ഇന്തോനേഷ്യയിലെ ഷണ്ഡീകരണ നിയമം: സഭാധികാരികള്‍ വിമര്‍ശിക്കുന്നു

ഇന്തോനേഷ്യയിലെ ഷണ്ഡീകരണ നിയമം: സഭാധികാരികള്‍ വിമര്‍ശിക്കുന്നു

ജക്കാര്‍ത്ത: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരെ ഷണ്ഡീകരിക്കുന്ന നിയമം പാസാക്കാന്‍ ഒപ്പുവച്ച പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ തീരുമാനത്തിനെതിരെ സഭാധികാരികള്‍ വിയോജിപ്പു രേഖപ്പെടുത്തി. കുട്ടികളെ സംരക്ഷിക്കാനുള്ള ഗവണ്‍മെന്റിന്റെ താല്പര്യത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ അതിന് വേണ്ടി പുതിയൊരു നിയമം പാസാക്കുന്നതിനെ ഞാന്‍ കഠിനമായി വിമര്‍ശിക്കുന്നു. ബിഷപ്‌സ് കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് പീസ് ആന്റ് പാസ്റ്ററല്‍ ഫോര്‍ മൈഗ്രന്‌റ് പീപ്പിള്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. പൗലസ് ക്രിസ്റ്റ്യന്‍ സിസ് വാന്റോകോ പറഞ്ഞു.

മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് ഷണ്ഡീകരണം എന്ന് ഹോളി സ്പിരിറ്റ് മിഷനറി സിസ്റ്റര്‍ സെസിലിയ സൂസന്ന അനാക്ക് അഭിപ്രായപ്പെട്ടു. അറ്റാംബുവാ കേന്ദ്രമാക്കിയുള്ള വുമന്‍ ആന്റ് ചൈല്‍ഡ് കെയര്‍ ഫോറത്തിന്റെ കോര്‍ഡിനേറ്ററാണ് സിസ്റ്റര്‍. ദീര്‍ഘകാലമുള്ള ജയില്‍ജീവിതമാണ് നല്‌കേണ്ടത്. സിസ്റ്റര്‍ പറഞ്ഞു.

സഭ ഒരിക്കലും വധശിക്ഷയോ ഷണ്ഡീകരണമോ അനുകൂലിക്കുന്നില്ല എന്ന് നോട്രഡാം സിസ്റ്റര്‍ മരിയ റെസ പറഞ്ഞു. മറ്റേതെങ്കിലും തരത്തിലുള്ള ശിക്ഷ നല്കുകയാണ് ഉചിതം.

ബെന്‍ങ്കുലു പ്രൊവിന്‍സില്‍ ഏപ്രില്‍ 2 ന് ഒരു പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം പാസാക്കിയിരിക്കുന്നത്. പതിനാലു പേരായിരുന്നു പ്രതികള്‍. ഒരു മാസത്തിന് ശേഷം ഒരു രണ്ടുവയസുകാരിയും 26 വയസുകാരനായ അയല്‍ക്കാരന്റെ ക്രൂരതയ്ക്ക് ഇരയായി മരണമടഞ്ഞിരുന്നു.

2013 ല്‍ ആകെ 590 ബാലപീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ 2015 ല്‍ ജനുവരി മുതല്‍ ജൂണ്‍ വരെ 459 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2011 മുതല്‍ 2014 വരെ 2,124 ലൈംഗികപീഡനങ്ങളാണ് കുട്ടികള്‍ക്ക് എതിരെ മാത്രമായി ഇന്തോനേഷ്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

You must be logged in to post a comment Login