‘ഇരട്ട’കളുടെ സുവിശേഷം!

‘ഇരട്ട’കളുടെ സുവിശേഷം!

doublesബ്രദര്‍ ഏഞ്ചലുസ്‌ കണ്ണട വച്ചത്‌ നന്നായി, അല്ലെങ്കില്‍ ബ്രദര്‍ ഇന്നസെന്റിനെ തിരിച്ചറിയാതെ നാം വലഞ്ഞേനെ. ഒരേ മുഖവും ചാരനിറത്തിലുള്ള ളോഹയും, ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയുമായി രണ്ടുപേര്‍ ഒരു നിമിഷം നമ്മില്‍ കൗതുകമുണര്‍ത്തും. ഇവര്‍ കോണ്‍സിക്രേറ്റഡ്‌ ഫ്രാന്‍സിസ്‌കന്‍ ഫ്രയേഴ്‌സ്‌(CFRs) എന്ന സന്യാസസമൂഹത്തിലെ സഹോദരന്മാരായ ‘സഹോദര’രാണെന്നത്‌്‌ മറ്റൊരു കൗതുകം. ഇരട്ടകള്‍ എന്ന്‌ പൂര്‍ണമായി പറയാനാവില്ല കാരണം ഇവര്‍ മൂവരേയുമാണ്‌ അമ്മ ഒരു ദിവസം പ്രസവിച്ചത്‌. മൂന്നാമത്തെ സഹോദരി കെയ്‌റ്റി നെബ്രാസ്‌കയിലെ ഭവനത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം കഴിയുന്നു.
ഒരേ പോലെയുള്ള മുഖഭാവവും സഭാവസ്‌ത്രവും മാത്രമല്ല ഏഞ്ചലൂസ്‌ ഇന്നസെന്റ്‌ സഹോദരന്മാര്‍ക്കുള്ളത്‌. തെരുവുകളിലും ടെലിവിഷനിലും അവര്‍ പങ്കുവയ്‌ക്കുന്ന സുവിശേഷത്തിന്റെ ആനന്ദവും തീക്ഷ്‌ണതയും ഒരു പോലെ തന്നെ. ഇതാ 2015ല്‍ ഇവര്‍ നമുക്കായൊരുക്കുന്ന ടിവി ഷോ- ‘ഐക്കണ്‍സ്‌’.
എന്താണ്‌ ഐക്കണ്‍സ്‌. എന്തിനാണ്‌ ഐക്കണ്‍സ്‌. വിശേഷങ്ങള്‍ അവരില്‍ നിന്നു തന്നെ നമുക്ക്‌ കേള്‍ക്കാം. “പരമ്പരാഗതമായി ഐക്കണിക്‌ ചിത്രീകരണരീതി പൗരസ്‌ത്യദൈവശാസ്‌ത്രം സംബന്ധിച്ച്‌ കൗദാശികമാണ്‌, ക്രിസ്‌തുവിന്റെ സാന്നിധ്യം ഉള്‍ക്കൊള്ളുന്നവയാണ്‌”. ബ്രദര്‍ ഏഞ്ചലൂസ്‌ പറയുന്നു. ” ഇവിടെ ലോകത്തിന്റെ ഐക്കണ്‍സ്‌ യുവജനങ്ങളാണ്‌. അവരുടെ ബന്ധങ്ങളില്‍, ജോലിയില്‍, ദൈവവിളിയില്‍, കുടുംബത്തില്‍, അവരുള്‍പ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ക്രിസ്‌തുവിനെ വെളിപ്പെടുത്തുന്നു.”

ഐക്കണ്‍സ്‌ എന്ന പരിപാടിക്കായി ഈ സഹോദരങ്ങള്‍ യാഥാര്‍ഥ ലോകത്തില്‍ ഐക്കണ്‍- മാതൃകയാകുന്ന, കര്‍ത്താവിനായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും മറ്റുള്ളവര്‍ക്ക്‌ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരെ തേടുകയാണ്‌. അവരെ സ്റ്റുഡിയോയിലേക്ക്‌ ക്ഷണിക്കുന്നതിനു പകരം അവരുടെ അടുത്ത്‌ , പ്രവര്‍ത്തനമേഖലയില്‍ കടന്നുചെന്നുകൊണ്ടാണ്‌ ചിത്രീകരിക്കുന്നത്‌.
