രക്തം പുരണ്ട ഒരു മാനസാന്തരകഥ ( ഇന്‍ഡോറില്‍ നിന്ന്)

രക്തം പുരണ്ട ഒരു മാനസാന്തരകഥ ( ഇന്‍ഡോറില്‍ നിന്ന്)

സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വത്തിന് ഇന്നേയ്ക്ക് 21 വര്‍ഷം പൂര്‍ത്തിയാകുന്നു. കണ്ണീരോടും വലിയ വിലാപത്തോടും ഗദ്ഗദത്തോടും കൂടി മാത്രം ഓര്‍മ്മിക്കാന്‍ കഴിയുന്ന ധീരരക്തസാക്ഷിത്വമായിരുന്നു റാണി മരിയയുടേത്.

1995 ലെ ഫെബ്രുവരി 25 ന് ആയിരുന്നു സമന്ദര്‍ സിംങ് റാണി മരിയയെ കുത്തിക്കൊലപ്പെടുത്തിയത്. അമ്പതോളം ബസ് യാത്രക്കാര്‍ നോക്കിനില്‌ക്കെ 54 തവണയാണ്  സിംങ് ,പ്രാവുപോലെ നിഷ്‌ക്കളങ്കയായിരുന്ന സിസ്റ്റര്‍ റാണി മരിയയുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയത്.

1954 ജനുവരി 29 ന് എറണാകുളം ജില്ലയിലെ പുല്ലുവഴിയിലായിരുന്നു റാണിമരിയ ജനിച്ചത്. ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ അംഗമായിരുന്ന സിസ്റ്റര്‍ മധ്യപ്രദേശിലെ ഇന്‍ഡോറായിരുന്നു സേവനരംഗമായി തിരഞ്ഞെടുത്തത്. ദരിദ്രര്‍ക്കും അഗതികള്‍ക്കുമായി ഉഴിഞ്ഞുവയ്ക്കപ്പെട്ട ജീവിതം. ചൂഷിതരെ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ച വ്യക്തിത്വം.

“ഞാന്‍ അവര്‍ക്കു വേണ്ടി മരിക്കാന്‍ പോലും സന്നദ്ധയാണ്.കാരണം അവര്‍ ദൈവത്തിന്റെ മക്കളാണ്.”

ഇതായിരുന്നു റാണി മരിയയുടെ വിശ്വാസപ്രമാണം. ജന്മിമാര്‍ക്ക് തീരെ സ്വസ്ഥതയില്ലാതെപോയ കാലം. റാണി മരിയ തങ്ങളുടെ ലക്ഷ്യസാധ്യങ്ങള്‍ക്ക് വിഘാതമായി നില്ക്കുമെന്ന് അവര്‍ ഭയപ്പെട്ടു..അവരുടെ നിര്‍ദ്ദേശാനുസരണം ചലിക്കാന്‍ വിധിക്കപ്പെട്ട വെറും പാവയായിരുന്നു സമുന്ദര്‍സിംങ് .

പിന്നീട് സമുന്ദര്‍ സിംങ് മാനസാന്തരപ്പെടുകയും റാണിമരിയുടെ ജന്മനാടായ പുല്ലുവഴിയിലെത്തി മാതാപിതാക്കളോടും സഹോദരങ്ങളോടും മാപ്പ് പറയുകയും ചെയ്തത് ചരിത്രമായിരുന്നു. സമുന്ദര്‍സിംങിന്റെ മാനസാന്തരകഥ ഡോക്യുമെന്ററിയായി ചിത്രീകരിച്ചിട്ടുണ്ട്.

സിസ്റ്റര്‍ റാണിമരിയയുടെ കൊലപാതകത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ ആരാലും പ്രേരിപ്പിക്കപ്പെട്ടാണ് ആ കൃത്യം ചെയ്തതെന്ന് ഒരിക്കലും പറയില്ല.എന്റെ കൈകളാണ് അവരെ ആവര്‍ത്തിച്ച് കുത്തിയത്. എന്റെ മരണം വരെ ഞാന്‍ അതോര്‍ത്ത് പശ്ചാത്തപിക്കും എന്നാണ് സമുന്ദര്‍സിംങ് പറയുന്നത്.

ഇന്ന് റാണിമരിയയുടെ വഴിയെ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ സേവനനിരതനായി ജീവിക്കുകയാണ് സമുന്ദര്‍സിംങ്. പതിനൊന്ന് വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തുവന്ന സമുന്ദറിനെ കാത്തുനിന്നത് തിക്താനുഭവങ്ങളായിരുന്നു. ഭാര്യ അയാളെ ഉപേക്ഷിച്ചുപോയി. മൂത്തമകന്‍ മരണമടഞ്ഞു.

ജയിലില്‍ കഴിഞ്ഞ നാളുകളിലായിരുന്നു സമുന്ദര്‍സിംങിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു സന്ദര്‍ശക എത്തിയത്.. മറ്റാരുമായിരുന്നില്ല അത് റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി പോളായിരുന്നു.

സിസ്റ്റര്‍ സമുന്ദറിനെ വിളിച്ചത് സഹോദരാ എന്നായിരുന്നു. പിന്നെ സ്നേഹപൂര്‍വ്വം അയാളെ ആലിംഗനം ചെയ്യുകയും കയ്യില്‍ രാഖി കെട്ടുകയും ചെയ്തു. സമുന്ദറിന്റെ മാനസാന്തരയാത്ര അവിടെ ആരംഭിക്കുകയായിരുന്നു.സമുന്ദറിന്റെ മോചനത്തിന് വേണ്ടി വാദിച്ചതും റാണി മരിയയുടെ വീട്ടുകാരായിരുന്നു.

നിങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമേ ക്ഷമിക്കാന്‍ കഴിയൂ എന്ന് സമുന്ദര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ വികസനത്തില്‍ ക്രൈസ്തവര്‍ നല്കുന്ന പങ്കു വലുതാണെന്നും മിഷനറിമാര്‍ അവരുടെ സേവനത്തിലൂടെയും സ്‌നേഹത്തിലൂടെയും ജനങ്ങള്‍ക്ക് പ്രത്യാശ നല്കുന്നുവെന്നുമുള്ള തിരിച്ചറിവിലേക്ക് സമുന്ദറിന്റെ ജീവിതം മാറിയിരിക്കുന്നു.

2007 ല്‍ റാണിമരിയയെ ദൈവദാസിയായി പ്രഖ്യാപിച്ചു. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സിസ്റ്റര്‍ റാണിമരിയയെ വിശേഷിപ്പിക്കുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കുമായി പ്രവര്‍ത്തിച്ച ധീരോചിത വ്യക്തിത്വമായിട്ടാണ്.

You must be logged in to post a comment Login