ഇനി തെരേസയുടെ പേരിനൊപ്പം അവള്‍ ഹൃദയത്തില്‍ വരച്ച സ്‌നേഹത്തിന്റെ ഭൂപടം

ഇനി തെരേസയുടെ പേരിനൊപ്പം അവള്‍ ഹൃദയത്തില്‍ വരച്ച സ്‌നേഹത്തിന്റെ ഭൂപടം

വത്തിക്കാന്‍ : കാരുണ്യത്തിന്റെ മറുപേരായി ലോകം പറഞ്ഞുപഴകിയ ആ പേര് ഇനിയില്ല; മദര്‍ തെരേസ. പകരം ഇനിയുള്ള കാലമത്രയും ‘സെയിന്റ് തെരേസ ഓഫ് കൊല്‍ക്കൊത്ത’.

ലിസ്യൂവിലെ കൊച്ചു തെരേസയും ആവിലയിലെ അമ്മ തെരേസയും ഫ്രിബെര്‍ഗിലെ തെരേസയും ഇതിനുമുന്പ് വിശുദ്ധരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചതുകൊണ്ട് മദര്‍ തെരേസയുടെ പേരിനൊപ്പം ഭാരതത്തിലെ ‘സന്തോഷത്തിന്റെ നഗരം’ ഇടംപിടിക്കുന്നു. മദര്‍ തെരേസ ഹൃദയത്തില്‍ സ്‌നേഹംകൊണ്ടു വരച്ച ഭൂപടമാണ് കൊല്‍ക്കൊത്ത. ഇനി അത് ആ വിശുദ്ധയുടെ മേല്‍വിലാസം കൂടിയാവുന്നു.

ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയക്ക് രണ്ടിന് വത്തിക്കാനിലെ പത്രോസിന്റെ ചത്വരത്തില്‍ തിങ്ങിനിറയുന്ന ജനലക്ഷങ്ങളെ സാക്ഷിനിറുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു, ആ പുതിയ പേര്.

‘മിസേറി കോര്‍ദേസ് സീകുത് പാത്തേര്‍’ എന്നു തുടങ്ങുന്ന ലാറ്റിന്‍ കാരുണ്യഗീതം പാടിക്കൊണ്ടായിരുന്നു നാമകരണചടങ്ങുകളുടെ തുടക്കം; ‘കരുണാമയനായ പിതാവിനെപ്പോലെ’ എന്നാണ് ആ വാക്കുകളുടെ അര്‍ഥം. ഈ ഗാനം ആദ്യം ലാറ്റിനിലും തുടര്‍ന്ന് ഇംഗ്‌ളീഷിലും ഇറ്റാലിയനിലും ആലപിച്ചു. ഗാനാലാപനത്തിനിടയില്‍ തിരുവസ്ത്രങ്ങള്‍ അണിഞ്ഞു ഫ്രാന്‍സിസ് മാര്‍പാപ്പ ബലിവേദിയില്‍ എത്തി. സെയിന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്നില്‍ തയ്യാറാക്കിയിട്ടുള്ള പ്രത്യേകവേദിയിലായിരുന്നു ബലിയര്‍പ്പണം.

‘കര്‍ത്താവേ അങ്ങ് നീതിമാന്‍ ആകുന്നു’ എന്നു തുടങ്ങുന്ന സങ്കീര്‍ത്തനഭാഗം തുടര്‍ന്ന് ആലപിച്ചു. പിന്നാലെ പരിശുദ്ധാന്മാവിനെ സ്വാഗതം ചെയ്യുന്ന ‘വേനി ക്രിയേത്തൂര്‍ സ്പിരിത്തൂസ്’ എന്ന ഗാനവും.

ഈ ഗാനം തീര്‍ന്നതോടെ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ വേദിയില്‍ എത്തി. വിശുദ്ധരുടെ നാമകരണത്തിനുള്ള വത്തിക്കാന്‍ തിരുസംഘം അധ്യക്ഷനാണ് അദ്ദേഹം.

