ഇന്ന് പല വിവാഹങ്ങളും സത്യസന്ധമല്ല: ഫ്രാന്‍സിസ് പാപ്പ

ഇന്ന് പല വിവാഹങ്ങളും സത്യസന്ധമല്ല: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: ഇന്ന് നടക്കുന്ന ഭൂരിപക്ഷം വിവാഹങ്ങളും സത്യസന്ധമല്ലെന്ന് ഫ്രാന്‍സിസ് പാപ്പ. കാരണം കൃത്യമായ മനസ്സിലാക്കലോ ശാശ്വതമായ പ്രതിബദ്ധതയോ പലപ്പോഴും വിവാഹങ്ങളില്‍ കാണാറില്ല. താല്ക്കാലികമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരു സംസ്‌കാരത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. റോം രൂപതയിലെ പാസ്റ്ററല്‍ കോണ്‍ഗ്രസിനോട് സംസാരിക്കുകയായിരുന്നു പാപ്പ.

ഒരു മെത്രാന്‍ പറഞ്ഞ സംഭവം പാപ്പ അനുസ്മരിച്ചു. യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ ഒരു ചെറുപ്പക്കാരന്‍ മെത്രാനോട് പറഞ്ഞത് ഇതാണ്, ഒരു വൈദികനാകാന്‍ ഞാനാഗ്രഹിക്കുന്നു. എന്നാല്‍ അത് വെറും പത്തുവര്‍ഷത്തേക്ക് മാത്രം മതി. താല്ക്കാലികമായ ആവശ്യത്തേക്ക് മാത്രമായുള്ള ഒരു സംസ്‌കാരത്തിന്റെ ഭാഗമാണിത്.പാപ്പ വിശദീകരിച്ചു.

താല്ക്കാലികമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം നടത്തുന്ന കൂദാശപരമായ വിവാഹങ്ങള്‍ അസാധുവാണ്. ഇന്ന് മുതല്‍ മരണം വരെയെന്നാണ് വിവാഹസമയത്ത് അവര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ എന്താണ് പറയുന്നതെന്ന് അവര്‍ അറിയുന്നില്ല. കാരണം അവര്‍ക്ക് വ്യത്യസ്തമായ സംസ്‌കാരമാണ്.

ബ്യൂണസ് അയേഴ്‌സില്‍ വച്ച് കണ്ടുമുട്ടിയ ഒരു സ്ത്രീയുമായുള്ള സംഭാഷണവും പാപ്പ അനുസ്മരിച്ചു. ആ സ്ത്രീ പറഞ്ഞത് പത്തുവര്‍ഷം കഴിഞ്ഞ് ഒരു വൈദികനെ പൗരോഹിത്യത്തിന് അവധി കൊടുത്ത് വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ അനുവാദം നല്കണമെന്നാണ്. കൂദാശ എന്താണെന്ന് ഇവര്‍ക്കറിയില്ല. കൂദാശകളുടെ സൗന്ദര്യവും ഇവര്‍ക്കറിയില്ല. വേര്‍പെടുത്താനാവാത്ത ബന്ധമാണ് ഇതെന്ന് അവര്‍ക്കറിയില്ല. ജീവിതകാലം മുഴുവന്‍ നില്‌ക്കേണ്ട ബന്ധമാണ് ഇതെന്നും ഇവര്‍ക്കറിയില്ല.  പാപ്പ പറഞ്ഞു.

അജപാലന ശുശ്രൂഷയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മേഖലയാണ് വിവാഹം. മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login