ഈശോയേ, നിനക്കായ്….

ഈശോയേ, നിനക്കായ്….

ഞാന്‍ ഏറ്റവുമധികം സ്‌നേഹിക്കുന്ന എന്റെ ഈശോയ്ക്ക്, എന്റെ വലന്റൈന്‍ ദിനാശംസകള്‍. ഈ പഠനത്തിന്റെ തിരക്കിലും നിന്നെ ഓര്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തില്‍ ഇല്ല. അങ്ങയെ കാണുവാനായി എന്റെ ഹൃദയം വെമ്പല്‍ കൊള്ളുന്നു. വിശുദ്ധ കുര്‍ബാനയില്‍ അപ്പത്തിന്റെ രൂപത്തില്‍ നീ എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളവരുമ്പോള്‍ എനിക്ക് നിന്നോടുള്ള സ്‌നേഹം ഏറിവരികയാണ്. ഓരോ ദിവസവും ആരുമറിയാതെ വിശുദ്ധ കുര്‍ബാനയിലൂടെ നീയെന്നോട് സംസാരിക്കുമ്പോള്‍ എനിക്ക് ഒത്തിരി ആശ്വാസം ലഭിക്കാറുണ്ട്.

ഓരോ ദിവസവും നിന്നോടുള്ള സ്‌നേഹത്തെ പ്രതി എനിക്ക് ഒട്ടേറെ വെല്ലുവിളികളെ നേരിടേണ്ടിവരാറുണ്ട്. പക്ഷേ, എനിക്ക് നിന്നോടുള്ള സ്‌നേഹം അചഞ്ചലമാണ്. ഇപ്പോള്‍ ഞാനനുഭവിക്കുന്ന എല്ലാ വേദനകളും കഷ്ടപ്പാടുകളും നിന്റെ പദ്ധതി പ്രകാരമാണെന്ന് എനിക്കറിയാം. നമ്മുടെ സ്‌നേഹത്തെപ്രതി ഞാനത് സ്വീകരിക്കുന്നു.

എനിക്കു സമ്മാനമായി ലഭിച്ച വിശുദ്ധ ഗ്രന്ഥത്തിലൂടെ എപ്പോഴും നിന്റെ സാന്നിദ്ധ്യം ഞാനനുഭവിക്കാറുണ്ട്. നീ എന്നെ എത്ര മാത്രം സ്‌നേഹിക്കുന്നു? നിന്നെക്കാണുവാന്‍ വേണ്ടി മാത്രമാണ്, നിന്നെ കാണുമ്പോഴുള്ള ഹൃദയാനന്ദം അനുഭവിക്കാന്‍ വേണ്ടി മാത്രമാണ് എല്ലാ ദിവസവും ഞാന്‍ ദേവാലയത്തില്‍ വരുന്നത്.

പലപ്പോഴും ഈ ലോകത്തിന്റെ നൈമിഷിക സുഖങ്ങളെ തേടിപ്പോകാനുള്ള സാഹചര്യങ്ങളില്‍ നിന്ന് എന്നെ കാത്തു പരിപാലിക്കണമേ. നീ എനിക്കെന്നും തുണയായിരിക്കണമേ. സ്വര്‍ഗ്ഗത്തില്‍ നീയുമൊന്നിച്ചുള്ള ജീവിതം സ്വപ്‌നം കണ്ടാണ് ഞാന്‍ ജീവിക്കുന്നത്. അതിനായി യൗസേപ്പ് പിതാവിനോടും മാതാവിനോടും ഞാന്‍ മാദ്ധ്യസ്ഥം തേടാറുണ്ട്.

നിനക്ക് ഒരായിരം സ്‌നേഹചുംബനങ്ങള്‍…

നിന്റെ സ്വന്തം,

സോനൂട്ടി.

 

You must be logged in to post a comment Login