ഇന്‍സ്റ്റഗ്രാം സിഇഒ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

ഇന്‍സ്റ്റഗ്രാം സിഇഒ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍: ഇന്‍സ്റ്റഗ്രാം സിഇഒയും സഹസ്ഥാപകനുമായ കെവിന്‍ സിസ്ട്രം വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ആശയവിനിമയരംഗത്തും അതിര്‍ത്തികളും ദേശങ്ങളും സംസ്‌കാരങ്ങളും ഭേദിച്ച് ജനങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിപ്പിക്കുന്നതിലും ചിത്രങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് ഇരുവരും സംസാരിച്ചു. വത്തിക്കാനിലെ അപ്പസ്‌തോലിക കാര്യാലയത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

‘ഇന്ന് എനിക്ക് ഫ്രാന്‍സിസ് പാപ്പയെ കാണുന്നതിനുള്ള അവസരം ലഭിച്ചു. ഭാഷ കൊണ്ടും സംസ്‌കാരം കൊണ്ടും വേര്‍തിരിക്കപ്പെട്ടിരിക്കുന്ന ജനങ്ങളെ ഒന്നിപ്പിക്കുന്നതില്‍ ചിത്രങ്ങള്‍ക്കുള്ള ശക്തിയെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളിലൊന്നായിരുന്നു ആ കണ്ടുമുട്ടല്‍’ , മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് കെവിന്‍ സിസ്ട്രം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ചരിത്രപ്രാധാന്യമുള്ള 10 ചിത്രങ്ങളടങ്ങിയ പുസ്തകം കെവിന്‍ സിസ്ട്രം ഫ്രാന്‍സിസ് പാപ്പക്കു സമ്മാനമായി നല്‍കി. നേപ്പാളിലെ ഭൂകമ്പത്തിന്റെയും യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നങ്ങളുടെയുമൊക്കെ നേര്‍സാക്ഷ്യമായ ചിത്രങ്ങളാണ് പുസ്തകത്തിലുള്ളത്.

വത്തിക്കാന് ഒരു ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടെങ്കിലും ഫ്രാന്‍സിസ് പാപ്പയുടേതായി ഇതുവരെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടില്ല. കെവിന്‍ സിസ്ട്രത്തിന്റെ സന്ദര്‍ശനത്തോടെ ഫ്രാന്‍സിസ് പാപ്പയുടേതായി ഒരു ഇന്‍സ്റ്റഗ്രാം അക്കൊണ്ട് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

You must be logged in to post a comment Login