ഇന്ത്യയിലെ പ്രഥമ വനിതാ ദൈവശാസ്ത്രജ്ഞയുടെ ജീവിതം

ഇന്ത്യയിലെ പ്രഥമ വനിതാ ദൈവശാസ്ത്രജ്ഞയുടെ ജീവിതം

ഇന്ത്യയിലെ തിയോളജിക്കല്‍ അസോസിയേഷനെ നയിക്കാന്‍ അവസരം ലഭിച്ച ആദ്യത്തെ വനിതയാണ് പ്രസന്റേഷന്‍ ഓഫ് ദ ബ്ലസഡ് വിര്‍ജിന്‍ മേരി സഭാംഗമാ യ സിസ്റ്റര്‍ ശാലിനി മുളയ്ക്കല്‍.

തന്റെ ജീവിതത്തില്‍ സംഭവിച്ച അവിചാരിതമായ ഒരു ദൈവനിയോഗമായിരുന്നു കന്യാസ്ത്രീയും തിയോളജിയനും എന്ന് സിസ്റ്റര്‍ പറയുന്നു. 2014 ലാണ് ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷന്റെ നേതൃത്വം ഏറ്റെടുത്തത്. 1984 വരെ ഒരു സ്‌കൂള്‍ ടീച്ചറായി സന്തോഷത്തോടെ ജോലിചെയ്തു വരവെയായിരുന്നു ശാലിനി സിസ്റ്ററുടെ ജീവിതത്തിലേക്ക് അവിചാരിതകള്‍ കടന്നുവന്നത്.

അപ്പോഴാണ് കോണ്‍ഗ്രിഗേഷന് വേണ്ടി ഡോക്ടറാകാനുള്ള ആലോചന ഉണ്ടായത്. പക്ഷേ പ്ലസ് ടൂവിന് ബയോളജി പഠിക്കാത്തതിനാല്‍ പ്രവേശനം കിട്ടിയില്ലെന്ന് മാത്രം. പിന്നീടൊരു സാധ്യതയായി വന്നത് തിയോളജി പഠനമായിരുന്നു. സത്യത്തില്‍ ശാലിനി സിസ്റ്റര്‍ക്ക് അതിനോട് ആദ്യം വിയോജിപ്പായിരുന്നു.

എന്നാല്‍ മേലധികാരികളോടുള്ള വിധേയത്വം വ്രതമായി സ്വീകരിച്ചിരുന്നതിനാല്‍ ന്യൂഡല്‍ഹിയിലെ വിദ്യാജ്യോതിയില്‍ പഠനത്തിനായി സിസ്റ്റര്‍ വണ്ടി കയറി. ഒരാഴ്ചയ്ക്കുള്ളില്‍ സിസ്റ്ററിന് മനസ്സിലായി താന്‍ അനുയോജ്യമായ സ്ഥലത്ത് തന്നെയാണ് എത്തിയതെന്ന്.

ചേരിസന്ദര്‍ശനം പഠനത്തിന്റെ പ്രധാന ഭാഗമായിരുന്നു. ദാരിദ്ര്യത്തില്‍ കഴിയുന്ന സ്ത്രീകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ സന്ദര്‍ശനം ഏറെ ഉപകരിച്ചു. തിയോളജി പഠനത്തിന് ശേഷം പഴയ അധ്യാപകവൃത്തിയിലേക്ക് തന്നെ സിസ്റ്റര്‍ മടങ്ങി. അപ്പോഴാണ് വിദ്യാജ്യോതിയില്‍ നിന്ന് തന്നെ ഒരു ക്ഷണം എത്തിയത്, തിയോളജി പ്രഫസറായി ജോലി ചെയ്യാന്‍ താല്പര്യമുണ്ടോയെന്ന്.

തന്റെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ ഉണര്‍ത്താന്‍ ഏറെ സഹായകമായിരുന്ന വിദ്യാജ്യോതിയില്‍ ചേരാന്‍ പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ ഗ്രേസ് ചാക്കോയുടെ അനുവാദത്തോടെ സിസ്റ്റര്‍ ശാലിനി യാത്രയായി. ഒരു ഫീമെയില്‍ തിയോളജിയന്‍ എന്ന നിലയില്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയാണ് സിസ്റ്റര്‍ നല്കിയത്. 1999 ലാണ് സിസ്റ്റര്‍ വിദ്യാജ്യോതിയില്‍ ചേര്‍ന്നത്.

മുന്‍വര്‍ഷങ്ങളിലെ അധ്യാപകര്‍ ഇപ്പോള്‍ സഹപ്രവര്‍ത്തകരായി. അവരില്‍ നിന്നെല്ലാം ധാരാളം പ്രോത്സാഹനം സിസ്റ്റര്‍ക്ക് ലഭിച്ചു. നിരവധി സാധ്യതകള്‍ സിസ്റ്ററിന് തുറന്നുകിട്ടി. 2002 ല്‍ തിയോളജിക്കല്‍ അസോസിയേഷനിലും മറ്റ് സംഘടനകളിലും അംഗമായി. നിരവധി സെമിനാറുകളില്‍ പേപ്പര്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടി.

ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷനില്‍ സ്ത്രീപ്രാതിനിധ്യം കുറവായിരുന്നുവെങ്കിലും അതിലെ അംഗങ്ങള്‍ സമഭാവനയോടെയാണ് സ്വീകരിച്ചത് എന്ന് സിസ്റ്റര്‍ ശാലിനി നന്ദിയോടെ ഓര്‍മ്മിക്കുന്നു. മെത്രാന്മാരും ആര്‍ച്ച് ബിഷപ്പുമാരും നല്കിയ പ്രോത്സാഹനത്തെയും.

അതുകൊണ്ട് തനിക്ക് മുമ്പില്‍ വെല്ലുവിളികള്‍ ഇല്ല എന്ന് കരുതരുത് എന്നും സിസ്റ്റര്‍ ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ ദൈവത്തിന്റെ പ്രത്യേക വിളിയാണ് തന്റേത് എന്ന് സിസ്റ്റര്‍ ഉറച്ചുവിശ്വസിക്കുന്നു.

ആന്തരികമായ സംതൃപ്തി താന്‍ ആവോളം അനുഭവിക്കുന്നു. നമ്മുടെ കാലത്ത് ദൈവേഷ്ടം നിറവേറ്റുന്നതില്‍ തന്റേതായ സംഭാവന നല്കുന്നതിലാണ് സിസ്റ്റര്‍ ശാലിനിയുടെ ഇപ്പോഴത്തെ മുഴുവന്‍ ശ്രദ്ധയും.

You must be logged in to post a comment Login