ഈശോ എന്നെ സ്പര്‍ശിച്ചു!

ഈശോ എന്നെ സ്പര്‍ശിച്ചു!

touch‘ഒന്നിനെ കുറിച്ചും ആകുലരാകേണ്ട. എല്ലാ സന്ദര്‍ഭത്തിലും പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ പ്രകാശനത്തിലൂടെയും നിങ്ങളുടെ ആവശ്യങ്ങള്‍ ദൈവ സന്നിധിയിലേക്കുയര്‍ത്തുക. അപ്പോള്‍ എല്ലാ ധാരണകളെയും അതിശയിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും യേശു ക്രിസ്തുവില്‍ കാത്തു കൊള്ളും’.(ഫിലി. 4: 6-7).

എന്റെ ദൈവാനുഭവമാണ് ഞാനിവിടെ പങ്കു വയ്ക്കാന്‍ പോകുന്നത്. കുറച്ചു നാളുകളായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ വളരെയേറെ പരിശ്രമിക്കുന്നു. പല സന്ദര്‍ഭങ്ങളിലും അത്ഭുതകരമായ ദൈവാനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. യേശുവിനോട് അടുത്തുനില്‍ക്കാന്‍ ഞാന്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്നു. എപ്പോഴും അവിടത്തെ സ്തുതിച്ച്, അവിടുത്തെ വചനങ്ങള്‍ ഉരുവിട്ട്, കണ്‍വെന്‍ഷനുകളിലും വാര്‍ഷിക ധ്യാനങ്ങളിലും പങ്കെടുത്ത്… ഓരോ ദിവസം എനിക്ക് വ്യത്യസ്ഥമായ അനുഭവങ്ങളായിരുന്നു. ആദ്യം കരുതി, അതെന്റെ തോന്നലായിരിക്കുമെന്ന്. പക്ഷേ, അത് അങ്ങനെയല്ലായിരുന്നു. വ്യത്യസ്ഥമായിരുന്നു ഓരോ അനുഭവവും. ചിലപ്പോള്‍ കുളിരുള്ള കാറ്റ് പോലെ, മറ്റു ചില നേരങ്ങളില്‍ സ്‌നേഹസ്പര്‍ശം പോലെ, വേറെ സന്ദര്‍ഭങ്ങളില്‍ ശൈത്യകാലത്ത് അനുഭവപ്പെടുന്നതു പോലെ ശരീരം മുഴുവന്‍ ചൂട്. ചിലപ്പോള്‍ കണ്ണീരൊഴുകി. മുഖം വിയര്‍ത്തു, അനുതാപത്തിന്റെ വികാരങ്ങള്‍, ക്ഷമിക്കാനുള്ള കൃപ, ചിലനേരങ്ങളില്‍ ആരോ എന്നെ അനുഗമിക്കുന്നതു പോലെയും എനിക്ക് അനുഭവപ്പെട്ടു. അന്നേരമെല്ലാം അവര്‍ണനീയമായ ഒരു ദൈവിക സാന്നിധ്യം ഞാന്‍ അനുഭവിച്ചിരുന്നു. വേറെ ചിലപ്പോള്‍ സ്‌നേഹപൂര്‍വം ആരോ കാതില്‍ മന്ത്രിക്കുന്നതു പോലെ. സമാശ്വാസകരമായ സ്പര്‍ശം പോലെ. സാന്ത്വനം പോലെ…കുടുംബ പ്രാര്‍ത്ഥനയ്ക്കായി കൂടുമ്പോള്‍ ശക്തമായി അഭിഷേകത്തിന്റെ അനുഭവം, സ്തുതിപ്പിന്റെ നേരങ്ങളില്‍ വിസ്മയകരമായ ദൈവാനുഭവങ്ങള്‍. ഓ! എത്ര അത്ഭുതകരമായ അനുഭവങ്ങള്‍!

‘എന്റെ നാമത്തില്‍ നിങ്ങള്‍ എന്തും ചോദിച്ചു കൊള്ളുക. ഞാനത് ചെയ്തു തരും’ (യോഹ. 14:14.) ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഞാന്‍ സെല്ലുലൈറ്റിസ് ബാധിച്ച ഒരാളെ കണ്ടു മുട്ടി. രണ്ടു കാലുകളില്‍ അതികഠിനമായ വേദനയാല്‍ കഷ്ടപ്പെട്ടിരുന്ന അയാള്‍, ‘യേശുവേ, എന്നോട് കരുണ തോന്നണമേ’ എന്നു പറയുന്നത് ഞാന്‍ കേട്ടു. ദയനീയമായിരുന്നു, അത്. അന്നേരം ആ വേദന എനിക്കെന്റെ കാലുകളില്‍ അനുഭവപ്പെട്ടു. അതെന്താണ് എനിക്ക് മനസ്സിലായില്ല. വെറും തോന്നലാണെന്ന് ഞാന്‍ കരുതി. പക്ഷേ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ആ മനുഷ്യന്‍ എന്നെ അകത്തേക്കു വിളിച്ച് യേശുവിനെ അറിയുമോ എന്ന് ചോദിച്ചു. ‘തീര്‍ച്ചയായും’ ഞാന്‍ എന്റെ പൂര്‍ണ ഹൃദയത്തോടെ മറുപടി പറഞ്ഞു. യേശുവിന്റെ നാമത്തില്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാമോ എന്ന് ആ മനുഷ്യന്‍ ഉറക്കെ പറഞ്ഞു. എന്റെ ആദ്യത്തെ അനുഭവം. ഞാന്‍ മുറിയുടെ വാതില്‍ അടച്ചു. മുട്ടുകുത്തി നിന്ന് കരങ്ങള്‍ വിടര്‍ത്തി, എനിക്കു കഴിയാവുന്ന വിധത്തിലെല്ലാം ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആ മനുഷ്യന്‍ ഉറങ്ങിപ്പോയി. അടുത്ത ദിവസം പ്രഭാതത്തില്‍ അദ്ദേഹം ഉണര്‍ന്നപ്പോള്‍ എന്നോടു പറഞ്ഞു: ‘എന്റെ ജീവിതത്തില്‍ ഇത്ര പ്രശാന്തമായി ഞാന്‍ ഉറങ്ങിയിട്ടില്ല.’

