ഇവര്‍ ‘അന്യരല്ല’…….

നൗഷാദ്… ദീര്‍ഘനിശ്വാസമുതിര്‍ക്കുന്ന ഒരു നൊമ്പരത്തോടെയല്ലാതെ ആ പേര് ഓര്‍ക്കാനാകില്ല. കോഴിക്കോട് നഗരത്തില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ചൊരു സാഹസം ചെയ്യാന്‍, നൗഷാദ്, നിന്നെപ്പോലെ അധികമാളുകളൊന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലില്ല. അരുതെന്നു വിലക്കിട്ടും പേരും ഊരുമറിയാത്ത ആ ഇതരസംസ്ഥാനക്കാര്‍ക്കു വേണ്ടി സ്വയം അപകടത്തിലേക്കെടുത്തു ചാടിയപ്പോള്‍ നീയറിഞ്ഞിരുന്നോ സ്വയമൊരു മൃതദേഹമായേ തിരിച്ചെത്തുകയുള്ളൂ എന്ന്.. പക്ഷേ, നീ നീട്ടിയ കാരുണ്യത്തിന്റെ ഇത്തിരിവെട്ടം മാത്രം മതി നിന്നിലെ മനുഷ്യസ്‌നേഹിയെ ഓര്‍മ്മിക്കാന്‍…

നൗഷാദ് ഇത്തരം ഒറ്റപ്പെട്ട നന്‍മമരങ്ങളില്‍ ഒരാള്‍ മാത്രമാണ്… ‘ഭായിമാര്‍’ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വേദനകള്‍ തിരിച്ചറിയാന്‍ ഇത്തരം നൗഷാദുമാര്‍ അപൂര്‍വ്വമായേ ഉണ്ടാകൂ. ജീവന്‍ പകരം നല്‍കിയില്ലെങ്കിലും ഇവരും മനുഷ്യരാണെന്ന് ഇടക്കെങ്കിലുമൊന്നോര്‍ക്കാന്‍, പരിഗണിക്കാന്‍, മലയാളി സൗകര്യപൂര്‍വ്വം മറക്കുന്നു. ഇവരുടെ വിയര്‍പ്പിന്റെ ഓഹരി പറ്റിക്കൊണ്ട് ‘അന്യസംസ്ഥാനക്കാര്‍’ എന്ന പേരില്‍ത്തന്നെ കല്‍പിച്ചുവെച്ചിരിക്കുന്ന അന്യത അറിഞ്ഞും അറിയാതെയും പ്രകടമാക്കുകയാണ് നമ്മള്‍…

അഭിമാനക്കൂടുതല്‍ മൂലം മലയാളി ചെയ്യാന്‍ മടിക്കുന്നതടക്കം ജോലികളെന്തുമായിക്കൊള്ളട്ടെ, രാത്രികള്‍ പോലും പകലുകളാക്കി വിയര്‍പ്പൊഴുക്കുന്നതിന് അര്‍ഹമായ പ്രതിഫലം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. ചുട്ടുപൊള്ളുന്ന വെയിലും പെരുമഴയും ഇവര്‍ക്കു പ്രശ്‌നമല്ല. അതുകൊണ്ടു തന്നെ തോട്ടത്തിലെ പണികള്‍, വീട്ടിലേക്ക് സാധനം വാങ്ങിക്കൊണ്ടുവരല്‍ എന്നിങ്ങനെ ജോലികള്‍ എന്തുമായിക്കൊള്ളട്ടെ, എല്ലാവര്‍ക്കും അന്യസംസ്ഥാന തൊഴിലാളിയെ വേണം. തങ്ങളുടെ ഇല്ലായ്മകള്‍ പലപ്പോഴും ഇവരെ മൗനികളാക്കുന്നു. ഇടനിലക്കാരുടെ കീശയിലേക്കാണ് തങ്ങളുടെ വിയര്‍പ്പിന്റെ നല്ലൊരു പങ്കും പോകുന്നതെന്നറിഞ്ഞു കൊണ്ടു തന്നെ അതിജീവനത്തിനു വേണ്ടി നിശബ്ദരാകുന്നു.

