ഇന്ത്യാനയിലെ പിശാചുബാധിതഭവനം പൊളിച്ചുമാറ്റി

ഇന്ത്യാനയിലെ പിശാചുബാധിതഭവനം പൊളിച്ചുമാറ്റി

കുപ്രസിദ്ധമായിരുന്നു, ഇന്ത്യാനയിലെ ഈ ഭവനം. ഇവിടെ താമസിച്ചിരുന്ന കുടുംബത്തിന് അസാധാരണവും പേടിപ്പെടുത്തുന്നതുമായ ദുരനുഭവങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വന്നു. താമസക്കാരിയായ ലാടോയാ അമ്മോന്‍ പറഞ്ഞത് വിശ്വസിക്കാമെങ്കില്‍, ചില നേരങ്ങളില്‍ ആരോ ഗോവണിപ്പടി കയറിപ്പോകുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. മറ്റു ചിലപ്പോള്‍ അടുക്കളിലേക്കുള്ള വാതില്‍ ആരോ തുറക്കുന്നതായും. ചെന്നു നോക്കുമ്പോഴാകട്ടെ, ആരുമില്ല!

അതിനേക്കാള്‍ വിസ്മയകരമായ വേറെയുമുണ്ട്, കാര്യങ്ങള്‍. അബോധാവവസ്ഥയില്‍ കിടന്നുറങ്ങുന്ന മകന്‍ കട്ടിലിന് മുകളില്‍ ആരോ എടുത്തുയര്‍ത്തിയ പോലെ! മെഡിക്കല്‍ ചെക്കപ്പിന്റെ സമയത്ത് ആ കുട്ടി പരിശോധനാ മുറിയുടെ മതിലില്‍ കൂടി നടന്നു കയറി എന്ന് പിന്നീട് ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. ലാടോയായുടെയും മക്കളുടെയും മേലുള്ള പൈശാചികാക്രമണങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ളവരില്‍ ഒരു പോലീസ് ഓഫീസറും ആരോഗ്യപരിപാലകരുമെല്ലാമുണ്ട് എന്നത് കാര്യങ്ങള്‍ ഗൗരവമുള്ളതാക്കുന്നു.

പോലീസ് വിഭാഗത്തിലെ ക്യാപ്റ്റന്‍ ചാള്‍സ് ഓസ്റ്റിന്‍ ആദ്യം ഇവയൊന്നും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അന്വേഷണം നടത്തിയതിനു ശേഷം ആ വീട്ടില്‍ തിന്മയുടെ സാന്നിധ്യമുണ്ടെന്ന് അയാള്‍ സ്ഥിരീകരിച്ചു. മാത്രമല്ല, ആ വീട്ടില്‍ പിന്നീട് പ്രവേശിക്കാന്‍ പോലും അയാള്‍ തയ്യാറായില്ല. ഇത് യുഎസ് ടുഡേ പത്രം റിപ്പോര്‍ട്ട് ചെയ്ത കാര്യമാണ്.

2013 ല്‍ ഫാ. മൈക്ക് മാഗിനോട്ട് എന്ന കത്തോലിക്കാ വൈദികനെ ഭൂതോച്ചാടനത്തിനായി ക്ഷണിച്ചു. കത്തോലിക്കാ സഭയുടെ പരമ്പരാഗത പ്രാര്‍ത്ഥനകള്‍ ഉപയോഗിച്ച് അദ്ദേഹം ഭൂതോച്ചാടനം നിര്‍വഹിച്ചു. പിന്നീട് 2014 ല്‍ ഗോസ്റ്റ് അഡ്വഞ്ചേഴ്‌സ് ടിവി ഷോയുടെ ചിത്രീകരണം ഈ വീട്ടില്‍ വച്ചു നടന്നു. അത് നിര്‍മിച്ച സാക്ക് ബഗാന്‍സ് തനിക്ക് ഒട്ടേറെ പ്രതിസന്ധികള്‍ ഉണ്ടായതായി സ്ഥിരീകരിച്ചു. വിശദീകരിക്കാനാവത്ത ഒരു രോഗമാണ് അതിലൊന്ന്.

ഷൂട്ടിംഗിനായി വീട് പരിശോധിക്കുന്ന നേരത്ത് വീടിന്റെ മേല്‍ക്കൂരയില്‍ കേടുപാടുകളുണ്ടായിരുന്നതായി ഫാ. മാഗിനോട്ട് പറയുന്നു. ഒരു മൃഗം മാന്തിയതു പോലെയായിരുന്നു, അത്. എന്നാല്‍ ഏതെങ്കിലും മൃഗത്തെയോ മൃഗങ്ങളുടെ കാഷ്ഠമോ അവിടെ കണ്ടെത്താനായില്ല. സ്വീകരണമുറിയിലെ മേശയില്‍ കണ്ട കൈപ്പത്തിയുടെ അടയാളമാണ് മറ്റൊന്ന്. പതിനഞ്ച് ഇഞ്ചോളം വലിപ്പുമുണ്ടായിരുന്നു, ആ കൈപ്പത്തിക്ക്. അത്ര വലിയ കൈപ്പത്തി ഏത് മനുഷ്യനാണ് ഉണ്ടാവുക? ഫാദര്‍ ചോദിക്കുന്നു.

ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ സര്‍വശക്തിയുമെടുത്ത് ഫാ. മാഗിനോട്ട് ആ വീടിനെ ആശീര്‍വദിച്ചു. വിശുദ്്ധ ജലവും കുന്തുരുക്കുവും ലത്തീനിലുള്ള പ്രാര്‍ത്ഥനയും. പൊളിച്ചു മാറ്റിയതോടെ ഇനി ഈ വീട് ഓര്‍മയാകുന്നു. എന്നാല്‍ ഈ വീട് പകര്‍ന്ന കയ്‌പേറിയ ഓര്‍മകളോ?

You must be logged in to post a comment Login