ഇത് വധശിക്ഷ അവസാനിപ്പിക്കാനുള്ള സമയം: ആര്‍ച്ച് ബിഷപ് ഗോമസ്

ഇത് വധശിക്ഷ അവസാനിപ്പിക്കാനുള്ള സമയം: ആര്‍ച്ച് ബിഷപ് ഗോമസ്

ലോസ് ആഞ്ചല്‍സ്: ഇത് വധശിക്ഷ അവസാനിപ്പിക്കാനുള്ള സമയമാണെന്ന് ലോസ് ആഞ്ചല്‍സ് ആര്‍ച്ച് ബിഷപ് ജോസ് എച്ച് ഗോമസ്. കാലിഫോര്‍ണിയായിലോ യുഎസിലോ മാത്രമല്ല ലോകം മുഴുവന്‍ വധശിക്ഷ അവസാനിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരണസംസ്‌കാരത്തിന്റെ ഈ കാലത്ത് ജീവിതത്തിന്റെ പരിശുദ്ധിയും മനുഷ്യവ്യക്തിത്വത്തിന്റെ മഹത്വവും വെളിവാക്കാന്‍ കഴിയുന്ന വിശ്വസനീയമായ സാക്ഷ്യം കരുണ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോസ് ആഞ്ചല്‍സ് അതിരൂപതയുടെ ന്യൂസ് വീക്കിലിയിലാണ് വധശിക്ഷയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കുവച്ചത്.

കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതിന് പകരം അവരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക. അവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരെ സമൂഹത്തിന് ഉപകാരികളാക്കി മാറ്റാന്‍ പുനരുദ്ധരിക്കുകയും ചെയ്യുക. അമേരിക്കന്‍ സമൂഹത്തില്‍ അക്രമത്തിന് വേണ്ടിയുള്ള ഒരു വിശപ്പ് ഉള്ളതായും അദ്ദേഹം പരാമര്‍ശിച്ചു.

അക്രമാസക്തമായ വീഡിയോ ഗെയിം, അര്‍ത്ഥരഹിതമായ ഗാനങ്ങള്‍, മറ്റ് വിനോദങ്ങള്‍. ഇത്തരത്തിലുള്ള  അമേരിക്കയുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ വധശിക്ഷ മനുഷ്യജീവന്റെ മഹത്വം ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും ഒരാളെകൂടി കൊല്ലാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

സഭയുടെ പാരമ്പര്യം ഒരിക്കലും വധശിക്ഷയ്ക്ക് അനുകൂലമല്ല. തിരുവചനങ്ങളിലും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളിലും മാര്‍പാപ്പമാരുടെ പ്രബോധനങ്ങളിലും വധശിക്ഷ പാടില്ല എന്ന് തന്നെയാണ് പറയുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ അവസാന യുഎസ് സന്ദര്‍ശന വേളയില്‍ അദ്ദേഹം വധശിക്ഷയെ വിളിച്ചത് ക്രൂരവും അനാവശ്യവുമെന്നാണെന്നും ആര്‍ച്ച് ബിഷപ് അനുസ്മരിച്ചു.

You must be logged in to post a comment Login