ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ പുതിയ കത്തോലിക്കാ ദേവാലയം

ബാഗ്ദാദ്: ഇറാഖില്‍ നിന്നും ഒരു ശുഭവാര്‍ത്ത. ബാഗ്ദാദിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കത്തോലിക്കാ ദേവാലയം ഉയര്‍ന്നതോടെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ കൂടുതല്‍ സജീവമാകുകയാണ്. ഇതോടെ ആക്രമണങ്ങളെ ഭയന്ന് ഓടിയൊളിക്കുന്നവര്‍ക്ക് ആരാധിക്കാന്‍ പുതിയൊരിടം ലഭിച്ചിരിക്കുകയാണ്. പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ദേവാലയം നവംബര്‍ 13 നാണ് കൂദാശ ചെയ്യപ്പെട്ടത്.

ബാഗ്ദാദ് ആര്‍ച്ച്ബിഷപ്പ് ഷീന്‍ സ്ലേയ്മാന്‍ ആണ്  കൂദാശാകര്‍മ്മം നിര്‍വ്വഹിച്ചത്. ബാഗ്ദാദിലുള്ള സിറിയന്‍ ആര്‍ച്ച്ബിഷപ്പ് എഫ്രേം അബ്ബ മന്‍സൂറും ചടങ്ങില്‍ സന്നിഹിതനായിരുന്നു. പ്രതിസന്ധിയില്‍ കൂടെനില്‍ക്കുന്ന ദൈവത്തിന് നന്ദി പറയണമെന്ന് ആര്‍ച്ച്ബിഷപ്പ് ഷീന്‍ സ്ലേയ്മാന്‍ പറഞ്ഞു. പ്രഥമ ദിവ്യബലിക്കു ശേഷം എല്ലാ കുടുംബാംഗങ്ങള്‍ക്കും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ചിത്രവും നല്‍കി. കുടുംബങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാഹരിച്ച തുക കൊണ്ടാണ് ദേവാലയം നിര്‍മ്മിച്ചത്. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഇവിടെ ദിവ്യബലി അര്‍പ്പിക്കപ്പെടും. കുട്ടികള്‍ക്കായി മതബോധന ക്ലാസുകള്‍ ആരംഭിക്കാനുള്ള പദ്ധതിയും ഇവരുടെ പരിഗണനയിലുണ്ട്.

You must be logged in to post a comment Login