ഇവള്‍ അവന്തിക; മാതാപിതാക്കളുടെ ഘാതകരോട് ക്ഷമിച്ചവള്‍

ഇവള്‍ അവന്തിക; മാതാപിതാക്കളുടെ ഘാതകരോട് ക്ഷമിച്ചവള്‍

രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയുടെ ചെറുമകള്‍ അവന്തിക തന്റെ മാതാപിതാക്കളുടെ ഘാതകരോട് ക്ഷമിച്ച സംഭവം.

റുവയസുകാരിയായ അവന്തികയോട് വളര്‍ന്നു വലുതായിക്കഴിയുമ്പോള്‍ നിനക്ക് എന്തു ചെയ്യാനാണ് ആഗ്രഹമെന്ന് ആരെങ്കിലും ചോദിച്ചുവെന്നിരിക്കട്ടെ ഉടന്‍വരും മറുപടി ” എന്റെ അച്ഛനെയും അമ്മയെയും കൊന്നവരെ എനിക്ക് കൊല്ലണം.”

തന്നെ അനാഥയാക്കിയവരോടുള്ള പ്രതികാരമായിരുന്നു അവളെ  ജീവിക്കാന്‍ പ്രേരിപ്പിച്ചത് തന്നെ. പ്രായം വളരുന്നതിന് അനുസരിച്ച് അവളുടെ പ്രതികാരവും വളര്‍ന്നു. കോണ്‍ഗ്രസ് ലീഡറും എംപിയുമായിരുന്ന ലളിത് മേക്കനും ഗീതാഞ്ജലിയുമായിരുന്നു അവന്തികയുടെ മാതാപിതാക്കള്‍. മുന്‍രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ മകളായിരുന്നു ഗീതാഞ്ജലി.

അവന്തികയുടെ ആറാം പിറന്നാളിന് പത്തു ദിവസം മാത്രം അവശേഷിക്കവെയായിരുന്നു ദല്‍ഹി, കീര്‍ത്തിനഗറിലുള്ള വീട്ടില്‍വച്ച് അവളുടെ പിതാവിനെയും മാതാവിനെയും അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്.  മുപ്പത്തിയഞ്ച് വയസേ അവളുടെ അച്ഛനുണ്ടായിരുന്നുള്ളൂ. അച്ഛനോടാടായിരുന്നു അവള്‍ക്ക് ഏറെ അടുപ്പം.

തനിക്ക് നേരെ അക്രമി തോക്കൂ ചൂണ്ടിയപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ വീടിനകത്തേക്ക് പിന്തിരിഞ്ഞോടിയതായിരുന്നു മേക്കന്‍. ഭീകരമായ ആ കാഴ്ചകണ്ടപ്പോള്‍ ഭര്‍ത്താവിനെ രക്ഷിക്കാനായി മുമ്പിലേക്ക് കയറി നിന്നതാണ് ഗീതാഞ്ജലി. അക്രമി അവരെയും വെറുതെ വിട്ടില്ല. ലളിത് മേക്കന്‍ സംഭവസ്ഥലത്തുവച്ചും ഗീതാഞ്ജലി ഓപ്പറേഷന്‍ തീയറ്ററില്‍ വച്ചും മരിച്ചു.

അന്നേ ദിവസം സ്‌കൂളില്‍ നിന്ന് തന്നെ നേരത്തെ കൂട്ടാനായി വീട്ടില്‍ നിന്ന് ആളുവന്നപ്പോഴേ എന്തോ അത്യാഹിതം നടന്നിരിക്കുന്നു എന്ന് അവന്തികക്ക് മനസ്സിലായിരുന്നു. രാവിലെ എന്തിനോ വഴക്കുപറഞ്ഞാണ്  അമ്മ മകളെ സ്‌കൂളിലേക്ക് അയച്ചിരുന്നത്. നിന്നെ കൂട്ടാന്‍ വരില്ല എന്നും അമ്മ പറഞ്ഞിരുന്നു. പക്ഷേ അച്ഛന്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞിരുന്നു, വരാം എന്ന്.

