കല്‍ എന്ന മനുഷ്യസ്‌നേഹി. ലാന്‍സിയുടെ സഹായത്തോടെയാണ് വീടു വാങ്ങിയത്. പാത്രങ്ങള്‍, ഫര്‍ണ്ണീച്ചറുകള്‍, ഭക്ഷണത്തിനുള്ള സാധനങ്ങള്‍, അങ്ങനെ ആവശ്യങ്ങള്‍ വീണ്ടുമേറിവന്നപ്പോള്‍ പലയിടങ്ങളില്‍ നിന്നും കാരുണ്യത്തിന്റെ കരങ്ങള്‍ പിന്നെയും നീണ്ടു. അഞ്ചു രൂപ തരാന്‍ പോലും നൂറു തവണ ആലോചിക്കുന്ന സമയത്ത് കൈനീട്ടിയപ്പോഴൊന്നും ആരും തന്നെ തിരസ്‌കരിച്ചിട്ടില്ല എന്ന് സിസ്റ്റര്‍ പറയുന്നു.

ഉപേക്ഷിക്കപ്പെട്ട അനാഥ ബാല്യങ്ങളെ എടുത്തു വളര്‍ത്താന്‍ താത്പര്യമുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയാണുണ്ടായത്. മൂന്നു കുട്ടികളെ കിട്ടിയിട്ടുണ്ടെന്ന വാര്‍ത്തയുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നും ആദ്യവിളിയെത്തിയപ്പോള്‍ ആദ്യമായി അമ്മയാകാന്‍ പോകുന്ന സ്ത്രീയുടെ സന്തോഷമായിരുന്നു സിസ്റ്റര്‍ റിതികക്ക്. അപ്പോള്‍ തന്നെ ഇറങ്ങിയോടി. അങ്ങനെ ആദ്യമെത്തിയത് പ്രിയയും ജ്യോതിയും രാജുവും. സഹോദരങ്ങളായിരുന്നു മൂവരും. നാളുകളായി ഭക്ഷണം കഴിക്കാതെയും കുളിക്കാതെയും വികൃതരൂപങ്ങളായാണ് ഇവര്‍ എത്തിയത്. എല്ലാവരുടേയും മുടി വെട്ടി, കുളിപ്പിച്ച് വയറുനിറയെ ഭക്ഷണം കൊടുത്ത ശേഷം ഒരു കാര്യം സിസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു: ‘എന്നെ അമ്മേ, എന്നു വിളിക്കണം’.

മൂന്നു വര്‍ഷങ്ങള്‍ക്കിടെ ബേത്‌സയ്ദാ പ്രൊവിഡന്‍സ് ഇന്നില്‍ അംഗങ്ങള്‍ പിന്നെയും കൂടി. ഇപ്പോള്‍ മൊത്തം എട്ടു പേര്‍- രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും.എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കണമെന്നാണ് സിസ്റ്റര്‍ റിതികയുടെ ആഗ്രഹം. തേവര സിസിപിഎല്‍എം ആഗ്ലോ ഇന്ത്യന്‍ സ്‌കൂളിലാണ് എട്ടുപേരും പഠിക്കുന്നത്. പഠനത്തിലും മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും എല്ലാവരും മുന്‍പന്തിയിലാണെന്ന് സിസ്റ്റര്‍ പറയുന്നു. രാവിലെ കുട്ടികളെ കുളിപ്പിച്ചൊരുക്കി, ഭക്ഷണം നല്‍കി സ്‌കൂളിലേക്കയച്ചാല്‍ റിതിക നേരെ പോകുന്നത് കോളേജിലേക്ക്. കുട്ടികള്‍ക്കു വേണ്ടി തന്നെയാണ് നിയമം പഠിക്കണമെന്ന് തീരുമാനിച്ചതും. കുട്ടികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ ഭേദഗതികള്‍, ഇവയെല്ലാം കൂടുതല്‍ സങ്കീര്‍ണ്ണമായപ്പോള്‍ നിയമം പഠിക്കുന്നതാണ് നല്ലതെന്നു തോന്നി. വിദ്യാര്‍ത്ഥിനിയുടെ റോളിലും താന്‍ ഏറെ സന്തോഷം കണ്ടെത്തുന്നുണ്ടെന്ന് സിസ്റ്റര്‍ പറയുന്നു. ബാച്ചിലെ ഏക കന്യാസ്ത്രിയാണ്. അതുകൊണ്ട് സഹപാഠികളുടെയും അദ്ധ്യാപകരുടെയും പ്രത്യേക പരിഗണനയുണ്ട്. ഇടക്കൊക്കെ കോളേജില്‍ നിന്നും കൂട്ടുകാര്‍ സിസ്റ്റര്‍ റിതികയുടെ കൊച്ചുവീട്ടിലെത്തും. ചോക്ലേറ്റുകളും മധുരപലഹാരങ്ങളുമെല്ലാമായി കുട്ടികളുമായി കുശലം പറഞ്ഞിരിക്കും.

നിത്യച്ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ‘സ്വര്‍ഗ്ഗം’ എന്ന പേരില്‍ ഒരു ക്രിസ്തീയ ഭക്തിഗാന ആല്‍ബവും സിസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. കെസ്റ്റര്‍, മധു ബാലകൃഷ്ണന്‍, കെ.ജി.മാര്‍ക്കോസ്, മിന്‍മിനി, ഫ്രാങ്കോ തുടങ്ങിയ പ്രശസ്ത ഗായകരാണ് ഗാനങ്ങളാലപിച്ചിരിക്കുന്നത്. വീട്ടിലെ ജോലികളും പഠനത്തിന്റെ തിരക്കുകളുമകന്ന ഇടവേളകളില്‍ സിസ്റ്റര്‍ തന്നെ ആല്‍ബം വീടുകളില്‍ കയറിയിറങ്ങി വില്‍ക്കും.

വക്കീലായി എന്റോള്‍ ചെയ്യണമെന്നാണ് സിസ്റ്റര്‍ റിതികയുടെ ആഗ്രഹം, അങ്ങനെ കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയുെ പുതിയ നിയമങ്ങള്‍ രചിക്കാനും. ‘നീതി ലഭിക്കാത്ത നിരവധി പേര്‍ നമ്മുടെ ജയിലുകളിലുണ്ട്. വക്കീലിനു നല്‍കാനുള്ള ഫീസ് അവരുടെ പക്കല്‍ ഇല്ല. അവര്‍ക്കു വേണ്ടി വാദിക്കാന്‍ ആളുമില്ല. നീതി നിഷേധിക്കപ്പെട്ട ഇത്തരക്കാര്‍ക്കു വേണ്ടി വാദിക്കണമെന്നാണ് ആഗ്രഹം’, ഉറച്ച ശബ്ദത്തില്‍ സിസ്റ്റര്‍ റിതിക പറയുന്നു.

അനൂപ സെബാസ്റ്റ്യന്‍

 

You must be logged in to post a comment Login