“യഥാര്‍ഥ നായകരെ ആദരിക്കുന്ന ഹീറോസ്‌ എന്ന സിഎന്‍എന്‍ ഡോക്യുമെന്ററി പരിപാടിയില്‍ നിന്നാണ്‌ പ്രചോദനമുള്‍ക്കൊണ്ടത്‌”. ബ്രദര്‍ ആഞ്ചലൂസ്‌ വെളിപ്പെടുത്തുന്നു. “പുറത്തേയ്‌ക്കിറങ്ങി ആളുകളുടെ ജീവിതത്തെക്കുറിച്ച്‌ പറയുവാനാണ്‌ ഇതിലൂടെ ഞങ്ങള്‍ ശ്രമിക്കുക.”
ഐക്കണ്‍സിന്റെ ആദ്യ സീസണില്‍ 13 എപ്പിസോഡുകളായിരിക്കും ഉണ്ടാവുക. വെബ്‌സൈറ്റിലൂടെ യുവജനങ്ങള്‍ക്ക്‌ അവരെ സ്വാധീനിച്ച വ്യക്തികളെ പരിപാടിക്കായി നിര്‍ദ്ദേശിക്കുവാന്‍ അവസരമുണ്ട്‌.
“കര്‍ത്താവിനെ അറിഞ്ഞ, അവന്റെ യഥാര്‍ഥ ശിഷ്യരായിക്കൊണ്ട്‌ ലോകത്തിലേക്ക്‌ കടന്നുചെന്ന്‌ കണ്ടുമുട്ടുന്നവര്‍ക്കെല്ലാം ദൈവത്തെ വെളിപ്പെടുത്തുന്നവരെ, ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള ആളുകളെ, ആണ്‌ ഞങ്ങള്‍ക്കാവശ്യം” ബ്രദര്‍ ആഞ്ചലൂസ്‌ പറയുന്നു. “ഇത്തരം മനുഷ്യരെയാണ്‌ ലോകത്തിനിന്നുവേണ്ടത്‌, കാരണം ആളുകള്‍ കര്‍ത്താവിനായി ദാഹിക്കുകയാണ്‌”.
കൂടൂതല്‍ സമയവും വൈദിക പഠനവും ന്യൂയോര്‍ക്കിലെ അജപാലന ശുശ്രൂഷകളുമായി ചെലവഴിക്കുന്നെങ്കിലും ടിവി പരിപാടികള്‍ ഈ സഹോദരങ്ങള്‍ക്ക്‌ അപരിചിതമല്ല. കുറച്ച വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ CFR സ്ഥാപകനായ അന്തരിച്ച ഫാ. ബനഡിക്ട്‌ ഗ്രോഷല്‍ ആതിഥേയനായിരുന്ന EWTN ചാനല്‍ പരിപാടി അദ്ദേഹത്തിനു ശേഷം ഏറ്റെടുത്തത്‌ ഇവരായിരുന്നു.
“ഒരുപാട്‌ യുവജനങ്ങളെ സംബന്ധിച്ച്‌ കത്തോലിക്ക മാധ്യമങ്ങള്‍ അപ്രസക്തമാണെന്നത്‌ അനിഷേധ്യമായ ഒരു സത്യമാണ്‌. അതുകൊണ്ടുതന്നെ പലപ്പോഴും ആ യഥാര്‍ഥ്യത്തോട്‌ ഞങ്ങള്‍ക്ക്‌ മല്ലിടേണ്ടി വന്നു.”