ശങ്കര്‍ദയാല്‍ ശര്‍മ്മ അന്ന് ആന്ധ്രപ്രദേശ് ഗവര്‍ണ്ണറാണ്. ഗീതാഞ്ജലിയുടെയും മേകന്റെയും മാതാപിതാക്കള്‍ അവന്തിയെ തങ്ങള്‍ക്ക് വേണമെന്ന് വാശിപിടിച്ചു.അവസാനം കോടതിയില്‍ കേസ് എത്തി.അപ്പോഴേയ്ക്കും രണ്ടുകൂട്ടരും കൂടി തീരുമാനിച്ചു അവന്തികയ്ക്ക് ഹോസ്റ്റലായിരിക്കും നല്ലതെന്ന്. അവന്തികയ്ക്ക് കൂടപ്പിറപ്പുകള്‍ ആരും ഉണ്ടായിരുന്നുമില്ല.

തുടര്‍ന്ന് ജയ്പ്പൂരിലെ മഹാറാണി ഗായത്രി ദേവി ഹോസ്റ്റലിലേക്ക് അവന്തികയുടെ ജീവിതം മാറി. ജീവിതത്തില്‍ ആകെ ഒറ്റപ്പെട്ടുപോയ നാളുകള്‍. തനിക്കൊരു കൂട്ടുവേണമെന്ന തോന്നലാണ് പതിനെട്ടാം വയസില്‍ അവന്തികയെ വിവാഹിതയാക്കിയത്. പക്ഷേ അത് അധികം നാള്‍ നീണ്ടുനിന്നില്ല.

മൂന്നുപേരാണ് അവന്തികയെ അനാഥരാക്കിയത്. അതായത് അവളുടെ മാതാപിതാക്കളെ കൊന്നത്. രഞ്ജിത് ഗില്‍ അക്ക കുക്കി, ഹര്‍ജിന്ദര്‍ സിംങ് ജിന്‍ഡ, സുഖദേവ് സിംങ് സുഖാ.  പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിക്കുകാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ തിരിച്ചടിയായിരുന്നു ലളിതിന്റെയും ഗീതാഞ്ജലിയുടെയും കൊലപാതകം. ഇതില്‍ സുഖയെ 1986 ലും ജിന്‍ഡായെ 1987 ലും അറസ്റ്റ് ചെയ്തു. രണ്ടുപേരെയും 1992ല്‍ ഓപ്പറേഷന്‍ ബ്ലുസ്റ്റാറിന്റെ മുഖ്യശില്പിയായ അരുണ്‍ വൈദ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റി.

കുക്കി യുഎസിലേക്കാണ് രക്ഷപ്പെട്ടത്. ഇന്റര്‍പോള്‍ സഹായത്തോടെ കുക്കിയെ 1987 ല്‍ അറസ്റ്റ് ചെയ്തു.  2000 ഫെബ്രുവരിയില്‍ ഇന്ത്യയ്ക്ക് കൈമാറിയ കുക്കിയെ 2003 ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അതേ വര്‍ഷം തന്നെ കുക്കിയുടെ ശിക്ഷ ഇളവുചെയ്തുകിട്ടുന്നതിനായുള്ള പെറ്റീഷന്‍ ഫയല്‍ ചെയ്തു. അവന്തികയുടെ മാതാപിതാക്കളുടെ മരണത്തിന് കാരണമായ വെടിയുണ്ട ഉതിര്‍ത്തത്  കുക്കിയുടെ തോക്കില്‍ നിന്നല്ല എന്ന വാദത്തിന്മേലായിരുന്നു അത്.

ആ ഫയല്‍ സ്വീകരിക്കുകയും കുക്കിക്ക് ശിക്ഷ ഇളവ് ചെയ്തു കിട്ടുകയും വേണമെങ്കില്‍ അവന്തിക കൂടി അനുകൂലമായ തീരുമാനമെടുക്കണമായിരുന്നു. അവളുടെ സമ്മതം കൂടി അതിന് ആവശ്യമായിരുന്നു. പ്രതികാരത്തിന്റെയും പകയുടെയും അഗ്നിപര്‍വ്വതങ്ങള്‍ പുകഞ്ഞുകൊണ്ടിരുന്ന അവന്തിക കുക്കിക്ക് അനുകുലമായ ഒരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ല. പക്ഷേ ആരും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്.