‘കല്‍ക്കട്ടയിലെ തെരേസ’ എന്നുപേരുള്ള സന്യാസവനിതയെ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കാന്‍ അദ്ദേഹം മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചു. നവവിശുദ്ധയുടെ ജീവചരിത്രകുറിപ്പ് കര്‍ദിനാള്‍ അമാത്തോ മാര്‍പാപ്പക്ക് സമര്‍പ്പിച്ചു. സകലവിശുദ്ധരുടെയും അനുഗ്രഹം തേടിയുള്ള ലുത്തിനിയ തുടര്‍ന്ന് ആലപിച്ചു.

ലുത്തിനിയ തീര്‍ന്നതോടെ പരിശുദ്ധ പിതാവ് എണീറ്റ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ലാറ്റിന്‍ ഭാഷയിലായിരുന്നു പ്രഖ്യാപനം: ‘പരിശുദ്ധത്രീത്വത്തിന്റെ മഹത്വത്തിനും കത്തോലിക്കാ വിശ്വാസത്തിന്റെ പുകഴ്ചക്കും ക്രിസ്തീയ ജീവിതത്തിന്റെ വളര്‍ച്ചക്കും അനുയോജ്യമാണെന്നു കണ്ടെത്തിയതിനാല്‍ കല്‍ക്കട്ടയിലെ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും വിശുദ്ധരുടെ ഗണത്തില്‍ പേരുചേര്‍ക്കുകയും ചെയ്യുന്നു’

ആ നിമിഷം മുതല്‍ മദര്‍ തെരേസ കല്‍ക്കട്ടയിലെ വിശുദ്ധ തെരേസ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. തുടര്‍ന്ന് വിശുദ്ധയുടെ തിരുശേഷിപ്പ് സമര്‍പ്പണമായിരുന്നു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമ തിരുശേഷിപ്പ് അടങ്ങിയ അരുളിക്ക മാര്‍പാപ്പക്ക് കൈമാറി. മാര്‍പാപ്പ ധൂപം ഉയര്‍ത്തി തിരുശേഷിപ്പ് ആശീര്‍വദിച്ചു.

തുടര്‍ന്ന് വചനവായന. ലത്തീന്‍ ആരാധനാക്രമത്തിലെ ഇരുപത്തിമൂന്നാമത്തെ ഞായര്‍ ആയതുകൊണ്ട് അതനുസരിച്ചുള്ള വചനവായനകള്‍ ആയിരുന്നു ഉള്‍പ്പെടുത്തിയത്. ആദ്യം ജ്ഞാനത്തിന്റെ പുസ്തകത്തിലെ ഒന്‍പതാം അദ്ധ്യായം 13 മുതല്‍ 18 വരെയുള്ള ഭാഗങ്ങളാണ് വായിച്ചത്. ഒന്നാം വായന കഴിയുന്‌പോള്‍ പ്രതികരണ സങ്കീര്‍ത്തനം. പൗലോസ് ശ്ലീഹ ഫിലേമോന് എഴുതിയ ലേഖനത്തില്‍ നിന്നായിരുന്നു രണ്ടാം വായന.

ലൂക്കാ പതിനാലാം അദ്ധ്യായം 25 മുതല്‍ 33 വരെയുള്ള വചനങ്ങളാണ് സുവിശേഷവായനയില്‍ ഉള്‍പ്പെടുത്തിയത്. ‘തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളില്‍ ആര്‍ക്കും എന്റെ ശിഷ്യനാകാന്‍ സാധ്യമല്ല’ എന്ന യേശുവിന്റെ വാക്കുകളാണ് ഈ വചനഭാഗത്തുള്ളത്. മദര്‍ തെരേസയുടെ ജീവിതം ഈ സുവിശേഷഭാഗവുമായി അസാധാരണമായവിധം ബന്ധപ്പെട്ടിരിക്കുന്നു.
മാര്‍പാപ്പയുടെ പ്രസംഗത്തിനുശേഷം വിശുദ്ധകുര്‍ബാന തുടര്‍ന്നു. നൂറുകണക്കിനു വൈദീകരും സ്‌പെഷല്‍ യൂക്കരിസ്റ്റിക് മിനിസ്റ്റേഴ്‌സും ചേര്‍ന്ന് കുര്‍ബാനയില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ദിവ്യകാരുണ്യം നല്‍കി.

 

വത്തിക്കാനില്‍ നിന്ന് ശാന്തിമോന്‍ ജേക്കബ്

You must be logged in to post a comment Login