“സഭയെ മോശമായി ചിത്രീകരിക്കാനാണ്‌ മറ്റു മാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌. അതുകൊണ്ട്‌ വിശ്വാസം ജീവിക്കുന്ന യുവതലമുറയുടെ സദ്വാര്‍ത്ത അറിയിക്കുവാനും അങ്ങനെ ഐക്കണുകളുടെ- മാതൃകകളുടെ ഒരു കൂട്ടായ്‌മ സൃഷ്ടിക്കുവാനും അതുവഴി യുവജനങ്ങളെ ബോധവല്‍ക്കരിക്കുവാനുമാണ്‌ ഞങ്ങള്‍ ശ്രമിക്കുന്നത്‌. കാരണം വിശ്വാസം ജീവിക്കുന്ന അനേകരുണ്ടെന്നും അവര്‍ ഒറ്റയ്‌ക്കല്ലെന്നും തിരിച്ചറിയണം”.
ആള്‍ക്കാര്‍ക്ക്‌ പ്രേരണ നല്‍കുന്നതിനായി യഥാര്‍ഥ ആളുകളെക്കുറിച്ചുള്ള യഥാര്‍ഥമായ കഥകള്‍ പറയുവാനും അത്‌ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ തന്നെ നിര്‍മ്മിക്കണമെന്നും അവര്‍ തീരുമാനിച്ചു. സെക്യുലര്‍ മാധ്യമങ്ങളും ടിവിയും ഇന്റര്‍നെറ്റുമൊക്കെ ചിരപരിചിതമായ ഇന്നത്തെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത നിലവാരത്തില്‍ അവതരിപ്പിക്കേണ്ടത്‌ അനിവാര്യമാണെന്നും അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ മറ്റു കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന്‌ പണം സ്വരൂപിക്കാനാരംഭിച്ചു. സന്യസ്‌തപഠനത്തിനു ചേരുന്നതിനു മുമ്പേ ഇവര്‍ ആരംഭിച്ച ലിവ്‌ ഗ്രേറ്റ്‌ ഫൗണ്ടേഷന്‍ എന്ന ലാഭരഹിതപ്രസ്ഥാനമാണ്‌ ഇപ്പോള്‍ പരിപാടിയുടെ നിര്‍മാണം വഹിക്കുന്നത്‌. ഒപ്പം തന്നെ കുടുംബാംഗങ്ങളുടെയും സജീവപങ്കാളിത്തം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്‌.
സഹോദരങ്ങളെന്ന നിലയിലും സന്യസ്‌തരെന്ന നിലയിലും കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഇവര്‍ സന്തുഷ്ടരാണ്‌. എന്നും ഉറ്റ സുഹൃത്തുക്കളായിരുന്ന ഇവര്‍ ദൈവം തരുന്ന വലിയ അനുഗ്രഹമായാണ്‌ ഈ അവസരത്തെ കാണുന്നത്‌. മാധ്യമങ്ങളെ സുവിശേഷപ്രഘോഷണത്തിന്‌ ഉത്തമഉപകരണമായി കണ്ട ഫാ. ബനഡിക്ട്‌ തന്നെയാണ്‌ ഇവരുടെ പ്രചോദനം.
ഒപ്പം പുറമ്പോക്കുകളിലേക്ക്‌ സുവിശേഷവുമായി കടന്നു ചെല്ലുക എന്ന പരിശൂദ്ധ പിതാവിന്റെ ആഹ്വാനത്തോടും ഫ്രാന്‍സിസ്‌കന്‍ സന്യാസി എന്ന വിളിയോടുമുള്ള ഞങ്ങളുടെ പ്രത്യുത്തരിക്കലാണിതെന്ന്‌ ആഞ്ചലൂസ്‌-ഇന്നസെന്റ്‌ സഹോദരങ്ങള്‍ അഭിമാനപൂര്‍വ്വം സാക്ഷ്യപ്പെടുത്തുന്നു.
ഇപ്പോള്‍ ഐക്കണ്‍ ടീം ആദ്യസീസണ്‍ ഒരുക്കുന്നതിനായി പണം കണ്ടെത്തുകയാണ്‌. ‘ഐക്കണ്‍സി’നെക്കുറിച്ച്‌ കൂടുതലറിയുവാനും നാമനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും http://iconstv.org/ സന്ദര്‍ശിക്കാവുന്നതാണ്‌..

You must be logged in to post a comment Login