2008 ല്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ കണ്ട് കുക്കിയെ വിട്ടയ്ക്കാന്‍ തനിക്ക് സമ്മതമാണെന്ന് അറിയിച്ച അവന്തിക അവിടെ നിന്ന് നേരെ പോയത് കുക്കിയുടെ വീട്ടിലേക്കാണ്. അവിടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് പിതാവിനൊപ്പം ഭക്ഷണം കഴിച്ചാണ് അവള്‍ മടങ്ങിയത്.

അവന്തികയും കുക്കിയും തമ്മില്‍ കണ്ടുമുട്ടിയത് 2004 മെയ് മാസത്തിലായിരുന്നു.  അരിശം അവന്തികയുടെ മനസ്സില്‍ നിന്ന് കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല. എങ്കിലും പത്രപ്രവര്‍ത്തകയായ സുഹൃത്തു വഴിയുള്ള ആ കണ്ടുമുട്ടല്‍ വേണ്ടെന്ന് വയ്ക്കാന്‍ അവന്തിക തയ്യാറായില്ല..അന്നത്തെ ആ ദുരന്തത്തെക്കുറിച്ചുള്ള കുക്കിയുടെ ഭാഷ്യമായിരുന്നു അവള്‍ക്ക് കേള്‍ക്കേണ്ടിയിരുന്നത്

അവന്തികയ്ക്ക് ചില സംശയങ്ങളുണ്ടായിരുന്നു. എന്തുകൊണ്ട് എന്റെ അച്ഛന്‍..എന്തുകൊണ്ട് എന്റെ അമ്മ? രാഷ്ട്രീയമായ പകപോക്കലായിരുന്നു മേക്കനെ കൊല്ലാന്‍ കാരണമായതെന്ന് കുക്കി അറിയിച്ചു. പക്ഷേ അമ്മ ഒരിക്കലും ലക്ഷ്യമായിരുന്നില്ല..

കുക്കിയെക്കുറിച്ചുള്ള ധാരണകള്‍ മാറിമറിയുന്നത് അവന്തിക അറിഞ്ഞു. പഞ്ചാബ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗോള്‍ഡ് മെഡലിസ്റ്റാണ് കുക്കി. മൃദുഭാഷി. കുക്കിയെ കണ്ടപ്പോള്‍ അയാളുടെ മാതാപിതാക്കളുടെ വിലാപം അവന്തികയുടെ കണ്ണ് നനയിച്ചു. തന്റെ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയുമാണ് അവള്‍ അപ്പോള്‍ ഓര്‍മ്മിച്ചത്. മക്കളെ നഷ്ടപ്പെട്ട വേദന അവര്‍ക്ക് എത്രയോ അധികമായിരിക്കും! അവരനുഭവിച്ച വേദന ഇനി ലോകത്തില്‍ മറ്റൊരു മാതാപിതാക്കളും അനുഭവിക്കരുത്.കുക്കിക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ അവന്തികയെ പ്രേരിപ്പിച്ചത് അതായിരുന്നു.

“അനീതിയെ നേരിടാനുള്ള എളുപ്പവഴിയല്ല അക്രമം എന്ന് ഇന്ന് ഞാനറിയുന്നു.” ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പം ജീവിക്കുന്ന കുക്കി പറയുന്നു. ” എന്റെ നഷ്ടം ഒരാള്‍ക്കും തിരികെയെടുക്കാനാവില്ല. കുക്കി സഹിച്ചത് മതിയെന്ന് എനിക്ക് തോന്നുന്നു. നമ്മുടെ ജയിലറകള്‍ മരണത്തെക്കാള്‍ ഭീകരവും മോശവുമാണ്. എല്ലാ ദിവസവും കുറെശ്ലേ കുറെശ്ശേ കുക്കി മരിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. “

കുക്കിയോടുള്ള പക കെട്ടടങ്ങിയ മനസ്സുമായി ശാന്തതയോടെയാണ് ഇപ്പോള്‍ അവന്തിക ജീവിക്കുന്നത്. ആദ്യവിവാഹം പരാജയപ്പെട്ടുവെങ്കിലും ഇപ്പോള്‍ മൂന്നുമക്കളുടെ അമ്മയും ഭാര്യയുമാണ് അവന്തിക.

“ക്ഷമിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷം എന്തെന്ന് മനസ്സിലാക്കി. ഞാന്‍ ഇപ്പോള്‍ സന്തുഷ്ടയാണ്.”  അവന്തിക പറയുന്നു.

 

ബിജു

You must be logged in to post a comment Login