ഇവര്‍ ഇന്ന് അഭിഷിക്തരാകും, ഇറാക്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍!

ഇവര്‍ ഇന്ന് അഭിഷിക്തരാകും, ഇറാക്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍!

2014 ലുണ്ടായ കിരാതമായ ഐഎസ് ആക്രമണത്തില്‍ ഇറാക്കിലെ ഖരാഖോഷിലുണ്ടായിരുന്ന അവരുടെ സെമിനാരി തകര്‍ന്നു. ജീവനും കൊണ്ട് രക്ഷപ്പെടുകയല്ലാതെ വേറെ മാര്‍ഗമൊന്നുമില്ലാതിരുന്നിട്ടും അവര്‍ പൗരോഹിത്യത്തിന്റെ വഴി ഉപേക്ഷിച്ചില്ല. ഇപ്പോഴിതാ സമയം സമാഗതമായിരിക്കുന്നു. ഇന്ന് ഈ നാല്‍വര്‍ സംഘം ഡീക്കന്‍മാരായി അഭിഷിക്തരാവുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇവര്‍ പുരോഹിതരുമാകും.

മോസുളിലെ സിറിയക്ക് കാത്തിലിക്ക് പള്ളിയില്‍ നിന്നുള്ള റെമി മോമിക്ക ഇന്ന് ഡീക്കനാകുന്നവരില്‍ ഒരാളാണ്. ‘ജനങ്ങള്‍ പ്രത്യാശയ്ക്കായി ദാഹിക്കുന്നു. നാല് യുവാക്കള്‍ ഒരുമിച്ച് അവരുടെ മധ്യേ ഡീക്കന്‍മാരും പുരോഹിതരുമാകുന്നത് കാണുമ്പോള്‍ അവര്‍ക്ക് പ്രതീക്ഷയും പ്രത്യാശയും ലഭിക്കും. പിടിച്ചു നില്‍ക്കാന്‍ അവര്‍ക്ക് ശക്തി ലഭിക്കും’ മോമിക്ക പറഞ്ഞു.

ഖരാഖോഷിലെ സെമിനാരിയില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ 2014 ആഗസ്റ്റ് 14നാണ് ഐഎസ് ആക്രമണമുണ്ടാകുന്നത്. ഇസ്ലാം മതത്തിലേക്ക് വരാന്‍ മടിക്കുന്നവരെയെല്ലാം തുരത്തിക്കൊണ്ടാണ് അവര്‍ അന്ന് തേര്‍വാഴ്ച നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന ഖരാഖോഷ് സെമിനാരി അടച്ചു പൂട്ടി. പക്ഷേ, തളരാതെ നാലു യുവാക്കള്‍ ലെബനോനിലെ ഹാരിസ്സിയിലുള്ള അല്‍ ഷര്‍ഫ സെമിനാരിയില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇപ്പോള്‍ ഇടയന്റെ വഴിയിലെത്തുകയാണ് ധീരരായ ഈ നാല്‍വര്‍ സംഘം.

ഇപ്പോള്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ സേവനം ചെയ്യുന്ന മോമിക്ക പുരോഹിതപട്ടം നേടിയ ശേഷവും എര്‍ബിലില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. ‘എനിക്ക് ഇറാക്കില്‍ തന്നെ ജീവിക്കണം.’ മോമിക്ക പറയുന്നു. എന്നാല്‍ ഇറാക്കിലെ ക്രിസ്തീയ ജീവിതത്തിന്റെ അനിശ്ചിതത്വത്തില്‍ ഈ ആഗ്രഹം സഫലമാകുമോ എന്നറിയില്ല.

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login