ഇറ്റാലിയന്‍ ജയിലില്‍ ക്രിസ്തു പുനരവതരിക്കുന്നു…

ഇറ്റലി: അവര്‍ പാപികളായിരുന്നു.. ഭൂതകാലത്തെ പാപഭാരവും പേറി ജയിലിലെ ഇരുട്ടില്‍ കഴിഞ്ഞവരുടെയിടയിലേക്ക് അവന്‍ പ്രകാശമായി അവതരിക്കുകയാണ്. പാപിനിയായ മഗ്ദലന മറിയത്തെയെയും ചുങ്കക്കാരന്‍ സക്കേവൂസിനെയും രക്ഷയിലേക്കു നയിച്ച അതേ പ്രകാശം. ഇറ്റലിയിലെ മിലാനിലുള്ള ഓപ്പറ ജയിലില്‍ കഴിയുന്ന തടവുകാര്‍ സന്തോഷത്തിലാണ്, യേശുവിനെക്കുറിച്ചുള്ള പുതിയ നാടകം അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അവരിപ്പോള്‍. സര്‍ ജാക്ക് സ്‌റ്റെവാര്‍ട്ട് എന്ന സ്‌കോട്ട്‌ലന്റുകാരനാണ് ഈ ഉദ്യമത്തിനു പിന്നില്‍. ഇതു വഴി വത്തിക്കാന്റെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് അദ്ദേഹം.

ക്രിസ്തുവിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളായിരിക്കും നാടകത്തില്‍ അവതരിപ്പിക്കുക. വ്യവസായിയായ പീറ്റര്‍ ഹട്ട്‌ലെ ആണ് നാടകം സംവിധാനം ചെയ്യുന്നത്. തടവുകാര്‍ തന്നെയായിരിക്കും അഭിനേതാക്കള്‍. ഇവരില്‍ ഭൂരിഭാഗം ആളുകളും മരണശിക്ഷക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരാണ്.

നാടകം അവതരിപ്പിച്ചു കഴിയുന്നതോടെ തടവുകാരില്‍ പലരും പുതിയ വ്യക്തികളായി രൂപാന്തരപ്പെടുമെന്ന് ജാക്ക് സ്റ്റെവാര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു. തടവുപുള്ളികളെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണ മാറാനും ഇത് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍ പുള്ളികളുടെയിടയില്‍ മാത്രമല്ല, കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് ഉഗാണ്ട, ബ്രസീല്‍, ലൂസിയാന എന്നീ സ്ഥലങ്ങളിലും നാടകം അവതരിപ്പിക്കാന്‍ ഇവര്‍ക്കു പദ്ധതിയുണ്ട്.

കുപ്രസിദ്ധരായ പല തടവുകാരെയും പാര്‍പ്പിച്ചിരിക്കുന്ന ജയിലാണ് ഏറെ സുരക്ഷാ സന്നാഹങ്ങളോടെ പ്രവര്‍ത്തിക്കുന്ന മിലാനിലെ ഓപ്പറ ജയില്‍. പോലീസ് ഉദ്യോഗസ്ഥരും ജഡ്ജിമാരുമുള്‍പ്പെടെ നൂറോളം ആളുകളെ കൊന്ന ടോട്ടോ റിന എന്ന കുപ്രസിദ്ധ കൊലയാളിയെ പാര്‍പ്പിച്ചിരിക്കുന്നതും ഇവിടെയാണ്.

You must be logged in to post a comment Login