സ്‌നേഹിതരേ, യേശു നമ്മോടൊത്തുണ്ടെങ്കില്‍ നമുക്ക് വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. തിരക്കു പിടിച്ച ജീവിതത്തില്‍ അവിടുത്തോടൊത്ത് ചിലവഴിക്കാന്‍ നമുക്ക് സമയം ഇല്ലാത്തതിനാലാണ് ആ ദിവ്യസ്പര്‍ശം നമുക്കു നഷ്ടപ്പെടുന്നത്. അവിടുത്തെ സാന്നിധ്യത്തെ വകവയ്ക്കാതെ, ആ സാന്നിധ്യമുണ്ടെങ്കില്‍ നമുക്ക് എല്ലാം ചെയ്യാന്‍ സാധിക്കും എന്നു മനസ്സിലാക്കാതെ നാം ജീവിക്കുകയാണ്. ആരോടെങ്കിലും നാം യേശുവിനെ കുറിച്ചു പറഞ്ഞാല്‍ അവര്‍ പറയും, ‘എനിക്കെല്ലാം അറിയാം’. അതിന്റെ അര്‍ത്ഥം തനിക്ക് എല്ലാം അറിയാമെന്നല്ലേ? എല്ലാം അറിയാവുന്ന ഒരുവന് ദൈവം ഇനി എന്തു കൊടുക്കാനാണ്? അതിനാല്‍ നമുക്ക് എളിമ പരിശീലിക്കാം. അവിടുത്തെ കൃപകള്‍ നമുക്ക് നല്‍കണമേയെന്ന് പ്രാര്‍ത്ഥിക്കാം. അത് മറ്റുള്ളവര്‍ക്കായി സൗജന്യമായി നല്‍കാം. ‘നിങ്ങള്‍ക്കു ദാനമായി ലഭിച്ചു. ദാനമായി തന്നെ നല്‍കുക.’ മത്താ. 10:18. നാം ക്രിസ്തുവില്‍ എപ്രകാരം ആയിരിക്കണമെന്ന് പിതാവ് ആഗ്രഹിക്കുന്ന ആ പരിപൂര്‍ണതയില്‍ എത്തിച്ചേരാന്‍ നമ്മില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവ് സഹായിക്കും.

ഇപ്പോള്‍ ഞാന്‍ മദ്യപാനത്തിനും പുകവലിക്കും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുകയാണ്. ജനം വിലയില്ലാത്തവയ്ക്കായി പാഴാക്കിക്കളയുന്ന ആരോഗ്യവും സമ്പത്തും ഒന്ന് ഓര്‍ത്തു നോക്കൂ. ഇത് സാത്താന്റെ തന്ത്രമാണ്. നമ്മുടെ ആരോഗ്യവും സമ്പത്തും ദൈവത്തോടുള്ള അടുപ്പവും തകര്‍ക്കുകയാണ് അവന്റെ ലക്ഷ്യം. നാം ഒരിക്കലും അവന്റെ കെണിയില്‍ വീഴരുത്. പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച് അവിടുത്തെ ദിവ്യസ്പര്‍ശത്തിനായി കാത്തിരിക്കുക. സ്വകാര്യതയില്‍ യേശുവിനോട് സംസാരിക്കുക. അവിടുന്ന് നമ്മോട് സംസാരിക്കും. അവിടുന്ന് സംസാരിച്ചു തുടങ്ങിയാല്‍, ആ ദിവ്യാനുവം നമുക്ക് അനുഭവപ്പെട്ടു തുടങ്ങിയാല്‍ അവിടുന്ന് വാഗ്ദാനം ചെയ്ത പോലെ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിയും. ‘സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ നിങ്ങളും ചെയ്യും. ഞാന്‍ പിതാവിന്റെ പക്കലേക്കു പോകുന്നതിനാല്‍ ഇവയെക്കാള്‍ വലിയവയും ചെയ്യും.’ അതിനാല്‍ ദൈവവചനം വായിച്ചു തുടങ്ങുക. യേശുവിന്റെ സ്വരത്തിന് കാതോര്‍ക്കുക. ഒരു പാടു കാര്യങ്ങള്‍ അവിടുത്തേക്കു പറയുവാനുണ്ട്. എന്തിനു സമയം കളയുന്നു. എത്രയും വേഗം അവിടുത്തോടൊപ്പം ചേരുക, ഇല്ലെങ്കില്‍ നഷ്ടം വലുതായിരിക്കും.

 

ജോളി നടുവട്ടം.

One Response to "ഈശോ എന്നെ സ്പര്‍ശിച്ചു!"

  1. Jolly Cyriac   May 16, 2015 at 12:48 am

    thank you for sharing the experience I like to be so close with Jesus

You must be logged in to post a comment Login