ഇത് കൈവിരുതല്ല, കാല്‍വിരുത്….

ഇത് കൈവിരുതല്ല, കാല്‍വിരുത്….

വടിവൊത്ത ആ അക്ഷരങ്ങളെ സഹപാഠികളും അദ്ധ്യാപകരുമൊക്കെ കൊതിയോടെ നോക്കിനിന്നിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഏറ്റവും നല്ല കയ്യക്ഷരത്തിനുള്ള സമ്മാനം നേടിയതും ആ കൊച്ചുമിടുക്കിയാണ്. പക്ഷേ, കണ്‍കോണുകളില്‍ കെട്ടിനിന്ന കണ്ണീരൊളിപ്പിച്ച് നൊമ്പരത്തോടെയാണ് അന്ന് അവളെ ആദ്യമായി കണ്ട വിശിഷ്ടാതിഥികളും സദസ്യരും കയ്യടിച്ചത്. കാരണം, അവള്‍ക്ക് കൈകളില്ലായിരുന്നു..!! വടിവൊത്ത ആ അക്ഷരങ്ങള്‍ക്കു പിന്നില്‍ അവളുടെ കാല്‍വിരുതായിരുന്നു..!!

സബിതാ മോനിസ് എന്ന മംഗലാപുരം സ്വദേശിക്ക് ഇന്ന് വയസ്സ് 32. ബല്‍ത്തങ്ങാടിയിലെ ആല്‍വാ എഡ്യുക്കേഷന്‍ സൊസൈറ്റിയില്‍ സ്റ്റുഡന്റ് വെല്‍ഫെയര്‍ ഓഫീസറായി ജോലി ചെയ്യുകയാണ് സബിതയിപ്പോള്‍. സാമൂഹ്യസേവനത്തിന് ബല്‍ത്തങ്ങാടി രൂപതയുടെ ‘കര്‍ണ്ണാടക യുവരത്‌ന’ അവാര്‍ഡും സബിതയെ തേടിയെത്തി.

1984 ജനുവരി 15 ന് മംഗലാപുരത്തെ ഗരഗാഡിയിലുള്ള സാധാരണ കുടുംബത്തിലാണ് ജനനം. നാലാമതായി പിറന്ന കുട്ടിക്ക് കൈകളില്ലെന്നറിഞ്ഞപ്പോള്‍ ദൈവത്തിന്റെ വികൃതിയെ ഒരു നിമിഷത്തേക്കെങ്കിലും സബിതയുടെ അമ്മ പഴിച്ചു. പിന്നെ ദൈവഹിതത്തിന് എല്ലാം വിട്ടുകൊടുത്തു. കുഞ്ഞിനെ എങ്ങനെ വളര്‍ത്തുമെന്ന ആധികളോരോന്നായി അപ്പന്റെ മനസ്സിലും തിങ്ങിവന്നെങ്കിലും യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുത തന്നെ ചെയ്തു.

മൂത്ത സഹോദരങ്ങള്‍ ചെയ്യുന്നതു കണ്ടാണ് സബിത പലതും പഠിച്ചത്. അവര്‍ ചിത്രം വരച്ചപ്പോള്‍ കുഞ്ഞിക്കാലുകള്‍ കൊണ്ട് അവളും ചിത്രം വരച്ചു. അവര്‍ കൈകള്‍ കൊണ്ട് എഴുതിയപ്പോള്‍ കാല്‍ വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ ചേര്‍ത്ത് സബിതയുമെഴുതി. മാതാപിതാക്കള്‍ അവള്‍ക്ക് തണലായി നിന്നു. കൈകളും കാലുകളുമില്ലാതെ ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന നിക്കും കാലു കൊണ്ട് വിമാനം പറത്തി ആകാശയാത്ര നടത്തിയ ജസീന്തയും സബിതയുടെ പ്രചോദന ജീവിതങ്ങളായിരുന്നു.

സാധാരണ കുട്ടികളോടൊപ്പം തന്നെ പഠിച്ചു. സാമൂഹ്യ പ്രവര്‍ത്തകയാകണമെന്ന ആഗ്രഹം സ്‌കൂള്‍ കാലഘട്ടം മുതലേ ശക്തമായിരുന്നു. ഉയര്‍ന്ന മാര്‍ക്കോടെ തന്നെ പത്താം ക്ലാസും പ്ലസ് ടു വും പാസ്സായി. 70% മാര്‍ക്കോടെ ബിരുദപഠനവും പൂര്‍ത്തിയാക്കി. എംഎസ്ഡബ്ല്യൂ പഠിക്കണമെന്നു പറഞ്ഞപ്പോള്‍ വീട്ടുകാരും നാട്ടുകാരും ഒപ്പം നിന്നു. എങ്കിലും കൈകളില്ലാത്ത ഈ പെണ്‍കുട്ടി എങ്ങനെ സാമൂഹ്യസേവനം ചെയ്യുമെന്നോര്‍ത്ത് ചിലര്‍ നെറ്റി ചുളിച്ചു.

ഇന്ന് ബല്‍ത്തങ്ങാടിയിലെ ആല്‍വാ എഡ്യുക്കേഷണല്‍ സൊസൈറ്റിയിലെ 14,000 ത്തോളം കുട്ടികളുടെ ജീവിതത്തിലെ വെളിച്ചമാണ് സബിത മോനിസ്. എന്നും പുലര്‍ച്ചെ എഴുന്നേറ്റ് ജോലിക്കു പോകും, തന്നെ കാത്തിരിക്കുന്ന കുട്ടികള്‍ക്ക് പ്രതീക്ഷയുടെ വെട്ടമേകാന്‍.. കരങ്ങളില്ലെങ്കിലും അവര്‍ക്ക് താങ്ങാകാന്‍… സദാ പുഞ്ചിരിക്കുന്ന മുഖവുമായി സബിത കുട്ടികളെ ശുശ്രൂഷിക്കും. അവര്‍ക്ക് സ്‌നേഹചുംബനം നല്‍കും, അവര്‍ തിരിച്ചും….

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login