ഇവര്‍ വിശുദ്ധരാകുമോ?

ജൂണിപ്പെറോ സെറയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതിനെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ അമേരിക്കയില്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.  അമേരിക്കയില്‍ മാത്രമല്ല, ലോകത്തെമ്പാടും അതിപ്പോഴും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നതിനു മുന്‍പ് വിവാദങ്ങള്‍ അകമ്പടി സേവിക്കുന്ന ചിലരുടെ കഥകളിലേക്ക്…

ഡൊറോത്തി ഡേ
അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഡൊറോത്തി ഡേയെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞ നല്ല വാക്കുകള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഡൊറോത്തിയെ വിശുദ്ധയാക്കണമെന്ന് വാദിക്കുന്നവര്‍ക്ക് അത് പുതിയൊരു ഉത്‌പ്രേരകം കൂടിയായി.
എന്നാല്‍ ഡൊറോത്തി നിയമാനുസൃതമായി വിവാഹം കഴിക്കാതെ ഗര്‍ഭിണിയായെന്നും അബോര്‍ഷനു വിധേയയായെന്നും ഇത് സമൂഹത്തിന് തെറ്റായ മാതൃകയാണ് നല്‍കുന്നതെന്നും വിമര്‍ശകര്‍ വാദിക്കുന്നു.ഈ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അബോര്‍ഷനു ശേഷം ഡൊറോത്തിക്കുണ്ടായ മാനസാന്തരവും അതേത്തുടര്‍ന്ന് സമാനമായ അവസ്ഥയിലൂടെ കടന്നു പോയവര്‍ക്കായി അവള്‍ സ്ഥാപിച്ച സംഘടയുടെ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണെന്നുമുള്ള എതിരഭിപ്രായവും നിലനില്‍ക്കുന്നു.

ഫാ.തോമസ് ബെയില്‍സ്
മഹാദുരന്തത്തിന്റെ രാത്രിയില്‍ സഹയാത്രികര്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ചയാളാണ് ടൈറ്റാനിക് ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് ഫാ.തോമസ് ബെയില്‍സ്. ലൈഫ് ബോട്ടില്‍ കയറാനുള്ള അവസരം ലഭിച്ചിട്ടും അതിനു തയ്യാറാകാതെ സഹയാത്രികര്‍ക്കായി പ്രാര്‍ത്ഥിക്കുകയും അവരുടെ കുമ്പസാരം കേള്‍ക്കുകയും ചെയ്യുകയായിരുന്നു ഫാ.ബെയില്‍സ് എന്ന് പില്‍ക്കാലത്ത് ടൈറ്റാനിക് ദുരന്തത്തില്‍ നിന്നു രക്ഷപെട്ടവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ടൈറ്റാനിക് ദുരന്തത്തോടനുബന്ധിച്ച് നാടകീയമായ പല കഥകളും കെട്ടിച്ചമക്കപ്പെട്ടിട്ടുണ്ടെന്നും അത്തരത്തിലൊന്നാവാമിതെന്നും വിമര്‍ശകര്‍ വാദിക്കുന്നു.

ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടണ്‍ ഷീന്‍
മഹാനായ തത്വചിന്തകനും പ്രഭാഷകനും എഴുത്തുകാരനും മാധ്യമപണ്ഡിതനുമൊക്കയായിരുന്ന ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടണ്‍ ഷീനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നതിന് തടസ്സമായി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ശരീരഭാഗങ്ങള്‍ പരിശോധിക്കുന്നതു സംബന്ധിച്ച തര്‍ക്കങ്ങളാണ്. ഫുള്‍ട്ടന്‍ ഷീനിന്റെ ശരീരഭാഗങ്ങള്‍ ഇല്ലിനോയിസ് രൂപതയിലേക്കു കൊണ്ടു വരണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ന്യൂയോര്‍ക്ക് അതിരൂപത ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വത്തിക്കാനിലെ ആര്‍ക്കൈവ് വിഭാഗത്തില്‍ തന്നെ അദ്ദേഹത്തിന്റെ ശരീരഭാഗങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജി .കെ ചെസ്റ്റേര്‍ട്ടണ്‍
ഇംഗ്ലീഷ് എഴുത്തുകാരനും തത്വചിന്തകനും മാധ്യമ പ്രവര്‍ത്തകനുമായിരുന്നജി .കെ
ചെസ്റ്റേര്‍ട്ടന്റെ ഏറ്റവും വലിയ ആരാധകരിലൊരാള്‍ ഫ്രാന്‍സിസ് പാപ്പ തന്നെയാണ്. അദ്ദേഹത്തിന്റെ പല രചനകളും കത്തോലിക്കാ സഭയുമായുള്ള അനുരഞ്ജന
നത്തിന് സഹായിച്ചിട്ടുണ്ടെന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ സെമിറ്റിക് വിരുദ്ധ വികാരമുള്ളയാളായിരുന്നു ചെസ്റ്റേര്‍ട്ടനെന്നും അടിയുറച്ച ഭക്തി അദ്ദേഹത്തിനില്ലായിരുന്നുവെന്നും വിമര്‍ശകര്‍ വാദിക്കുന്നു. എന്നാല്‍ ഫ്രാന്‍സിസ് പാപ്പയെപ്പോലെ തന്നെ ലോകവ്യാപകമായി ചെസ്റ്റേര്‍ട്ടന് നിരവധി ആരാധകരുമുണ്ട്.

ആന്റണി ഗൗദി
ബാര്‍സലോണയില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന സെഗ്രഡ ഫെമസിയ ബസലിക്കക്കു പിന്നിലെ കരവിരുത് ആന്റണി ഗൗദി എന്ന വാസ്തു ശില്‍പിയുടേതാണ്. ബസലിക്കയിലേക്കു പ്രവേശിക്കുമ്പോള്‍ തന്നെ ഒരു ദൈവീക സാന്നിദ്ധ്യം അനുഭവവേദ്യമാകുമെന്ന് നിരവധി വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആന്റണി ഗൗദിയുടെ സഹപ്രവര്‍ത്തകനായിരുന്ന ജോസ് മാനുവല്‍ അല്‍മുസാര 20 വര്‍ഷമായി അദ്ദേഹത്തെ വിശുദ്ധനാക്കണം എന്നുള്ള ആവശ്യവുമായി രംഗത്തുണ്ട്. ആന്റണി ഗൗദിയെ ഒരു വാസ്തു ശില്‍പി എന്നതിനപ്പുറം വിശുദ്ധ പദവിയിലേക്ക് പരിഗണിക്കേണ്ട ആവശ്യമില്ലെന്നും അതിനു തക്ക അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നുമുള്ള എതിരഭിപ്രായവും നിലവിലുണ്ട്.

 

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login