അന്യസംസ്ഥാനതൊഴിലാളികളോട് നമ്മള്‍ ചെയ്യുന്ന അനീതിക്ക് ഉദാഹരണങ്ങളേറെ…. ജോലി നല്‍കാനെന്ന വ്യജേന തമിഴ് യുവതിയെ കളമശ്ശേരിയില്‍ നിന്നും കൂട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയത് അത്തരം നടുക്കുന്ന സംഭവങ്ങളില്‍ ഒന്നു മാത്രം. ഇവരുടെ സുരക്ഷ പോലും പലയിടങ്ങളിലും ചോദ്യചിഹ്നമാകുകയാണ്. രോഗത്തിനു ചികിത്സ തേടി ആശുപത്രിയിലെത്തിയാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പൊയ്ക്കൂടേ എന്ന പരിഹാസം. ഇനി ജോലി സ്ഥലത്തെ അനീതിക്കെതിരെ പ്രതികരിക്കണമെങ്കില്‍ ഭാഷയറിയില്ല. പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയാല്‍ നിയമപാലകര്‍ക്ക് ഇവരുടെ ഭാഷയറിയുമറിയില്ല.

ഇതരസംസ്ഥാന തൊഴിലാളിയെന്നു തെറ്റിദ്ധരിച്ച് സാമൂഹ്യപ്രവര്‍ത്തക ദയാബായി
യെ ബസില്‍ നിന്ന് ഇറക്കിവിട്ടതിന്റെ നാണക്കേടും പ്രബുദ്ധകേരളത്തിനു സ്വന്തം. സംഭവത്തെക്കുറിച്ച് ദയാബായി
പ്രതികരിച്ചത് ഇങ്ങനെ: ‘കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെപ്പോലെയാണ് കാഴ്ചയില്‍ ഞാനും. പഠിപ്പില്ലാത്തവര്‍, നിറം മങ്ങിയ തുണിയുടുത്തവര്‍.. അവരൊക്കെ എത്ര അപമാനം സഹിച്ചാകും ഇവിടെ ജീവിക്കുന്നതും ജോലി ചെയ്യുന്നതും. കറുത്തവനും വില കുറഞ്ഞ വസ്ത്രം ധരിക്കുന്നവനുമൊക്കെ ആത്മാഭിമാനം ഇല്ലാത്തവനാണെന്നാണോ മലയാളി കരുതുന്നത്..? ‘.ദയാബായി
യുടെ ചോദ്യം വിരല്‍ ചൂണ്ടുന്നത് ഓരോ മലയാളികളിലേക്കു കൂടിയാണ്. ‘ഭായി’ എന്ന വിളിപ്പേരിനുള്ളില്‍ നാം ഒളിപ്പിച്ചു വെച്ച പരിഹാസം മനുഷ്യത്വത്തിന്റെ ചെറുകണിക കൊണ്ടെങ്കിലും ഇല്ലാതാക്കിക്കൂടേ..?

ശരിയാണ്, ലഹരിമരുന്നു കടത്തിയതിന്റെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിന്റേയും പാപക്കറ പല അന്യസംസ്ഥാന തൊഴിലാളികളുടെ മേലുമുണ്ട്. പക്ഷേ, അത്തരം ചില ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ചുകൊണ്ട് നമ്മുടെ ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപെടാനാകില്ല…തൊഴില്‍ തേടിയെത്തിയവര്‍ക്ക് അതിനായി മെച്ചപ്പെട്ട സാഹചര്യമൊരുക്കുകയാണ് നാം ചെയ്യേണ്ടത്.

നൗഷാദിലുണ്ടായിരുന്ന കാരുണ്യത്തിന്റെ വെട്ടം നമ്മില്‍ പലര്‍ക്കും ഇല്ലാതെ പോയത് എന്തുകൊണ്ടാണ്..? മറ്റാരെക്കാളുമധികം പ്രവാസികളുടെ നൊമ്പരങ്ങള്‍ മനസ്സിലാക്കേണ്ടവരാണ് മലയാളികള്‍… ഭാഗ്യാന്വേഷികളായി എത്തിയവരെ ആടുജീവിതങ്ങളാകാന്‍ അനുവദിച്ചുകൂടാ… പകിട്ടും പത്രാസുമല്ല ആരുടേയും മൂല്യം നിശ്ചയിക്കുന്നത്. തമസ്‌കരിക്കപ്പെട്ട ചില ജീവിതങ്ങളോടൊപ്പം ഇവരുമുണ്ടായിരുന്നുവെന്നോര്‍ക്കണം… നൗഷാദ് തെളിച്ചു തന്ന കരുണയുടെ വെട്ടം ഇവരിലേക്കും പകരാം, ആ അരികു ജീവിതങ്ങളും പ്രകാശിക്കട്ടെ… ഓര്‍ക്കുക, ഇവര്‍ നമുക്ക് അന്യരല്ല….

അനൂപ സെബാസ്റ്റ്യന്‍

 

You must be logged in to post a comment Login